കൊയിലാണ്ടി ടൗണിൽ അക്രമാസക്തനായി മധ്യവയസ്‌കൻ; ഒരാൾക്ക് പരിക്കേറ്റു, വാഹനത്തിന്റെ ചില്ലെറിഞ്ഞു പൊട്ടിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി ടൗണിൽ അക്രമാസക്തമായി കല്ലെടുത്തെറിഞ്ഞ് മധ്യവയസ്‌കൻ. റെയിൽവേ സ്റ്റേഷന്റെ സമീപത്തെ പച്ചക്കറി കടയുടെ അടുത്തു നിന്ന് ഇയാൾ അക്രമാസക്തനാവുകയും കല്ലെടുത്തെറിയുകയുമായിരുന്നു എന്ന് നാട്ടുകാർ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി കൊണ്ടുപോയി.

ഇന്ന് രാവിലെ പത്തു മണിയോടെയാണ് സംഭവം. അക്രമത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഹൈവേ അതോറിറ്റിയുടെ വാഹനത്തിനു നേരെയും കല്ലേറുണ്ടായി. വാഹനത്തിന്റെ ചില്ലു പൊട്ടിയ നിലയിലാണ്. പരിക്കേറ്റയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അക്രമി തമിഴ്നാട് സ്വദേശിയാണെന്നാണ് സംശയം.

പിന്നീട് ഇയാൾ കൊയിലാണ്ടി അഗ്നിശമന സേന ഓഫീസിനു മുൻപിൽ എത്തുകയും അവിടെ ഇരിക്കുകയുമായിരുന്നു. തുടർന്ന് അഗ്നിശമന സേന അംഗങ്ങൾ വെള്ളം നൽകുകയും അയാൾ അൽപ്പം ശാന്തനാവുകയും ചെയ്തതായി സേന ഉദ്യോഗസ്ഥർ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് അവരെത്തി ഇയാളെ കൂട്ടി കൊണ്ട് പോവുകയായിരുന്നു.