വടകര കല്ലേരി സ്വദേശി സജീവന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍; സി.സി.ടി.വി അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളുടെ ഫലം വേഗത്തില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്


Advertisement

വടകര: വടകര കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. എസ്.ഐ നിജീഷ്, സി.പി.ഒ പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരെ നരഹത്യയ്ക്ക് നേരത്തെ കേസെടുത്തിരുന്നു. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

Advertisement

വാഹനാപകടവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വടകര പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിനു പിന്നാലെ ജൂലൈ 21ന് രാത്രിയാണ് കല്ലേരി സ്വദേശി സജീവന്‍ സ്റ്റേഷന്‍വളപ്പില്‍ കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് സജീവന്‍ മരിച്ചതെന്നും കസ്റ്റഡിയില്‍ മര്‍ദിച്ചിട്ടില്ലെന്നുമാണ് പൊലീസുകാരുടെ വാദം. എന്നാല്‍ ഇതില്‍ സ്ഥിരീകരണം ലഭിക്കണമെങ്കില്‍ സി.സി.ടി.വി പരിശോധിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ കേസില്‍ നിര്‍ണായകമായ, പരിശോധനക്ക് അയച്ച ഡിജിറ്റല്‍ തെളിവുകളുടെ ഫലം വേഗത്തില്‍ വേണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് റീജിയണല്‍ ഫോറെന്‍സിക് ലബോറട്ടറിക്ക് കത്തയച്ചു. സിസിടിവി ദൃശ്യങ്ങള്‍, വടകര പോലീസ് സ്റ്റേഷനിലെ ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന ഫലമാണ് ആവശ്യപ്പെട്ടത്. അന്വേഷണനടപടികള്‍ പൂര്‍ത്തിയാകണമെങ്കില്‍ പരിശോധന ഫലം വേഗത്തില്‍ ലഭിക്കണമെന്നാണ് ആവശ്യം.

Advertisement

മരണകാരണം ഹൃദയാഘാതമെന്നാണ് സജീവന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഹൃദയാഘാതത്തിലേക്ക് നയിച്ച കാരണങ്ങളാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തേടുന്നത്. സജീവന്റെ രണ്ട് കൈമുട്ടുകളിലെയും തോല്‍ ഉരഞ്ഞ് പോറലുണ്ടെന്നും മുതുകില്‍ ചുവന്ന പാടുണ്ടെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. ഇത് കസ്റ്റഡിയില്‍ സംഭവിച്ചതാണോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

സജീവന് പ്രാഥമിക ചികിത്സ നല്‍കുന്നതില്‍ ഗുരുതര വീഴ്ച പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്ന് ഉത്തരമേഖല ഐജി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ട കാര്യം പലതവണ പറഞ്ഞിട്ടും പൊലീസ് കാര്യമായി എടുത്തില്ല. സഹായിക്കാന്‍ ശ്രമിച്ചവരെ പിന്തിരിപ്പിച്ചു. ഇതെല്ലാം ഗുരുതര വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Advertisement

Summary:Two police officers have been arrested in connection with the custody death of Sajeev, a resident of Vadakara Kalleri