രാത്രിയുടെ മറവിൽ നന്തി വഗാഡ് ക്യാമ്പിൽ നിന്ന് തൊഴിലാളികളിൽ ചിലരുടെ മോഷണ ശ്രമം, തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാരെ ക്രൂരമായി മർദ്ധിച്ചു; ആശുപത്രിയിൽ അഭയം തേടിയവരെ ആക്രമിക്കാൻ ആയുധങ്ങളുമായി വീണ്ടും എത്തി


കൊയിലാണ്ടി: നന്തി ശ്രീശൈലം കുന്നിൽ പ്രവർത്തിക്കുന്ന വഗാഡ് ലേബർ ക്യാമ്പിൽ നിന്നുള്ള മോഷണ ശ്രമം തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാർക്ക് ക്രൂരമർദ്ധനം. പരുക്കുകളോടെ രണ്ടു പേർ ആശുപത്രിയിൽ. വഗാഡ് ക്യാമ്പിലെ സെക്യൂരിറ്റി ജീവനക്കാരായ നാരായണൻ, മോഹനൻ എന്നിവർക്കാണ് ഇന്നലെ മർദ്ധനമേറ്റത്.

ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. വാഗഡിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചു കടത്തുന്ന അന്യ സംസ്ഥാന തൊഴിലാളികളെ തടയാനെത്തിയതായിരുന്നു സെക്യൂരിറ്റി ജീവനക്കാർ. അഞ്ചിലധികം സെക്യൂരിറ്റി ജീവനക്കാരുണ്ടെങ്കിലും വിവിധ സ്ഥലങ്ങളിലായാണ് അവർ സ്ഥാനമുറപ്പിച്ചിരിക്കുന്നത്. സാധനങ്ങൾ കടത്തുന്നത് തടയാനെത്തിയതായിരുന്നു നാരായണൻ, പിന്നാലെ മോഹനനും എത്തി. എന്നാൽ മോഷണത്തിലേർപ്പെട്ട തൊഴിലാളികൾ ഇവരെ ക്രൂരമായി മർദ്ധിക്കുകയായിരുന്നു. ചളിയിലിട്ടു ചവിട്ടുകയും ഉപദ്രവിക്കുകയും ചെയ്തു. ഇരുവരും ഭാഗ്യം കൊണ്ട് മാത്രം രക്ഷപെട്ടതാണെന്ന് നാട്ടുകാർ പറയുന്നു.


ഇവിടെ നിന്ന് രക്ഷപെട്ടോടി ഇരുവരും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ അഭയം തേടുകയായിരുന്നു. പിന്നീട് ഇവർ വിവരമറിയിച്ചതോടെ നാട്ടുകാർ ആശുപത്രിയിലെത്തുകയായിരുന്നു. എന്നാൽ പുറകാലെ ഇവരെ ആക്രമിച്ച തൊഴിലാളികൾ കമ്പിയും മറ്റു മാരകായുധങ്ങളുമായി ഒരു വണ്ടിയിൽ ആശുപത്രിയിലേക്ക് എത്തി, എന്നാൽ നാട്ടുകാരെ കണ്ടതോടെ ഇവർ വാഹനമുപേക്ഷിച്ച് ഇറങ്ങി ഓടുകയായിരുന്നു എന്ന് പ്രദേശവാസി പറഞ്ഞു.

നാരായണന്റെ പരുക്ക് സാരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിവരമറിയിച്ചതോടെ കൊയിലാണ്ടി  പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി.