”മെസ്സീ…. മാടാക്കരെന്ന്‌ അർജന്റീനയുടെ പുലിക്കുട്ടികള് ചോയ്യിച്ചിന്”; സന്നാഹ മത്സരത്തില്‍ മെസ്സിക്ക് തൊട്ടടുത്ത് നിന്ന് മാടാക്കരക്കാരന്‍, കൊയിലാണ്ടിക്കാരനാണോ വടകരക്കാരനാണോ എന്ന് സോഷ്യല്‍ മീഡിയ


കൊയിലാണ്ടി: കാൽപ്പന്തു കളിയുടെ ആവേശത്തിനിടയിലും ഉയർന്നു, ഒരു മാടാക്കരക്കാരന്റെ ശബ്ദം… ‘മെസ്സീ…. മാടാക്കരെന്ന്‌ അർജന്റീനയുടെ പുലിക്കുട്ടികള് ചോയ്യിച്ചിന്’. ബുധനാഴ്ച വൈകിട്ട് അബുദാബി മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ ലയണല്‍ മെസിയുടെ അര്‍ജന്റീനയും യുഎഇയുമായി നടന്ന സന്നാഹ മത്സരത്തിലാണ് കൗതുകകരമായ ഒരു സ്നേഹാന്വേഷണം നടന്നത്.

മത്സരങ്ങൾക്കിടയിൽ കാണികളുടെ ഇടയിൽ നിന്ന് മാടാക്കരയുടെ സ്നേഹം ആരാധകൻ അറിയിക്കുകയായിരുന്നു. എന്നാൽ ആരാധകനെ കാണാൻ കഴിയാത്തതിനാൽ അത് കൊയിലാണ്ടിയിലെ മാടാക്കരയാണോ വടകരയിലെ മാടാക്കരയാണോ എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം, ഇതാ അബുദാബിയിൽ …. ‘മെസ്സീ…. മാടാക്കരെന്ന്‌ അർജന്റീനയുടെ പുലിക്കുട്ടികള് ചോയ്യിച്ചിന്’. വാമോസ്… മെസ്സീ… ലവ് യു എന്നുറക്കെ പറഞ്ഞുകൊണ്ടുള്ള ആരാധകന്റെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയത്.
സന്നാഹ മത്സരത്തിൽ എന്തായാലും അർജന്റീനയുടെ ആരാധകർക്ക് ഗംഭീര ആഘോഷങ്ങൾക്ക് വഴിയൊരുക്കി കളിക്കാർ ഗോൾ അടിച്ചു കൂട്ടി. ലോകകപ്പിനു മുൻപുള്ള അവസാന സൗഹൃദ മത്സരത്തിൽ ആതിഥേയരായ യുഎഇയ്ക്കെതിരെ 5-0 വിജയത്തിന്റെ മധുരിതമായ പ്രതീക്ഷകൾക്ക് തുടക്കം കുറിച്ചാണ് ലയണൽ മെസ്സിയും സംഘവും ഖത്തറിലേക്ക് നീങ്ങിയത്. അർജന്റീനയ്ക്കു വേണ്ടി എയ്ഞ്ചൽ ഡി മരിയ ഇരട്ട ഗോളുകളും ഒരു അസിസ്റ്റുമായി തിളങ്ങി. ഒരു ഗോളും ഒരു അസിസ്റ്റുമായി ക്യാപ്റ്റൻ മെസ്സി പിന്തുണ നൽകി. അൽവാരസ്, കോറയ എന്നിവർ ഓരോ ഗോൾ വീതം നേടി.

മെസിയെയും സഹ കളിക്കാരെയും നേരില്‍ കാണാന്‍ മലയാളികളടങ്ങിയ ആരാധകര്‍ വന്‍തുക നല്‍കി ടിക്കറ്റ് എടുത്തു നേരത്തെ തന്നെ സ്റ്റേഡിയത്തിലെത്തിയിത്തിരുന്നു. ഈ മാസം 22ന് ലോക കപ്പില്‍ സൗദി അറേബ്യയെയാണ് അര്‍ജന്റീന നേരിടുക. 26ന് മെക്‌സിക്കോ, 30ന് പോളണ്ട് എന്നീ ടീമുകളുമായാണ് ഗ്രൂപ്പ് സിയില്‍ അര്‍ജന്റീന കളിക്കുക.

