”വയനാട്ടില്‍നിന്നു കുറെപ്പേര്‍ എത്തും, എന്നിട്ടു കാണാനില്ല എന്നൊക്കെ പറഞ്ഞു വരും”; മെഡിക്കല്‍ കോളജില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനും ആശുപത്രി ജീവനക്കാര്‍ക്കുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം


കോഴിക്കോട്: മെഡിക്കല്‍ കോളേജിന് സമീപത്തെ മരത്തില്‍ ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ക്കും പൊലീസിനും എതിരെ ആരോപണവുമായി യുവാവിന്റെ കുടുംബം. ശനിയാഴ്ചയാണ് വയനാട് കല്‍പ്പറ്റ പാറവയല്‍ കോളനിയിലെ വിശ്വനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ആശുപത്രി ജീവനക്കാര്‍ മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ മര്‍ദിച്ചിരുന്നെന്നാണ് യുവാവിന്റെ ഭാര്യയുടെ അമ്മ ലീല പറയുന്നത്. പണവും മൊബൈല്‍ഫോണും മോഷ്ടിച്ചെന്നായിരുന്നു സുരക്ഷാ ജീവനക്കാരുടെ ആരോപണം. തെറ്റ് ചെയ്തിട്ടില്ലെന്ന് വിശ്വനാഥന്‍ ആവര്‍ത്തിച്ചിട്ടും ഇവര്‍ ചോദ്യം ചെയ്യല്‍ തുടര്‍ന്നു. ഇക്കാരണത്താല്‍ കടുത്ത മാനസിക പ്രയാസത്തിലായിരുന്നു അദ്ദേഹമെന്നും ലീല പറഞ്ഞു. ഇതിനു പിന്നാലെയാണ് വിശ്വനാഥനെ കാണാതായത്. മരണത്തില്‍ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

കാണാതായ അന്നു തന്നെ വിശ്വനാഥന്റെ ലീല പൊലീസില്‍ പരാതി പറഞ്ഞിട്ടും കേസെടുത്തില്ലെന്നാണ് അദ്ദേഹത്തിന്റെ സഹോദരന്‍ വിനോദന്‍ ആരോപിക്കുന്നത്. പിറ്റേന്നു സ്റ്റേഷനില്‍ ചെന്നിരുന്നു. ആദ്യം കേസെടുക്കാന്‍ തയാറായില്ല. ‘വയനാട്ടില്‍നിന്നു കുറെപ്പേര്‍ എത്തും, എന്നിട്ടു കാണാനില്ല എന്നൊക്കെ പറഞ്ഞു വരും’ എന്ന് അധിക്ഷേപിച്ചു. താന്‍ മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിച്ചു. മദ്യപിച്ചിട്ടുണ്ടെങ്കില്‍ പരിശോധനയ്ക്കു തയാറാണെന്നു പറഞ്ഞപ്പോഴാണ് കേസെടുക്കാന്‍ തയാറായതെന്നും വിനോദന്‍ പറയുന്നു.

വിശ്വനാഥന്റെ ഭാര്യ ബിന്ദുവിനെ പ്രസവത്തിനായി ചൊവ്വാഴ്ച മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചിരുന്നു. ബുധനാഴ്ച ബിന്ദു പ്രസവിച്ചിരുന്നു. ആശുപത്രി മുറ്റത്ത് കൂട്ടിരിപ്പുകാര്‍ക്കായുള്ള സ്ഥലത്തായിരുന്നു വിശ്വനാഥന്‍ കാത്തുനിന്നത്. വ്യാഴാഴ്ച ഇഴിടെയുണ്ടായിരുന്ന ആരുടെയോ മൊബൈല്‍ ഫോണും പണവും നഷ്ടമായെന്നും വിശ്വനാഥന്‍ മോഷ്ടാവാണെന്നും ആരോപിച്ച് ചിലര്‍ ബഹളംവെച്ചു.

ഭാര്യയെ പ്രസവത്തിനായി പ്രവേശിപ്പിച്ചതാണെന്നും കൂട്ടിരിക്കാന്‍ വന്നതാണെന്നും ആണയിട്ടെങ്കിലും വിശ്വസിക്കാതെ വിശ്വനാഥനെ പിടിച്ചുകൊണ്ടുവന്ന് ആശുപത്രി ഗേറ്റിലെത്തി സുരക്ഷാ ജീവനക്കാരെ ഏല്‍പിച്ചു. സുരക്ഷാ ജീവനക്കാര്‍ വിശ്വനാഥന്റെ ഭാര്യാമാതാവ് ലീലയെ ഗേറ്റിനു സമീപത്തേക്കു വിളിപ്പിച്ചു. കൂട്ടിരിക്കാന്‍ വന്നതാണെന്നും മോഷ്ടിക്കില്ലെന്നും ലീല സാക്ഷ്യപ്പെടുത്തിയിട്ടും ആള്‍ക്കൂട്ടം വിശ്വസിച്ചില്ല.

മോഷണം നടന്നതായി പരാതിയുള്ളവര്‍ക്ക് പൊലീസിനെ അറിയിക്കാമെന്നു സുരക്ഷാ ജീവനക്കാര്‍ പറഞ്ഞെങ്കിലും ആരും പൊലീസില്‍ പരാതി നല്‍കിയില്ല. ഇതിനു ശേഷവും ചിലര്‍ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തതോടെയാണ് വിശ്വനാഥന്‍ ഓടി രക്ഷപ്പെട്ടത്. ഷര്‍ട്ടും മൊബൈല്‍ ഫോണും ചെരിപ്പും ഭക്ഷണം കഴിക്കുന്ന പാത്രവും കവറിലാക്കി കടയ്ക്കുസമീപം ഉപേക്ഷിച്ചാണ് ഓടിപ്പോയത്.

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. കഴുത്തു മുറുകിയാണു മരണമെന്നാണു പ്രാഥമിക നിഗമനമെന്നു മെഡിക്കല്‍ കോളജ് പൊലീസ് പറഞ്ഞു. പൊലീസ് ആശുപത്രി ജീവനക്കാരുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു. സോമന്റെയും പാറ്റയുടെയും മകനാണ് കര്‍ഷകത്തൊഴിലാളിയായ വിശ്വനാഥന്‍.