വയനാട്ടില്‍ പനി ബാധിച്ച് മൂന്നു വയസുകാരന്‍ മരിച്ചു


കല്‍പ്പറ്റ: പനി ബാധിച്ച് മൂന്നു വയസുകാരന്‍ മരിച്ചു. വയനാട് ജില്ലയിലെ കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകന്‍ ലിഭിജിത്ത് ആണ് മരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുട്ടിക്ക് പനിയും വയറിളക്കവും ഉണ്ടായിരുന്നു. ഒരാഴ്ചയ്ക്കിടെ വയനാട് ജില്ലയില്‍ പനി ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണ് ലിഭിജിത്ത്.

ലിഭിജിത്തിന്റെ മരണത്തോടെ സംസ്ഥാനത്ത് ഇതുവരെ പനി ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 95 ആയി. കഴിഞ്ഞ ദിവസവും പതിനായിരങ്ങളാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ജൂണ്‍ മാസം ഇതുവരെ 261662 പേര്‍ക്ക് പനി ബാധിച്ചു എന്നാണ് ആരോഗ്യവകുപ്പ് പുറത്തു വിട്ട കണക്ക്. ഇവരില്‍ 1660 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി തളര്‍ത്തിയത് 142 പേരെയാണ്. ജലജന്യ രോഗങ്ങളും വയറിളക്ക രോഗങ്ങളും ബാധിച്ചത് 250050 പേരെയാണ്.

കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍, പനി മരണങ്ങളുടെ നിരക്ക് ഉയര്‍ന്ന അവസ്ഥയാണ്. ഡെങ്കിപ്പനി തീവ്രമാകുന്നതോടെ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക. കുട്ടികളിലും മറ്റ് രോഗങ്ങള്‍ ഉളളവരിലും രോഗബാധ കടുത്തേക്കുമെന്ന മുന്നറയിപ്പുമുണ്ട്. തുടക്കം മുതല്‍ കൃത്യമായ ചികില്‍സ നല്‍കിയില്ലെങ്കില്‍ ആന്തരികാവയവങ്ങളെ ബാധിച്ച് മരണം സംഭവിക്കാമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.