മൂന്ന് വയസുകാരിയെ കടിച്ച് മാരകമായി പരിക്കേൽപ്പിച്ചു, മറ്റ് രണ്ട് കുട്ടികൾക്കും പശുക്കുട്ടിക്കും നേരെയും ആക്രമണം; അരിക്കുളം തിരുവങ്ങായൂരിൽ ഭ്രാന്തൻ നായയുടെ വിളയാട്ടം, നാട്ടുകാർ ഭീതിയിൽ


അരിക്കുളം: അരിക്കുളം പഞ്ചായത്തില്‍ ഭ്രാന്തന്‍ നായകളുടെ വിളയാട്ടം. പഞ്ചായത്തിലെ തിരുവങ്ങായൂര്‍ വാര്‍ഡിലാണ്  ഭ്രാന്തന്‍ നായ ശല്യം രൂക്ഷമായത്. ആക്രമണത്തില്‍ പിഞ്ചു കുഞ്ഞടക്കം മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പാറുകുന്നത്ത് ആഷിക്കിന്റെ മൂന്ന് വയസ്സുകാരിയായ മകളെ നായ ഓടിയെത്തി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിലിനെതുടര്‍ന്ന് അലക്കുകയായിരുന്ന ഉമ്മ ഓടിയെത്തിയപ്പോഴാണ് നായ കുഞ്ഞിനെ കടിച്ച് വലിക്കുന്ന കാഴ്ച കണ്ടത്. കുഞ്ഞിനെ കടിച്ചെടുത്ത് കൊണ്ടുപോവാന്‍ ശ്രമിക്കുന്ന തരത്തിലായിരുന്നു നായ ആക്രമിച്ചതെന്ന് ദൃസാക്ഷികള്‍ പറയുന്നു. കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ചേര്‍ന്നാണ് ഒരുവില്‍ കുഞ്ഞിനെ നായയുടെ വായില്‍ നിന്ന് രക്ഷപ്പെടുത്തിയത്.

ആക്രമണത്തില്‍ കുട്ടിയുടെ കൈയില്‍ വിവധഭാഗങ്ങളിലായി ആഴത്തിലുള്ള വലിയ മുറിവുകളുണ്ടായിട്ടുണ്ട്. നാട്ടുകാരും ഉമ്മയും ചേര്‍ന്ന് കുഞ്ഞിനെ ഉടന്‍ തന്നെ കൊയിലാണ്ടി ആശുപത്രിയിലെത്തിച്ചു. മൂത്ത മകനെ അയല്‍ വീട്ടിലാക്കിയാണ് ഉമ്മ ഇളയ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയത്. എന്നാല്‍ വെപ്രാളത്തില്‍ വീട്ടിലെ മോട്ടോര്‍ ഓഫാക്കാന്‍ മറന്നിരുന്നു. സംഭവത്തിന് ശേഷം അരമണിക്കൂറോളം കഴിഞ്ഞ് മോട്ടോര്‍ ഓഫാക്കാന്‍ അയല്‍ക്കാരോടൊപ്പം എത്തിയ ഏഴ് വയസ്സുകാരനായ മൂത്തമകനും നായയുടെ ക്രൂര ആക്രമണത്തിന് ഇടയാകുന്ന ദാരുണ കാഴ്ചയാണ് പിന്നീട് അയല്‍ക്കാര്‍ കണ്ടത്.  ഇളയകുട്ടിയെ കടിച്ച നായ നേരത്തേ തന്നെ ഓടി പോയിരുന്നു. മറ്റൊരു നായയാണ് മൂത്തകുട്ടിയെ കടിച്ചതെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്.

താമസിയാതെ നാട്ടുകാര്‍ മൂത്ത കുട്ടിയേയും കൊയിലാണ്ടി ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് അവിടെയുള്ള ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വിദഗ്ധ ചികിത്സക്കും വാക്സിനേഷനുമായി കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ വാക്സിനേഷന്‍ കഴിഞ്ഞെത്തിയ കുട്ടികളുടെ ആഴത്തിലുള്ള മുറിവുകള്‍ക്ക് മറ്റന്നാളേ സ്റ്റിച്ച് ഇടാന്‍ സാധിക്കൂ.

മൂത്ത കൂട്ടിയെ കടിച്ച് പോവുന്ന വഴി നായ നന്താനത്ത് പ്രകാശന്റെ പശുക്കുട്ടിയേ കടിച്ച് പരിക്കേല്‍പ്പിക്കുകയും ഓട്ടോ ഡ്രൈവറായ രജീഷിന്റെ ഏഴുവയസ്സുള്ള മകന മാരകമായി ആക്രമിക്കുകയും ചെയ്തിട്ടുണ്ട്.

തെരുവുനായകളെ സ്ഥിരമായി കണ്ടുവരുന്ന സാഹചര്യത്തില്‍ ഇത്തരം ആക്രമണം കൂടെ ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ നാട്ടുകാര്‍ ഏറെ ആശങ്കയിലാണ്.  ഭ്രാന്തന്‍ നായയുടെ തുടര്‍ച്ചയായ ആക്രമണത്തെ സംബന്ധിച്ച് പഞ്ചായത്തില്‍ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും അടുത്ത ഘട്ടത്തില്‍‌ നായകളെ വന്ധ്യംകരിക്കാരുള്ള ഫണ്ട് പാസാക്കാന്‍ തീരുമാനമായിട്ടുണ്ടെന്നും വാര്‍ഡ് മെമ്പര്‍ ശാന്ത.എ.കെ. കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.  ഭ്രാന്തന്‍ നായ ആക്രമിച്ച കുട്ടികളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി തിരിച്ചെത്തിയതിന് ശേഷമാണ് മെമ്പര്‍ പ്രതികരിച്ചത്.