അപ്പുറമെത്താൻ ചെളിക്കുളം കടക്കണം; കുരുടിമുക്കിലെ റോഡിലൂടെയുള്ള യാത്ര ദുഷ്കരമാക്കി വാഗാഡിന്റെ ടിപ്പർ ലോറികൾ; വലഞ്ഞ് യാത്രക്കാർ


കൊയിലാണ്ടി: ജനങ്ങളെ ബുദ്ധിമുട്ടിച്ച് വീണ്ടും വാഗാഡ്. കുരുടിമുക്കിലെ റോഡുകൾ ചെളിക്കുളമാക്കി ഇതുവഴിയുള്ള യാത്ര ദുസ്സഹമാക്കിയാണ് ഇത്തവണ വാഗാഡ് വിവാദത്തിൽ നിറഞ്ഞത്. ദിവസവും ആയിരക്കണക്കിന് യാത്രക്കാർ കടന്ന് പോകുന്ന റോഡാണ് മണ്ണുമായി ചീറിപ്പായുന്ന വാഗാഡിന്റെ ടിപ്പർ ലോറികൾ കാരണം ചെളിക്കുളമായത്.

കുരുടിമുക്ക് ടൗണിന് സമീപമുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിൽ നിന്ന് ഖനനം ചെയ്തെടുക്കുന്ന മണ്ണാണ് ദേശീയപാതാ നിർമ്മാണ പ്രവൃത്തിക്കായി ലോറികളിൽ വാഗാഡ് കൊണ്ടുപോകുന്നത്. വാഗാഡിന്റെ ഇരുപത്തിയഞ്ചോളം ടിപ്പർ ലോറികളാണ് മണ്ണുമായി തലങ്ങും വിലങ്ങും ഇതുവഴി പായുന്നത്.

മഴ കനത്തതോടെയാണ് പ്രശ്നം രൂക്ഷമായത്. മണ്ണുമായി ലോറികൾ പോകുന്നതിനാൽ റോഡ് നിറയെ ഇപ്പോൾ ചെളി നിറഞ്ഞിരിക്കുകയാണ്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങളും കാൽനടയാത്രക്കാരും ഇതുവഴി വളരെ കഷ്ടപ്പെട്ടാണ് യാത്ര ചെയ്യുന്നത്.

ഈ ഭാഗത്ത് കിലോമീറ്ററുകളോളം ദൂരം റോഡിൽ ചെളിയാണ്. മഴ പെയ്യുന്ന ഈ സമയത്ത് മണ്ണെടുക്കുന്നത് നിർത്തി വയ്ക്കണമെന്നും യാത്രക്കാരുടെ ദുരിതം അവസാനിപ്പിക്കണമെന്നുമാണ് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നത്.