തിങ്കളാഴ്ച അബൂദാബിയിലെത്തിയ മെസി വൈകീട്ട് ടീമിനൊപ്പം പരിശീലനത്തിനെത്തിയത് മുതൽ ആരാധക വൃന്ദം പിന്നാലെ കൂടിയിരുന്നു. സ്റ്റേഡിയത്തിൽ പരിശീലനം നേടുന്ന മെസ്സിയെ കണ്ണിമ ചിമ്മാതെ അവർ നോക്കിയിരുന്നു, അതിനിടയിൽ ആരാധകരുടെ ഹൃദയമിടപ്പ് ഒരു നിമിഷം നിശ്ചലമാക്കി മെസ്സിയുടെ ഒരു കുസൃതി പരിശീലനത്തിനിടെ പരിക്കേറ്റതു പോലെ മെസി കാലു പിടിച്ചു നിന്നതോടെ ആരാധകരും ഒരു നിമിഷം ഭയന്നു. പിന്നീട് മെസി തന്നെ സഹതാരം റൊഡ്രിഗോ ഡി പോളുമൊത്ത് ഇതൊരു തമാശയാണെന്ന് കാണിച്ചതോടെയാണ് ആരാധകർക്കും സമാധാനമായത്.

ഉത്സവത്തിന് കൊടിയേറിയതു പോലെയുള്ള ആഹ്ലാദ തരംഗമാണ് ദോഹയിലെങ്ങും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ ഖത്തറിന്റെ വീഥികളിലെങ്ങും നിറഞ്ഞു തുടങ്ങി. കേളികേട്ട മഹാരഥന്മാരും എത്തിത്തുടങ്ങി. മികച്ച ആതിഥേയരാവാൻ ഖത്തറും പൂർണ്ണമായി ഒരുങ്ങിക്കഴിഞ്ഞു. ഫുട്ബാൾ വേൾഡ് കപ്പിന് ഞായറാഴ്ച തുടക്കമാവും. 29 ദിവസം നീളുന്ന ഏകദേശം ഒരുമാസത്തെ മാമാങ്കമാണ് ഒരുങ്ങുന്നത്. നവംബർ 20 ന് രാത്രി 9.30 നുള്ള ആദ്യമത്സരത്തിൽ ഖത്തറും ഇക്വഡോറും ഏറ്റുമുട്ടും.

ലോകത്തെ ഏറ്റവും മുൻപന്തിയിലുള്ള 32 ടീമുകൾ മാറ്റുരയ്ക്കുന്ന 64 മത്സരങ്ങളാണ് ഈ ലോകകപ്പിൽ ആകെയുണ്ടാകുക. ഡിസംബർ 18 നാകും ഫൈനൽ.. 440 മില്യൺ ഡോളർ അഥവാ 3585 കോടി ഇന്ത്യൻ രൂപയാണ് ആകെ സമ്മാനത്തുക. ലോകകപ്പ് ജേതാവാകുന്ന ടീമിന് ലഭിക്കുക 42 മില്യൺ ഡോളർ (342 കോടി രൂപ) ആണ്.

ലോകകപ്പ് അങ്കം ഇരുപത്തിനെ തുടങ്ങുകയുള്ളുവെങ്കിലും സാമൂഹ്യ സാധ്യമങ്ങളിലും തെരുവോരങ്ങളിലും ആരാധകരുടെ വാശിയേറിയ പോരാട്ടം തുടങ്ങിയിട്ട് നാളുകളേറെയായി… എല്ലാ കണ്ണുകളും ഖത്തറിലേക്ക് നീളുമ്പോൾ കാത്തിരിക്കാം കാൽപന്തുകളിയുടെ മാമാങ്കം ഒരുക്കിയിരിക്കുന്ന അത്ഭുതങ്ങൾക്കായി.

വീഡിയോ: