തങ്കമല ക്വാറിയ്ക്ക് അരികില്‍ ജനവാസ മേഖലയില്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ വന്‍തോതില്‍ സ്‌ഫോടകവസ്തുശേഖരം


കീഴരിയൂര്‍: കീഴരിയൂര്‍ തങ്കമല ക്വാറിയ്ക്ക് സമീപം ജനവാസ മേഖലയില്‍ വന്‍തോതില്‍ സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തി. പതിനഞ്ചോളം കാര്‍ഡ് ബോര്‍ഡുകളിലായാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. അലക്ഷ്യമായി കൂട്ടിയിട്ട സ്‌ഫോടക വസ്തുക്കള്‍ ഇവിടെയെത്തിയ താലൂക്ക് ഓഫീസ് ജീവനക്കാരന്റെയും നാട്ടുകാരുടെയും ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തങ്കമല ക്വാറിയും ഇത് പ്രവര്‍ത്തിക്കുന്ന പരിസരവും ഷീറ്റിട്ട് മറിച്ച നിലയിലാണ്. ഇതിനുള്ളിലാണ് അലക്ഷ്യമായിട്ട നിലയില്‍ സ്‌ഫോടക വസ്തുക്കളുണ്ടായിരുന്നത്.

ക്വാറിയുടെ സമീപത്തുകൂടി ജലനിധിയുടെ പൈപ്പ് ലൈന്‍ കടന്നുപോകുന്നുണ്ട്. ഇവിടെ നിന്നും മണ്ണെടുത്ത് മാറ്റിയതിനാല്‍ പൈപ്പ് ലാന്‍ ഭൂമിയ്ക്ക് പുറത്തുകൂടിയാണ് കടന്നുപോകുന്നത്. ഇത് കാരണം ഇടയ്ക്കിടെ തകരാര്‍ സംഭവിക്കാറുണ്ട്. ഇതിനെതിരെ പ്രദേശവാസികള്‍ പരാതി നല്‍കിയത് പ്രകാരമാണ് താലൂക്ക് ഓഫീസ് ജീവനക്കാരന്‍ പരിശോധനയ്ക്കായി ഇവിടെയെത്തിയത്. ഈ സമയത്താണ് സ്‌ഫോടക വസ്തുക്കള്‍ ശ്രദ്ധയില്‍പ്പെട്ടത്.

സംഭവത്തെതുടര്‍ന്ന് കൊയിലാണ്ടി പൊലീസില്‍ വിവരം അറിയിച്ചിട്ടുണ്ട്. തഹസില്‍ദാര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

Summary: A large stockpile of explosives in a residential area next to Thangamala Quarry