15000 മുട്ട, ഗുഡ്‌സ് ഓട്ടോ, ട്രേ…; വണ്ടിയോടെ മുട്ട മോഷ്ടിച്ച മുട്ടക്കള്ളന്മാര്‍ കോഴിക്കോട് പിടിയില്‍


കോഴിക്കോട്: തമിഴ്‌നാട്ടില്‍ നിന്നും ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ മൊത്ത കച്ചവടത്തിനായി കൊണ്ടുവന്ന മുട്ടകളും വണ്ടിയും മോഷ്ടിച്ച കേസില്‍ രണ്ട് പേര്‍ കോഴിക്കോട് പോലീസിന്റെ പിടിയിലായി. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി പീറ്റര്‍ സൈമണ്‍ എന്ന സനു (42), മങ്ങോട്ട് വയല്‍ സ്വദേശി കെ.വി. അര്‍ജ്ജുന്‍ (32) എന്നിവരെയാണ് നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

75,000 രൂപ വില വരുന്ന 15000 മുട്ടകളാണ് ഗുഡ്‌സ് ഓട്ടോയിലുണ്ടായിരുന്നത്. പുലര്‍ച്ചെ മാര്‍ക്കറ്റില്‍ എത്തിക്കേണ്ട കോഴിമുട്ടകളുമായി അര്‍ധരാത്രിയില്‍ കോഴിക്കോട് നഗരത്തില്‍ എത്തിയ ഡ്രൈവര്‍ വാഹനം റോഡരികില്‍ നിര്‍ത്തിയതിന് ശേഷം ദൂരെ മാറി വിശ്രമിക്കുകയായിരുന്നു.

ഈ സമയത്ത് പാസഞ്ചര്‍ ഓട്ടോയിലെത്തിയ സംഘമാണ് മോഷണം നടത്തിയത്. മോഷ്ടിച്ച മുട്ടകള്‍ കോഴിക്കോട് നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും മാളുകളിലുമായി വില്‍പ്പന നടത്തുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാതെ ആസൂത്രിതമായാണ് പ്രതികള്‍ മോഷണം നടത്തിയത് എന്നതിനാല്‍ പ്രതികളെ പിടികൂടുക പ്രയാസമായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.