സിഗ്‌നല്‍ സംവിധാനത്തില്‍ പ്രശ്നം നേരിട്ടതിനെത്തുടര്‍ന്ന് പരിശോധന; തലശേരിയില്‍ റെയില്‍വെ സിഗ്‌നല്‍ കേബിള്‍ മുറിച്ചുമാറ്റാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍


തലശേരി: തലശേരി റെയില്‍വേ സ്റ്റേഷന് സമീപം റെയില്‍വേ സിഗ്നല്‍ കേബിള്‍ മുറിച്ചു നീക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ ആര്‍.പി.എഫിന്റെ പിടിയില്‍. തമിഴ്നാട് വില്ലുപുരം സ്വദേശി ചിന്ന പൊന്നുവും സേലം സ്വദേശിയും ചിന്ന പൊന്നുവിന്റെ സുഹൃത്തുമായ പെരുമെയുമാണ് പിടിയിലായത്. ആക്രി പെറുക്കി ജീവിക്കുന്ന ഇരുവരും കേബിള്‍ മുറിച്ചു വില്‍ക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നാണ് നിഗമനം.  ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

കേബിള്‍ മുറിച്ചതോടെ റെയില്‍വെ സിഗ്നല്‍ സംവിധാനത്തില്‍ പ്രശ്നങ്ങള്‍ നേരിടുകയായുരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കേബിള്‍ മുറിച്ച് നീക്കാനുള്ള ശ്രമം ശ്രദ്ധയില്‍പെടുന്നത്. തുടര്‍ന്ന് ആര്‍പിഎഫ് നടത്തിയ തെരച്ചിലില്‍ രണ്ട് പ്രതികളെയും പിടികൂടുകയായിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

കണ്ണൂരില്‍ എക്സിക്യുട്ടീവ് ട്രെയിനിന് തീവച്ച സംഭവത്തിന് പിന്നാലെയാണ് ഈ കേബിള്‍ മുറിക്കലും ഉണ്ടാകുന്നത്. പ്രതികള്‍ താത്കാലിക നേട്ടത്തിനായി ചെയ്തതാണെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. എന്നാല്‍ വളരെ ഗൗരവമേറിയ കുറ്റകൃത്യമാണിത്.

എക്സിക്യുട്ടീവ് ട്രെയിനിന് തീവച്ച കേസില്‍ പിടിയിലായ പ്രസൂണ്‍ ജിത് സിക്തര്‍ തലശ്ശേരി റയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ കയറിയാണ് കണ്ണൂരിലെത്തിയത്. ഈ കൃത്യം നടത്തുന്നതിന്റെ മൂന്ന് ദിവസം മുമ്പായിരുന്നു ആ സംഭവം.

summary: two people who tried to cut the railway signal cable were arrested