നടുവത്തൂര്‍ ശ്രീവാസുദേവാശ്രമം ഹയര്‍ സെക്കണ്ടറി സ്‌കൂളിന് പുതിയ കെട്ടിടമെന്ന ആവശ്യം യാഥാര്‍ത്ഥ്യത്തിലേക്ക്; നാലുകോടിയുടെ ഭരണാനുമതി


നടുവത്തൂര്‍: നടുവത്തൂര്‍ ശ്രീവാസുദേവാശ്രമം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതിയായി. നബാഡ് ഫണ്ടില്‍ നിന്നും നാലുകോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.

കഴിഞ്ഞവര്‍ഷം സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. മാനേജ്‌മെന്റ് ഇല്ലാത്തതിനാല്‍ സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ വിഷയത്തില്‍ ഇടപെടുകയായിരുന്നു. എം.എല്‍.എ നല്‍കിയ അഭ്യര്‍ത്ഥനയില്‍ സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എട്ടുമുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള ക്ലാസുകളിലായി അറുനൂറിലധികം കുട്ടികള്‍ ഈ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. പുതിയ കെട്ടിടം വരുന്നത് സ്‌കൂളിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാവും.