ഓണ്‍ലൈന്‍ ലോകം സ്തംഭിച്ചു; ലോകമാകെ വാട്ട്‌സ്ആപ്പ് നിശ്ചലമായി


കൊയിലാണ്ടി: ലോകത്തെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് നിശ്ചലമായി. ലോകമാകെയുള്ള ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:30 ഓടെയാണ് പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ട് തുടങ്ങിയത്. വൈകാതെ വാട്ട്‌സ്ആപ്പ് പൂര്‍ണ്ണമായി നിശ്ചലമാവുകയായിരുന്നു.

സാമൂഹ്യമാധ്യമങ്ങളിലെ പ്രശ്‌നങ്ങള്‍ തത്സമയം കാണിക്കുന്ന ഡൗണ്‍ ഡിറ്റക്റ്ററിലും ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിലും നിരവധി പേരാണ് വാട്ട്‌സ്ആപ്പ് നിശ്ചലമായതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം പ്രശ്‌നത്തെ കുറിച്ച് വാട്ട്‌സ്ആപ്പോ മാതൃകമ്പനിയായ മെറ്റയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.


Latest Update: സൈബർ ലോകത്തിന് ആശ്വാസം; രണ്ട് മണിക്കൂറിന് ശേഷം വാട്ട്സ്ആപ്പ് പ്രവർത്തനം പുനരാരംഭിച്ചു – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ… 


ലോകമാകെ 240 കോടിയിലേറെ ഉപഭോക്താക്കളാണ് നിലവില്‍ വാട്ട്‌സ്ആപ്പിന് ഉള്ളത്. ഇന്ത്യയില്‍ മാത്രം 40 കോടിയോളം വാട്ട്‌സ്ആപ്പ് ഉപഭോക്താക്കള്‍ ഉണ്ട്.

വാട്ട്‌സ്ആപ്പ് നിശ്ചലമായതോടെ ഓണ്‍ലൈന്‍ ആശയവിനിമയത്തിനായി മറ്റ് ഉപാധികളില്ലാത്ത നിരവധി പേര്‍ എന്ത് ചെയ്യണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. പലരും ടെലിഗ്രാം ഉള്‍പ്പെടെയുള്ള മറ്റ് ചാറ്റിങ് ആപ്പുകളെ ആശ്രയിച്ചിട്ടുണ്ട്. #WhatsappDown എന്ന ഹാഷ് ടാഗ് ഇതിനകം ട്വിറ്ററിൽ ട്രെന്റിങ് ആയിട്ടുണ്ട്.

പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ വാട്ട്‌സ്ആപ്പ് ആരംഭിച്ചു കഴിഞ്ഞുവെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന റിപ്പോര്‍ട്ട്. അതേസമയം വാട്ട്സ്ആപ്പ് പ്രവർത്തനം നിലച്ചതോടെ അതിനെ കുറിച്ചുള്ള ട്രോളുകളും മറ്റ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.