ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് അടക്കം നാല് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്


കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട് അടക്കം നാലു ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

വടക്ക് – പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമ ബംഗാള്‍ – ഒഡിഷ തീരത്തിനു സമീപം ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ന്യൂനമര്‍ദ്ദം ജാര്‍ഖണ്ഡിന് മുകളിലൂടെ നീങ്ങാന്‍ സാധ്യതയുണ്ട്. കച്ചിന് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നുതിനാല്‍ നാല് ദിവസം കൂടി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

കോഴിക്കോടിന് പുറമേ ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരള തീരത്ത് 21.09.2023ന് രാവിലെ 11.30 മുതല്‍ 22.09.2023ന് രാവിലെ 05.30 വരെ 0.4 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം.