കൊയിലാണ്ടിയില്‍ ട്രയിന്‍ ഇറങ്ങിയതിന് പിന്നാലെ കഞ്ചാവുമായെത്തിയ ആറംഗ സംഘത്തെ പിടികൂടി പൊലീസ്; പിടിച്ചെടുത്തത് വില്‍പ്പനയ്ക്കായെത്തിച്ച 15കിലോ കഞ്ചാവ്
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കഞ്ചാവുമായെത്തിയത് ഒറീസയില്‍ നിന്നുള്ള ആറംഗ സംഘം. 15 കിലോ തൂക്കംവരുന്ന കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ബീംപൂര്‍ സ്വദേശിആമിക് നായിക് (32), ബദാകുമാരി സ്വദേശി കാലി ചരണ്‍ ലിംക (34), ബൊന്മാലിപൂര് സ്വദേശി പത്മ ലാബു സാവു (30), ജോദാമു സ്വദേശി ബിശ്വജിത്ത് ബഹ്റ (32), കോര്‍ധ സ്വദേശി മണി മല്ലിക് (51), ഭുവനേശ്വര്‍ സ്വദേശി റിന സാഇഅ (30) എന്നിവരാണ് പിടിയിലായത്.
ഇന്ന് ഉച്ചയ്ക്ക് 2.40ഓടെ കോഴിക്കോട് നിന്നും കൊയിലാണ്ടിയിലെത്തിയ ട്രെയിനിലാണ് സംഘം കഞ്ചാവ് കടത്തിയത്. റൂറല്‍ എസ്.പി.നിധിന് രാജിന് ലഭിച്ച രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് മുതല്‍ സംഘം പൊലീസ് നിരീക്ഷണത്തിലായിരുന്നു.
റൂറള്‍ എസ്.പി നിധിന് രാജ് ഐ.പി.എസ്, നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി പ്രകാശന് പടന്നയില്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് പരിശോധന നടന്നത്. ഡാന്‍സാഫ് സ്ക്വാഡ് അംഗങ്ങളായ എസ്.ഐ.മനോജ്, എ.എസ്.ഐ ബിനീഷ്, എ.എസ്.ഐ ഷാജി, എ.എസ്.ഐ സദാനന്ദന്, എസ്.സി.പി.ഒ മുനീര്‍, ഷാഫി, ശോഭിത്ത്, അഖിലേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
കൊയിലാണ്ടിയില്‍ ഇറങ്ങിയതിന് പിന്നാലെ ഇവരെ പിടികൂടുകയായിരുന്നു. കൊയിലാണ്ടി സി.ഐ.ശ്രീലാല്‍ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ തുടര്‍നടപടികളെടുത്തു. തഹസില്‍ദാര്‍ ജയശ്രീ സംഭവസ്ഥലത്തെത്തി ഇവരുടെ സാന്നിധ്യത്തില്‍ കഞ്ചാവ് അളന്നുതിട്ടപ്പെടുത്തുകയും പ്രതികളെ ദേഹപരിശോധന നടത്തുകയും ചെയ്തു. തുടര്‍ന്ന് മഹസര്‍ തയ്യാറാക്കിയശേഷം പ്രതികളെയും ലഹരിവസ്തുക്കളും കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കൊയിലാണ്ടി പൊലീസ് സി.ഐ. ശ്രീലാല്‍ ചന്ദ്രശേഖരന്, എസ്.ഐ.അബ്ദുറഹിമാന്, എസ്.ഐ.ഗിരീഷ് എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.
Summary: A six-member group came to Koilandi with ganja; 15 kg ganja was seized