കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട; പിടിച്ചെടുത്തത് പത്തരകിലോ കഞ്ചാവ്, രണ്ട് പേര്‍ പിടിയില്‍


കോഴിക്കോട്: വെള്ളിപറമ്പില്‍ വന്‍ കഞ്ചാവ് വേട്ട. അഞ്ചാം മൈലില്‍ വച്ച് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന പത്തര കിലോ കഞ്ചാവാണ് പിടികൂടിയത്. ഒഡീഷ സ്വദേശികളായ ഗോര്‍ഡിയ ഖനിപൂര്‍ രമേശ് ബാരിക്ക് (34), കൊര്‍ ദ ബാങ്കോയി ആകാശ് ബലിയാര്‍ സിംഗ് (35), എന്നിവരില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ.ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമും മെഡിക്കല്‍ കോളേജ് എസ്.ഐ അരുണ്‍.വി.ആറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ കോളേജ് പോലീസും ചേര്‍ന്നാണ് ലഹരി പിടികൂടിയത്.

മെഡിക്കല്‍ കോളേജ് വെള്ളിപറമ്പ് ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് യുവാക്കളെയും അതിഥി തൊഴിലാളികളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിവരത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഒഡീഷയില്‍ നിന്ന് വന്‍ തോതില്‍ കഞ്ചാവ് കൊണ്ടുവന്ന് ആവശ്യക്കാരെ കണ്ടെത്തി ചെറിയ പൊതികളിലാക്കി വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി. അതിഥി തൊഴിലാളികള്‍ ഏറെയുള്ള കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് ഭാഗങ്ങള്‍ ഇതിനുവേണ്ടി തിരഞ്ഞെടുക്കുകയായിരുന്നു.

പകല്‍ സമയങ്ങളില്‍ ജോലിക്ക് പോവുകയും പുലര്‍ച്ചയും രാത്രികാലങ്ങളിലും കഞ്ചാവ് വില്പന നടത്തിയും ആര്‍ക്കും സംശയം വരാത്ത വിധത്തില്‍ ആണ് ഇവര്‍ ഉമ്മളത്തൂര്‍ ഭാഗത്ത് താമസിച്ചിരുന്നത്. പിടികൂടിയ കഞ്ചാവിന് വിപണിയില്‍ നാല് ലക്ഷത്തോളം രൂപ വില വരും. ഡാന്‍സാഫ് ടീമിന്റെ ഈ മാസത്തെ അഞ്ചാമത്തെ വലിയ ലഹരിവേട്ടയാണ്.

ഡാന്‍സാഫ് എസ്.എ മനോജ് ഇടയേടത് എസ്.ഐ, അബ്ദുറഹ്‌മാന്‍.കെ, അഖിലേഷ്.കെ, അനീഷ് മൂസേന്‍വീട്, ലതീഷ്.എം.കെ, സരുണ്‍ കുമാര്‍.പി.കെ, ഷിനോജ് മംഗലശ്ശേരി, അഭിജിത്ത്.പി, മുഹമ്മദ് മഷ്ഹൂര്‍.കെ.എം, മെഡിക്കല്‍ കോളേജ് എസ്.ഐമാരായ സന്തോഷ്.സി, രാജേഷ്.പി, എസ്.സി.പി.ഒ വിനോദ്, സി.പി.ഒ ജിതിന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.