മായം കലർന്ന ശര്‍ക്കര കൊയിലാണ്ടിയിലും! സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ ആറ് ചാക്ക് ശര്‍ക്കര നശിപ്പിച്ചു, സ്ഥാപനത്തിനെതിരെ നിയമനടപടി


കൊയിലാണ്ടി: സുരക്ഷിതമല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞ കൊയിലാണ്ടിയിലെ കടയില്‍ നിന്ന് പിടിച്ചെടുത്ത ആറ് ചാക്ക് ശര്‍ക്കര നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗമാണ് നടപടിയെടുത്തത്.

സ്ഥാപനത്തിന്റെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. സെപ്റ്റംബറില്‍ സ്ഥാപനത്തില്‍ നിന്നും ശര്‍ക്കരയുടെ സാമ്പിള്‍ പരിശോധനയ്ക്ക് എടുത്തിരുന്നു. ഇതേത്തുടര്‍ന്ന് ആറ് ചാക്ക് ശര്‍ക്കര ഫ്രീസ് ചെയ്ത് വെച്ചതായിരുന്നു. പരിശോധനയില്‍ ശര്‍ക്കരയില്‍ കളര്‍ ചേര്‍ത്തതായും സുരക്ഷിതമല്ലെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഇവ കുഴിച്ചുമൂടുന്നത്.

സ്ഥാപനത്തിനെതിരെ കേസെടുത്ത് നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഒരുലക്ഷം രൂപ പിഴയും ആറുമാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്.