കീഴരിയൂര്‍ ജനതയ്ക്ക് അറിവിന്റെ വെളിച്ചമായി വള്ളത്തോള്‍ സ്മാരക വായനശാല; ഇനി കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തില്‍


കൊയിലാണ്ടി: 65 വര്‍ഷത്തിലേറെയായി കീഴരിയൂര്‍ ജനതയ്ക്ക് അറിവിന്റെ വെളിച്ചമായി നിലകൊണ്ട വളളത്തോള്‍ സ്മാരക വായനശാലയ്ക്ക് പുതിയ കെട്ടിടമായി. എം.എല്‍.എമാരായിരുന്ന പി.വിശ്വന്‍ ,കെ.കുഞ്ഞുമുഹമ്മദ് എന്നിവരുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് നിലവില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.

1958 മാര്‍ച്ചിലാണ് കീഴരിയൂര്‍ പഞ്ചായത്തിനു സമീപം വായനശാല ആരംഭിച്ചത്. 65 വര്‍ഷത്തെ പാരമ്പര്യമുളള ഗ്രന്ഥാലയം ഒരുസംഘം ചെറുപ്പക്കാരുടെ കൂട്ടായ്മയില്‍ അക്ഷരപ്പുര പിറവിയെടുക്കുകയായിരുന്നു. അധ്യാപകനായിരുന്ന മാലത്ത് നാരായണനും പി.കെ കണാരനുമായിരുന്നു അന്ന് നേതൃത്വം നല്‍കിയിരുന്നത്.

നിലവില്‍ നാനൂറിലധികം മെമ്പര്‍ഷിപ്പുണ്ട്. റഫറന്‍സ് പുസ്തകങ്ങള്‍ ഉള്‍പ്പെടെ 12,000 ത്തോളം പുസ്തകങ്ങളാണ് ഇവിടെയുളളത്. വായനശാലയില്‍ നേരിട്ടെത്താന്‍ പറ്റാത്തവര്‍ക്ക് ‘പുസ്തകക്കൂട്’ പദ്ധതി കീഴരിയൂര്‍ പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍ നടപ്പിലാക്കിയിട്ടുണ്ട്. വീടുകള്‍ തോറും പുസ്തകങ്ങള്‍ എത്തിക്കുന്നതാണ് പദ്ധതി.

കൂടാതെ യുവജന, ബാല, വനിത, വയോജന, തുടങ്ങി നിരവധി കലാകായിക പരിപാടികളും സംഘടിപ്പിക്കാറുണ്ട്. പി.ശ്രീജിത്ത്, സെക്രട്ടറിയും സി.എം വിനോദ്[ പ്രസിഡണ്ട്] നേതൃത്വത്തിലുളള ഭരണസമിതിയാണ് പുതിയ ഗ്രന്ഥശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.