”അപകടകരമായ ഖനനം അവസാനിപ്പിച്ചില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി തടയും”; കീഴരിയൂര്‍ തങ്കമല ക്വാറിയ്‌ക്കെതിരെ പ്രക്ഷോഭവുമായി സി.പി.എം, ക്വാറിയിലേക്ക് ബഹുജനമാര്‍ച്ച്


കൊയിലാണ്ടി: കീഴരിയൂരിലെ തങ്കമല ക്വാറിയിലെ അപകടകരമായ ഖനനം നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭവുമായി സി.പി.എം. ഇതിന്റെ ഭാഗമായി സി.പി.എം കീഴരിയൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്വാറിയിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു.

മാര്‍ച്ച് കെ.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എന്‍വോയ്‌മെന്റല്‍ ക്ലിയറന്‍സ് കണ്ടിഷനുകള്‍ പാലിക്കാതെ നടത്തുന്ന അപകടകരമായ ഖനനം ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ക്വാറിയുടെ പ്രവര്‍ത്തനം ബഹുജനങ്ങളെ അണിനിരത്തി തടയുമെന്ന് മുഹമ്മദ് പറഞ്ഞു. ക്വാറിയിലെ സ്‌ഫോടനത്തിന്റെ ആഘാതം സമ്പന്ധിച്ച് നിയമാനുസൃതം നടത്തേണ്ടിയിരുന്ന പഠനം ഇത് വരെ നടത്തിയിട്ടില്ല. നിയമ വിരുദ്ധമായ് നടത്തി ഖനനത്തിന്റെ ഭാഗമായ് രൂപപ്പെട്ട ഗര്‍ത്തത്തില്‍ വെള്ളം കെട്ടിനിന്ന് ക്വാറി പ്രദേശത്തിന്റെ താഴ്‌വാരത്തിലുള്ള ജനങ്ങള്‍ ഉരുള്‍ പൊട്ടല്‍ ഭീഷണിയിലാണ്. പ്രദേശത്തെ ഭൂഗര്‍ഭജലത്തിന്റെ തോത് വളരെയേറെ താഴ്ന്നതിനാല്‍ പ്രദേശം രൂക്ഷമായ കുടിവെള്ളക്ഷാമത്തിലാണ.്

ക്വാറിയിലെ മലിന ജലം സംഭരിക്കാനുള്ള കുളമോ കനാല്‍സംവിധാനമോ ഒരുക്കാതെ മലിനജലം സമീപത്തെ കുറ്റ്യാടി ഇറിഗേഷന്‍ കനാലിലേക്ക് ഒഴുക്കി വിടുകയാണ്. എന്‍വോയ്‌മെന്റല്‍ ക്ലിയറന്‍സില്‍ നിര്‍ദ്ദേശച്ച നിബന്ധന നകള്‍ ആകെ ലംഘിച്ചുകൊണ്ട് തുടരുന്ന ഖനനം ഉടന്‍ നിര്‍ത്തണമെന്ന് മുഹമ്മദ് ആവശ്യപ്പെട്ടു.

പി.കെ.ബാബു പരിപാടിയില്‍ അധ്യക്ഷനായിരുന്നു. കെ.ടി രാഘവന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി.കെ ചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മ്മല, എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ചു സംസാരിച്ചു. എന്‍.വി.സുഭാഷ് നന്ദി പറഞ്ഞു.

നിരവധി വര്‍ഷങ്ങള്‍ ഖനനം നടത്തി പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കിക്കൊണ്ടിരിക്കുന്ന മേഖലയാണ് തങ്കമല ക്വാറി പ്രവര്‍ത്തിക്കുന്ന പ്രദേശം. ക്വാറിയുടെ പാരിസ്ഥിക അനുമതിയുടെ കാലാവധി 2019 ല്‍ അവസാനിച്ചതിനെ തുടര്‍ന്ന് ക്വാറിയുടെ പ്രവര്‍ത്തനം നിലയ്ക്കുകയും പ്രദേശത്തെ ജനങ്ങള്‍ ആശ്വസിക്കുകയും ചെയ്തതായിരുന്നു. കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി മൂന്നു വര്‍ഷക്കാലമായി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് ക്വാറി പ്രവര്‍ത്തനം നിലച്ചത്.

