തമിഴ് സാഹിത്യ അക്കാദമിയെന്ന കല്‍പ്പറ്റ നാരായണന്റെ നിര്‍ദേശം ഏറ്റെടുത്ത് തമിഴ്‌നാട് സര്‍ക്കാര്‍; സാഹിത്യോത്സവത്തില്‍ ഈ നിര്‍ദേശം പങ്കുവെക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് എഴുത്തുകാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു


ചെന്നൈ: തമിഴ് ഭാഷയ്ക്ക് ഒരു സാഹിത്യ അക്കാദമി സ്ഥാപിക്കണമെന്ന എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്റെ നിര്‍ദേശം ഏറ്റെടുത്ത് തമിഴ്‌നാട് സര്‍ക്കാര്‍. തിരുനെല്‍വേലിയില്‍ തമിഴ് സാഹിത്യോത്സവത്തില്‍ സംസാരിക്കവെ കല്‍പ്പറ്റ നാരായണന്‍ മുന്നോട്ടുവെച്ച ഈ നിര്‍ദേശം പരിഗണിക്കുമെന്ന് അതേ ചടങ്ങില്‍വെച്ച് തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അന്‍പില്‍ മഹേഷ് അറിയിക്കുകയായിരുന്നു.

അത്തരമൊരു നിര്‍ദേശം മുന്നോട്ടുവെക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് കല്‍പ്പറ്റ നാരായണന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു സംസാരിക്കുന്നു: ”തമിഴ്‌നാട്ടില്‍ ആദ്യമായിട്ടാണ് ഒരു സാഹിത്യോത്സവം നടത്തുന്നത്. ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഇതുവരെ സാഹിത്യോത്സവമൊന്നും നടന്നിട്ടില്ല. അവിടെ ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ ഒരു സാഹിത്യോത്സവം നടക്കുന്നു. അത് സ്വാഗതാര്‍ഹമായ തീരുമാനമാണെന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കെയാണ് ഞാന്‍ സാഹിത്യ അക്കാദമിയുടെ ആവശ്യകത ചൂണ്ടിക്കാട്ടിയത്.

ഇത്ര വലിയ ഭാഷ, ഒരര്‍ത്ഥത്തില്‍ മലയാളത്തിന്റെ പോലും മാതൃഭാഷയാണ് തമിഴ്. അങ്ങനെയുള്ള ഒരു ഭാഷ, ക്ലാസിക്കല്‍ ഭാഷ എന്ന അംഗീകാരം കിട്ടിയിട്ടുള്ള ഭാഷ, സംഘകാലകൃതികള്‍, കമ്പരുടെ കൃതികള്‍ ഇങ്ങനെയുള്ള ധാരാളം കൃതികള്‍ ആധുനിക കാലത്തും പഴയകാലത്തുമുണ്ടായിട്ടുള്ള ഒരു ഭാഷ, അത്തരമൊരു ഭാഷയ്ക്ക് സാഹിത്യ അക്കാദമിയില്ല അല്ലെങ്കില്‍ ഒരു സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിലല്ല ഈ ഫെസ്റ്റിവെല്‍ എന്നുള്ളത് എന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് ഞാന്‍ പറഞ്ഞു. അത്രയേ ഉണ്ടായിട്ടുള്ളൂ. അവര്‍ ആ അഭിപ്രായം ഉടനെ സ്വീകരിച്ചു. അതിനുള്ള നടപടികളും കാര്യങ്ങളുമൊക്കെ ചെയ്യാന്‍ തുടങ്ങി.”

കേരളീയര്‍ക്ക് അവരില്‍ നിന്ന് മാതൃകയാക്കാവുന്ന ഒരു അനുഭവം കൂടി അദ്ദേഹം പങ്കുവെച്ചു. ”ഞാനും വണ്ണദാസന്‍ എന്ന കവിയുമായിരുന്നു അവിടുത്തെ അതിഥികള്‍. രണ്ട് അതിഥികളെയും പ്രാധാന്യത്തോടുകൂടി അവര്‍ സ്വീകരിക്കുകയും ഞങ്ങളുടെ പ്രസംഗം അവര്‍ കേള്‍ക്കുകയും അതിനുശേഷം മാത്രമാണ് മന്ത്രിമാര്‍ പ്രസംഗിക്കുകയും ചെയ്തത്. കേരളത്തില്‍ ഇങ്ങനെയൊന്ന് സങ്കല്പിക്കാന്‍ കഴിയില്ല. ഇവിടുത്തെ പഞ്ചായത്ത് മെമ്പര്‍ വരെ പ്രസംഗിച്ചതിനുശേഷം മാത്രമേ വന്ന എഴുത്തുകാരന് ക്ഷണം വരൂ. എഴുത്തുകാരുടെ സ്ഥലമാണ് ഇത്, അവിടെ എഴുത്തുകാര്‍ക്ക് തന്നെയാണ് പ്രാധാന്യം കൊടുക്കേണ്ടത്.’ അദ്ദേഹം പറഞ്ഞു.