വെരിക്കോസ് വെയ്ൻ കാരണം വേദനയും ചൊറിച്ചിലും ദീർഘനേരം നിൽക്കാൻ ബുദ്ധിമുട്ടോ അനുഭവപ്പെടാറുണ്ടോ? ഫലപ്രദമായി തടയാൻ ചില വഴികൾ ഇതാ…


കാലിലെ ഞരമ്പുകൾ വീർത്തുതടിച്ചു പാമ്പുകളെപ്പോലെ കെട്ട് പിണഞ്ഞു കിടക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെയ്നുകൾ. ഇവ ചിലരിൽ വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമായേക്കാം. ചർമ്മത്തിന്റെ നിറം മാറ്റം, ചൊറിച്ചിൽ, ദീർഘനേരം നിൽക്കുന്നതുമൂലവും ഇരിക്കുന്നതുമൂലവും ഉണ്ടാകുന്ന വേദന എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.

ആർത്തവവിരാമത്തിലും ഗർഭകാലത്തും ഈ അവസ്ഥ സ്ത്രീകളെ കൂടുതലായി ബാധിക്കുന്നതായി കണ്ടുവരുന്നു. “ആർത്തവവിരാമപ്രായത്തിലുള്ള സ്ത്രീകൾ അവരുടെ സിരകളുടെ ആരോഗ്യം പ്രത്യേകമായി ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. വെരിക്കോസ് വെയ്നിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ഒരു ഡോക്ടറെ കാണുക. ചികിത്സിച്ചില്ലെങ്കിൽ ഈ അവസ്ഥ കാലക്രമേണ വഷളായേക്കാം,” ബാംഗ്ലൂരിലെ അപ്പോളോ സ്പെക്ട്ര ഹോസ്പിറ്റലിലെ ജനറലും ലാപ്രോസ്കോപ്പിക് സർജനുമായ ഡോ.നന്ദ രജനീഷ് പറഞ്ഞു.

എന്നാൽ വെരിക്കോസ് വെയ്ൻ നിയന്ത്രിക്കാൻ മുഴുവനായും മരുന്നുകളെ ആശ്രയിക്കേണ്ടതില്ല. ചില ആയുർവേദ പ്രതിവിധികളും ഇതിന് സഹായിക്കും. ആയുർവേദ വിദഗ്‌ധയായ ഡോ.രേഖ രാധാമണി ഇവ എന്തൊക്കെയാണെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.

* അധികനേരം നിൽക്കുകയോ ഇരിക്കുകയോ ചെയ്യരുത്. അഥവാ അങ്ങനെ ചെയ്യേണ്ടിവന്നാൽ ഇടയ്ക്ക് ഇടവേളകൾ എടുക്കുക

* ഇരിക്കുമ്പോൾ കാലുകൾ ഉയർത്തിവയ്ക്കാൻ ശ്രദ്ധിക്കുക. ഉറങ്ങുമ്പോൾ കട്ടിലിൽ കാലുകൾ വരുന്ന ഭാഗം മരകഷ്ണങ്ങൾ അല്ലെങ്കിൽ ഇഷ്ടികകൾ ഉപയോഗിച്ച് ഉയർത്താം. ഇത് സിരകളിലൂടെ ഹൃദയത്തിലേക്കുള്ള രക്തയോട്ടം എളുപ്പമാകും.

* ആന്റി-ഇൻഫ്ലമേറ്ററി ഓയിലുകൾ ഉപയോഗിച്ച് കാലുകൾ മസാജ് ചെയ്യാം. മസാജ് ചെയ്യുമ്പോൾ മുകളിലേക്ക് ചെയ്യുക.

* യോഗാസനങ്ങൾ ചെയ്യുക. പ്രത്യേകിച്ചും കാലുകൾ തലകീഴായി വരുന്ന ശീർശാസന, മെരുദണ്ഡാസന, സർവാംഗാസന, നൗകാസന തുടങ്ങിയവ.

* ദിവസവും മിതമായ രീതിയിൽ വ്യായാമം ചെയ്യുക. അമിതമായാൽ സ്ഥിതി കൂടുതൽ വഷളാകാൻ സാധ്യതയുണ്ട്.

“മേൽപ്പറഞ്ഞവ സഹായകമാകുന്നില്ലെങ്കിൽ, ആയുർവേദ മരുന്നുകളും ഭക്ഷണക്രമ- ദിനചര്യാവ്യത്യാസങ്ങളും ആവശ്യമായി വന്നേക്കാം. ശസ്‌ത്രക്രിയ മാത്രമാണ് ഇനിയൊരു പ്രതിവിധി എന്ന ഘട്ടം വരെ കാത്തിരിക്കാതിരിക്കാൻ ശ്രദ്ധിക്കുക,” ഡോ.രേഖ പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.