കൊയിലാണ്ടിയില്‍ അപകടകരമായി ഓടിച്ചുപോയ വഗാഡിന്റെ ലോറി ട്രാന്‍സ്‌ഫോമറും പോസ്റ്റുകളും ഇടിച്ച് തകര്‍ത്തു; കെ.എസ്.ഇ.ബിയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം, രണ്ട് പേര്‍ക്ക് പരിക്ക്


കൊയിലാണ്ടി: അപകടകരമായി ഓടിച്ചുപോയ വാഗാഡിന്റെ ലോറി ഇടിച്ച് കൊയിലാണ്ടിയില്‍ ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ക്കുകയും റോഡിലൂടെ പോയവര്‍ക്ക് അപകടം സൃഷ്ടിക്കുകയും ചെയ്തു. അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്.

കൊയിലാണ്ടി മുത്താമ്പി റോഡിലെ അണ്ടര്‍പ്പാസിന് സമീപം രാത്രി 11.30 ഓടെയായിരുന്നു സംഭവം. ലോറിയുടെ പിന്‍ഭാഗം ഉയര്‍ത്തിവെച്ച് യാത്ര ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ജഡ്ജി ക്വാട്ടേഴ്‌സിന് സമീപത്തുവെച്ച് ഇത് ഇലക്ട്രിക് ലൈന്‍ ലോറിയില്‍ കുടുങ്ങുകയും ആറ് പോസ്റ്റുകളും ഒരു ട്രാന്‍സ്‌ഫോമറും തകരാന്‍ ഇടയാക്കുകയുമായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് കൊയിലാണ്ടി റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തുവെച്ച് ലോറി തടഞ്ഞത്.

ഡ്രൈവര്‍ മദ്യപിച്ചതായി നാട്ടുകാര്‍ പറഞ്ഞു. പിറകെ വന്ന വാഗാഡന്റെ മറ്റ് ലോറികളിലെ ഡ്രൈവര്‍മാരും മദ്യപിച്ച് വാഹനം ഓടിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

കെ.എസ്.ഇ.ബി അധികൃതരെ അറിയിച്ച് ലൈന്‍ ഓഫാക്കിയശേഷമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയും പൊലീസെത്തി രണ്ട് ലോറികളും ഇതിന്റെ ഡ്രൈവര്‍മാരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവര്‍ക്കെതിരെ കേസടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റ അരിക്കുളം മാവട്ട് സ്വദേശിയായ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. ഇയാളുടെ തലയ്ക്കും കൈകള്‍ക്കുമാണ് പരിക്കേറ്റത്.

കെ.എസ്.ഇ.ബിയ്ക്ക് ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ട്രാന്‍സ്‌ഫോമറിന് മാത്രം രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്ന് കൊയിലാണ്ടിയിലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.