വി.കെ.അബ്ദുറഹിമാന്‍ പയ്യോളി മുനിസിപ്പാലിറ്റി ചെയര്‍മാന്‍; വൈസ് ചെയര്‍പേഴ്‌സണെ വൈകുന്നേരത്തോടെ അറിയാം


പയ്യോളി: പയ്യോളി നഗരസഭയിലെ പുതിയ ചെയര്‍മാനായി വി.കെ.അബ്ദുറഹ്‌മാന്‍ തെരഞ്ഞെടുക്കപ്പെട്ടു. 36 അംഗങ്ങളുള്ള നഗരസഭയില്‍ യു.ഡി.എഫ് പ്രതിനിധിയായ വി.കെ.അബ്ദുറഹ്‌മാന് 21 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍.ഡി.എഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയ്ക്ക് 14 വോട്ടുകള്‍ നേടാനേ കഴിഞ്ഞു. ബി.ജെ.പി അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

മൂന്നാം ഡിവിഷനായ മൂരാട് സെന്‍ട്രലില്‍ നിന്നുള്ള ടി.അരവിന്ദാക്ഷന്‍ ആയിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. മുനിസിപ്പാലിറ്റിയിലെ 24ാം ഡിവിഷനായ പയ്യോളി വെസ്റ്റില്‍ നിന്നുള്ള കൗണ്‍സിലറാണ് വി.കെ.അബ്ദുറഹ്‌മാന്‍.

യു.ഡി.എഫിലെ ധാരണ പ്രകാരമാണ് പയ്യോളി മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ സ്ഥാനം രണ്ടാം ടേമില്‍ മുസ്ലിം ലീഗിന് നല്‍കിയത്. ധാരണയുടെ അടിസ്ഥാനത്തില്‍ നേരത്തെ ചെയര്‍മാന്‍ ആയിരുന്ന കോണ്‍ഗ്രസ് പ്രതിനിധി ഷഫീഖ് വടക്കയില്‍ ഈമാസം ആദ്യം രാജിവെച്ചിരുന്നു.

ഉച്ചയ്ക്ക് രണ്ടുമണിക്കാണ് വൈസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ്. 27ാം വാര്‍ഡായ ഗാന്ധി നഗറില്‍ നിന്നുള്ള കൗണ്‍സിലര്‍ പത്മശ്രീയാണ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് പ്രതിനിധിയാണ് പത്മശ്രീ. 14ാം ഡിവിഷനായ നെല്ലേരി മാണിക്കോത്ത് നോര്‍ത്ത് നിന്നുളള ഷൈമ പി.പി.യാണ് എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി.