വടകരയിലെ സജീവന്റെ മരണം: വടകരയിൽ കൂട്ടനടപടി; സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലം മാറ്റി; നടപടി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം


വടകര: വടകര പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലം മാറ്റി. കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞു വീണ് മരിച്ച സംഭവത്തെ തുടര്‍ന്നാണ് നടപടി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസുകാരെ സ്ഥലം മാറ്റിയത്.

28 പൊലീസുകാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. പകരക്കാര്‍ അടക്കം 56 പേര്‍ക്ക് സ്ഥലം മാറ്റത്തിനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.

നേരത്തേ ഇതുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാരെ സസ്‌പെന്റ് ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ആണ് കസ്റ്റഡി മരണ കേസ് അന്വേഷിക്കുന്നത്.

കല്ലേരി സ്വദേശിയായ സജീവന്‍ എന്ന യുവാവിനെയാണ് വ്യാഴാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തത്. സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി ഇടിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവിലാണ് കസ്റ്റഡിയിലെടുത്തത്.

സജീവന്റെ സുഹൃത്താണ് കാര്‍ ഓടിച്ചിരുന്നത് എങ്കിലും മദ്യപിച്ചു എന്ന് പറഞ്ഞ് സബ് ഇന്‍സ്‌പെക്ടര്‍ നിജേഷ് സജീവനെ കയ്യേറ്റം ചെയ്തുവെന്നാണ് സുഹൃത്തുക്കള്‍ ആരോപിക്കുന്നത്.

തുടര്‍ന്ന് സ്റ്റേഷന്‍ വളപ്പില്‍ സജീവന്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. സജീവന് പ്രാഥമിക ചികിത്സ നല്‍കുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ച ഉണ്ടായെന്നാണ് ഉത്തരമേഖലാ ഐ.ജിയുടെ കണ്ടെത്തല്‍.

നെഞ്ചുവേദന ഉള്ളതായി പലതവണ സജീവന്‍ പറഞ്ഞിട്ടും പൊലീസുകാര്‍ ഗൗനിച്ചില്ല. സഹായിക്കാന്‍ ശ്രമിച്ചവരെ പിന്തിരിപ്പിക്കുകയും ചെയ്തു. ഇതെല്ലാം ഗുരുതര വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.