ഇനി തിക്കണ്ട, തിരക്കണ്ട, ട്രെയിനിനായി ഓടേണ്ട, റിസർവ് ചെയ്യാത്ത ടിക്കറ്റുകൾക്കായി കൊയിലാണ്ടി സ്റ്റേഷനിൽ ഇനി ക്യൂവിൽ നിൽക്കേണ്ടതില്ല; ക്യുആർ കോഡ് ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിലൂടെ ടിക്കറ്റ് സ്വയം എടുക്കാം; വിശദ വിവരങ്ങൾ അറിയാം


കൊയിലാണ്ടി: വൈകിയെത്തി, ടിക്കറ്റ് എടുക്കാൻ നോക്കുമ്പോഴും ടിക്കറ്റ് കൗണ്ടറിൽ നീണ്ട നിരയാണോ? ഇനി പ്രശ്നമുണ്ടാവില്ല. ഇനി നീണ്ട നിര മൂലം ടിക്കറ്റ് എടുക്കാനാവാതെ ട്രെയിൻ മിസ് ആകില്ല. നിങ്ങൾക്ക് സഹായകമായി കൊയിലാണ്ടിയിലുമെത്തി ക്യുആർ കോഡ് ടിക്കറ്റ് ബുക്കിംഗ് സംവിധാനം. റിസർവ് ചെയ്യാത്ത റെയിൽവേ ടിക്കറ്റുകൾ സ്റ്റേഷനിൽ നിന്ന് ഇനി ക്യുആർ കോഡ് വഴി സ്കാൻ ചെയ്ത് വാങ്ങാം.

യുടിഎസ് മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് ഈ സിസ്റ്റം അവതരിപ്പിച്ചത്. ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിനു തൊട്ടു മുൻപ് ജനറൽ ടിക്കറ്റ് കൗണ്ടറിൽ വരി നിൽക്കാതെ സ്വന്തം മൊബൈൽ ഫോൺ വഴി ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യത്തിനാണ് റെയിൽവേ യുടിഎസ് ആപ് പുറത്തിറക്കിയത്.

പ്ലാറ്റ്ഫോം ടിക്കറ്റുകൾ വാങ്ങുവാനും സീസൺ ടിക്കറ്റുകൾ പുതുക്കുവാനുമൊക്കെ ഇനി ഈ സംവിധാനത്തിലൂടെ സാധിക്കും. എന്നിരുന്നാലും, ടിക്കറ്റുകൾ പങ്കിടാനോ അച്ചടിക്കാനോ പാടില്ല. പകരം, ടിക്കറ്റ് എക്സാമിനർമാർ ആപ്പിൽ ടിക്കറ്റുകൾ കണ്ടെത്തും.

എന്നാൽ ഈ സംവിധാനം നിലവിൽ വന്നിട്ടും ടിക്കറ്റ് കൗണ്ടറിനു മുന്നിൽ യാത്രക്കാരുടെ നീണ്ട നിരയാണിപ്പോഴും. ‘ഈ മാസം ആദ്യമാണ് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ക്യുആർ കോഡ് സംവിധാനം അവതരിപ്പിച്ചത്. ആളുകൾ ഇതിനെ പറ്റി അറിഞ്ഞു വരുന്നതേയുള്ളു, അതിനാൽത്തന്നെ ഇപ്പോൾ കുറച്ചു പേർ മാത്രമേ ഇതുപയോഗിക്കുന്നുള്ളു. എങ്കിലും സ്റ്റേഷനിൽ എത്തുന്നവരോട് ഇതിനെ പറ്റി പറഞ്ഞു കൊടുക്കാറുമുണ്ടെന്ന് ഉദ്യോഗസ്ഥർ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

ക്യുആർ കോഡ് വഴി എങ്ങനെ ടിക്കറ്റ് എടുക്കാം:

ബുക്കിംഗിനായി ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിന് മുമ്പ് യാത്രക്കാർ UTS ആപ്പ് ഇൻസ്റ്റാൾ ചെയ്യണം.

ടിക്കറ്റിനായി ആപ്പിലുള്ള ‘ക്യുആർ ബുക്കിങ്’ എന്ന ഓപ്ഷൻ ഉപയോഗിക്കണം.

യാത്ര ടിക്കറ്റാണോ പ്ലാറ്റുഫോം ടിക്കറ്റാണോ വേണ്ടതെന്ന് തെരഞ്ഞെടുക്കണം.

സ്റ്റേഷനിൽ പതിച്ചിട്ടുള്ള ക്യുആർ കോഡ്, ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്യുക.

ആപ്പിന്റെ ജിയോ ഫെൻസിങ് ഭേദിച്ച് യാത്രികന് ആ സ്റ്റേഷന്റെ പേര് കിട്ടും. തുടർന്ന് പഴയപോലെ ടിക്കറ്റ് എടുക്കാം.

ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കുന്നവർ പരിശോധന സമയത്തു് മൊബൈൽ ഫോണിൽ ടിക്കറ്റ് കാണിച്ചാൽ മതി. അതിന് നെറ്റ് കണക്ഷൻ ആവശ്യമില്ല. അതല്ല, പേപ്പർ ടിക്കറ്റ് തന്നെ വേണമെന്നുള്ളവർക്ക്, ടിക്കറ്റിന്റെ നമ്പർ നൽകി, സ്റ്റേഷനിലുള്ള ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനിൽ നിന്നും ടിക്കറ്റ് സൗജന്യമായി പ്രിന്റ് ചെയ്തെടുക്കാനും കഴിയും. യഥാർത്ഥ ടിക്കറ്റ് നിരക്ക് മാത്രം നൽകിയാൽ മതി, മറ്റ് അധിക നിരക്കുകളൊന്നും ഈടാക്കുന്നില്ല.

ഇത്രയും നാൾ ഈ മൊബൈൽ ആപ് വഴി റെയിൽവേ സ്റ്റേഷന്റെ 20 മീറ്റർ അകലെ നിന്നു മാത്രമേ ടിക്കറ്റ് എടുക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ ഈ സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം കുറവായ സാഹചര്യത്തിലാണ് സ്റ്റേഷനിൽ പ്ലാറ്റ്ഫോമിലോ, ടിക്കറ്റ് കൗണ്ടറിന് അടുത്തോ എത്തി ക്യുആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റെടുക്കുന്ന സംവിധാനം ഏർപ്പെടുത്തിയത്.

ഇതിനായി റെയിൽവേക്ക് പണം നൽകാൻ ഗൂഗിൾ പേ, ഫോൺ പേ പോലുള്ള യുപിഐ സംവിധാനവും ആപ്പിൽ ഉണ്ട്. ട്രെയിനിൽ ടിക്കറ്റ് ആവശ്യപ്പെടുമ്പോൾ ആപ്പ് വഴിയുള്ള ടിക്കറ്റിന്റെ ചിത്രവും തിരിച്ചറിയൽ രേഖയും കാണിക്കണം.

ക്യു ഒഴിവാക്കാനായി ഉപയോഗിക്കു ക്യുആർ കോഡ് ടിക്കറ്റ് ബുക്കിംഗ് സംവിധാനം, തിരക്ക് ഒഴിവാക്കു, സമയം ലാഭിക്കു.