കൊയിലാണ്ടി മുത്താമ്പി റോഡിലെ അണ്ടര്‍പ്പാസിന്റെ ഉയരക്കുറവ്; കൊടി നാട്ടി പ്രതിഷേധിച്ച് സിപിഐഎം, മെയില്‍ സ്ലാബിന്റെ വര്‍ക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനം


കൊയിലാണ്ടി: കൊയിലാണ്ടി മുത്താമ്പി റോഡില്‍ നിര്‍മ്മിക്കുന്ന അണ്ടര്‍പ്പാസിന്റെ ഉയരക്കുറവ് അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം പ്രതിഷേധം സംഘടിപ്പിച്ചു. പ്രവര്‍ത്തകര്‍ അണ്ടര്‍പ്പാസില്‍ കൊടി നാട്ടി പ്രതിഷേധിച്ചു. ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായാണ് അണ്ടര്‍പ്പാസ് നിര്‍മ്മിക്കുന്നത്.

വര്‍ക്ക് സൈറ്റില്‍ സമരം സംഘടിപ്പിച്ചതിനെത്തുടര്‍ന്ന് കരാര്‍ക മ്പനിയായ വഗാഡിന്റെ പണി തടസപ്പെട്ടു. തുടര്‍ന്ന് എംഎല്‍എ കാനത്തില്‍ ജമീല സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. നാഷണല്‍ ഹൈവെ വിഭാഗം ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താനും തീരുമാനമാകുന്നത് മെയില്‍ സ്ലാബിന്റെ വര്‍ക്ക് നിര്‍ത്തിവയ്ക്കാനും തീരുമാനമായി. സൈഡ് ഭിത്തിയുടെ നിര്‍മ്മാണം തുടരാനാണ് തീരുമാനം.

കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്. സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ. ദാസന്‍ സമരം ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം അഡ്വ. എല്‍.ജി. ലിജീഷ് അധ്യക്ഷതവഹിച്ചു. ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രന്‍ മാസ്റ്റര്‍, നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍, പി. ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു. ലൊക്കല്‍ സെക്രട്ടറി പി.വി സത്യന്‍ സ്വാഗതവും എം. സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.