ആഴ്ചച്ചന്തകളിലും കൃഷിവകുപ്പിന്റെ വിപണന കേന്ദ്രങ്ങളിലും നിറയും മൂടാടിയിലെ പച്ചക്കറികള്‍; പഞ്ചായത്തില്‍ കര്‍ഷകര്‍ക്കാര്‍ക്കായി ശില്പശാല


മൂടാടി: പഞ്ചായത്തില്‍ വാണിജ്യ അടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി ചെയ്യുന്ന ഗ്രൂപ്പുകള്‍ക്കും കര്‍ഷകര്‍ക്കും ശില്പശാല നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാര്‍ ശില്പശാല ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി 25 ഏക്കറില്‍ പച്ചക്കറി കൃഷി ചെയ്ത് ആഴ്ചച്ചന്തകളിലൂടെയും കൃഷി വകുപ്പിന്റെ മറ്റ് വിപണന സംവിധാനങ്ങള്‍ ഉപയോഗിച്ചും വില്പന നടത്തും. വിപണിയിലെ ആവശ്യമറിഞ്ഞ് ഇനങ്ങള്‍ തെരെഞ്ഞെടുത്ത് കൃഷി ചെയ്യാന്‍ കൃഷിഭവന്‍ നേതൃത്വം നല്‍കും.

പന്തല്‍ ഇനങ്ങള്‍ക്ക് ഹെക്ടറിന് 25000 രൂപയും പന്തല്‍ ആവശ്യമില്ലാത്ത ഇനങ്ങള്‍ക്ക് ഹെക്ടറിന് 20000 രൂപയും കൃഷി വകുപ്പ് നല്‍കും. ശില്പശാലയില്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും കാര്‍ഷിക വികസന സമിതി അംഗങ്ങളും കൃഷിക്കൂട്ടം കണ്‍വീനര്‍മാരും പങ്കെടുത്തു. കൃഷി ഓഫീസര്‍ കെ.വി.നൗഷാദ് ക്ലാസ്സ് എടുത്തു. കൃഷി അസിസ്റ്റന്റ് വിജില വിജയന്‍ നന്ദി പറഞ്ഞു.