കരിപ്പൂരില്‍ വിമാനത്താവളം വഴി സ്വര്‍ണവും വിദേശ കറന്‍സിയും കടത്താന്‍ ശ്രമം; കോഴിക്കോട് സ്വദേശി ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍


കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വ്യത്യസ്ത കേസുകളിലായി നാലുപേര്‍ പിടിയില്‍. 1.2 കോടിയുടെ സ്വര്‍ണവും 12 ലക്ഷത്തിന്റെ വിദേശ കറന്‍സിയും കസ്റ്റംസ് പിടിച്ചെടുത്തു. കോഴിക്കോട് സ്വദേശി ഷബീറലി (38), കാസര്‍കോട് സ്വദേശികളായ അബ്ദുള്‍സലാം(33), അബ്ദുള്‍ഷരീഫ് (48), മലപ്പുറം വേങ്ങര സ്വദേശി വളപ്പില്‍ റഫീഖ് (33) എന്നിവരാണ് പിടിയിലായത്.

വിദേശത്തേക്ക് കടത്താനായി കൊണ്ടു വന്ന 12 ലക്ഷത്തിന്റെ കറന്‍സിയുമായാണ് ഷബീറലി പിടിയിലായത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കോഴിക്കോട്-ഷാര്‍ജ വിമാനത്തില്‍ യാത്രചെയ്യാനാണ് ഇയാള്‍ എത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുകയായിരുന്നു.

ഷാര്‍ജയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിലാണ് അബ്ദുള്‍സലാം ഇവിടെയെത്തിയത്. ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 374 ഗ്രാം സ്വര്‍ണസംയുക്തം ഇയാളില്‍നിന്ന് കണ്ടെടുത്തു.

ജിദ്ദയില്‍നിന്നാണ് അബ്ദുള്‍ ഷരീഫ് എത്തിയത്. 1059 ഗ്രാം സ്വര്‍ണസംയുക്തം ഇയാളില്‍നിന്ന് കണ്ടെടുത്തു. റിയാദില്‍നിന്നാണ് വളപ്പില്‍ റഫീഖ് എത്തിയത്. ഇയാളില്‍നിന്ന് 1069 ഗ്രാം സ്വര്‍ണ സംയുക്തം കണ്ടെടുത്തു. ആകെ 2502 ഗ്രാം സ്വര്‍ണ സംയുക്തം പിടികൂടി.

summary: four persons arrested for trying to smuggle gold and foreign currency through karipur airport