ഭവന നിർമ്മാണത്തിന്‌ 5 കോടി, കാർഷിക മേഖലയ്ക്ക്‌ 1.95 കോടി; ജനക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി മൂടാടി ഗ്രാമപഞ്ചായത്ത് വാർഷിക ബഡ്ജറ്റ്‌


മൂടാടി: ഗ്രാമപഞ്ചായത്തിൽ 2025-26 വർഷത്തെ വാർഷിക ബഡ്ജറ്റ് ഭരണസമിതി ഐക്യകണ്ഠ്യേന അംഗീകരിച്ചു. കാർഷിക മേഖലയിൽ ഒരു കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം രൂപയുടെ പദ്ധതികളും സേവന രംഗത്ത് ഇരുപത്തേഴ് കോടി നാല്‍പ്പത്തിരണ്ട്‌ ലക്ഷം രൂപയുടെയും പശ്ചാതല മേഖലയിൽ 3.5 കോടിയുടെയും പദ്ധതികളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ലൈഫ് ഭവനങ്ങൾ പൂർത്തിയാക്കാനും ഗ്രാമപഞ്ചായത്ത് തരിശ് രഹിതമാക്കാനുമുള്ള പദ്ധതികൾ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. ഭവനനിർമാണത്തിന് 5 കോടി രൂപയും മാലിന്യ മുക്ത നവകേരളം പദ്ധതിക്ക് 1- 7 കോടി രൂപയും റോഡ് നിർമാണത്തിന് 3 കോടി രൂപയും തെരുവുവിളക്കുകള്‍ സ്ഥാപിക്കാൻ 10 ലക്ഷം രൂപയുമാണ് ബഡ്ജറ്റില്‍ വകയിരുത്തിയിരിക്കുന്നത്‌.

തൊഴിൽ നൈപുണ്യവികസനം എംപ്ലോയബിലിറ്റി സെന്റര്‍- വനിത വെൽനസ് സെന്റര്‍ എന്നിവ സ്ഥാപിക്കാൻ 50 ലക്ഷം രൂപ വീതം അനുവദിച്ചു. മത്സ്യമേഖലയുടെ പദ്ധതികൾക്കായി 40 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന ബഡ്സ് സ്‌കൂള്‍ ആരംഭിക്കാൻ 52 ലക്ഷം, ടൂറിസം ഡസ്റ്റിനേഷൻ, ഹീറ്റ് ആക്ഷൻ പ്ലാന്‍-നന്തി – മൂടാടി ടൗണുകളുടെ നവീകരണം എന്നീ പദ്ധതികളും ലഹരി വിമുക്ത പദ്ധതികൾക്കും വയോജനക്ഷേമത്തിന് ആവശ്യമായ പദ്ധതികളും ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. നന്തിയിൽ ഹാപ്പിനസ് പാര്‍ക്ക് സ്ഥാപിക്കാൻ 25 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ആകെ 491632092 രൂപ വരവും, 474091828 ചെലവും 17540 264 നീക്കിയിരിപ്പുമുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്.

പ്രസിഡണ്ട്‌ സി.കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട്‌ ഷീജ പട്ടേരി ബഡ്ജറ്റ് അവതരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷൻമാരായ എം.കെ മോഹനൻ, ടി.കെ ഭാസ്കരൻ, എം.പി അഖില, അംഗങ്ങളായ പപ്പൻ മൂടാടി, റഫീഖ് പുത്തലത്ത്, ലത, കെ.പി സുമതി, കെ.കരീം, പി.പി ഇൻഷിത, പി.സുമിത, രജുല ടി.എം, സുനിത സി.എം, ലതിക പുതുക്കുടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. സെക്രട്ടറി ജിജി സ്വാഗതവും അക്കൗണ്ടൻ്റ് ബീന നന്ദിയും പറഞ്ഞു.

Description: moodadi Gram Panchayat budget with emphasis on public welfare projects