തങ്കമല ക്വാറി


എന്നാല്‍ 2022 ജൂലൈയില്‍ ക്വാറിയുടെ പ്രവര്‍ത്തനം വീണ്ടും ആരംഭിച്ചു. കേന്ദ്ര മോദി സര്‍ക്കാരിന് വേണ്ടപ്പെട്ടവരായ
അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള വഗാഡ് കണ്‍ട്രക്ഷന്‍ കമ്പനി ക്വാറി ലീസിന് എടുത്തതിനെ തുടര്‍ന്നാണ് മൂന്നു വര്‍ഷമായി ക്വാറി ഉടമക്ക് ലഭിക്കാതിരുന്ന പാരിസ്ഥിക അനുമതി പെട്ടെന്നു തന്നെ ലഭിച്ചത്.

2019 വരെ ജനവാസ മേഖലയിലേക്ക് ചരിഞ്ഞു നില്ക്കുന്ന പാറയുടെ ഭാഗത്തെ ഖനനം നടത്തിയിരുന്നില്ല.
പന്ത്രണ്ട് ഏക്രയോളം വരുന്ന ക്വാറിയില്‍ ഇപ്പോള്‍ ഖനനം നടത്തുന്നത് ജനവാസ മേഖലയിലേക്ക് ചരിഞ്ഞു നില്ക്കുന്ന പ്രദേശത്താണ്. അപകടകരമല്ലാതെ ഖനനം നടത്താന്‍ ക്വാറിയുടെമറ്റു ഭാഗങ്ങളില്‍ സൗകര്യമുണ്ടായിട്ടും ജനവാസ മേഖലക്ക് തൊട്ടു മുകളില്‍ ഖനനം നടത്തിയതിന്റെ ഭാഗമായി വലിയ ഗര്‍ത്തം രൂപപ്പെട്ടിരിക്കയാണ്. ശക്തമായ മഴ പെയ്യുന്നതോടെ ഈ ഗര്‍ത്തത്തില്‍ മഴ വെള്ളം കെട്ടി നില്‍ക്കുകയും ഖനനത്തിന്റെ ഭാഗമായി ദുര്‍ബലമായ ചരിഞ്ഞ പ്രദേശം പൊട്ടിപ്പോകുകയും ചെയ്യും.

ക്വാറിയില്‍ കെട്ടിക്കിടക്കുന്ന വെള്ളംഒഴുകി വീടുകളും പ്രദേശമൊന്നാകെയും നശിക്കുമെന്ന സ്ഥിതിയിലാണ്. ഉരുള്‍പൊട്ടല്‍ ഉണ്ടായാല്‍ നൂറിലധികം വീടുകളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് അപകടത്തില്‍പെടുക. വെടിമരുന്നുള്‍പ്പെടയുള്ള രാസവസ്തുക്കള്‍ കലര്‍ന്ന വെള്ളം ക്വാറിക്ക് സമീപത്തുള്ള കുറ്റ്യാടി ഇറിഗേഷന്‍ കനാലിലേക്കാണ് ഒഴുക്കിവിടുന്നത്. കനാല്‍ കടന്നുപോകുന്ന പ്രദേശത്തെ കിണറുകള്‍ മലിനമാകാന്‍ ഇത് കാരണമാകുന്നുണ്ട്.

ഇപ്പോള്‍ ഖനനം നടക്കുന്ന പ്രദേശത്തിന്റെ സമീപത്തെ വീടുകളിലേക്ക് സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കരിങ്കല്‍ ചീളുകള്‍ തെറിച്ചു വീഴുന്നതും പൊടി ശല്യവും നിത്യസംഭവമാണ്. നിലവില്‍ ക്വാറിയുടെ പ്രവര്‍ത്തനം പ്രദേശത്തെ ജനങ്ങളുടെ ജീവനു തന്നെ ഭീഷണി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സി.പി.എം പ്രക്ഷോഭവുമായി രംഗത്തുവന്നത്.