”വരന്‍ ഷാഫി പറമ്പില്‍, വധു….” വൈറലാവുന്ന വടകരയിലെ ഈ ‘കല്ല്യാണക്കത്ത്’ അല്പം സീരിയസാണ്


വടകര: പാട്ടുകളിലൂടെയും സ്‌കിറ്റുകളിലൂടെയുമുള്ള തെരഞ്ഞെടുപ്പ് പ്രചരണ രീതികള്‍ പണ്ടുമുതലേയുണ്ട്. എന്നാല്‍ കല്ല്യാണക്കത്ത് മോഡലില്‍ ഒരു ഇലക്ഷന്‍ ക്യാമ്പെയ്ന്‍ നമുക്കത്ര പരിചയമുള്ളതല്ല. വടകരയിലാണ് ഈ വ്യത്യസ്തമായ തെരഞ്ഞെടുപ്പ് പ്രചരണം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനുവേണ്ടി കല്ല്യാണക്കത്ത് രൂപത്തില്‍ പ്രവര്‍ത്തകര്‍ നടത്തുന്ന വോട്ടഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയയിലിപ്പോള്‍ വൈറലാണ്.

കത്ത് ഇങ്ങനെ. വരന്‍ ഷാഫി പറമ്പില്‍, വധു ജനാധിപത്യം. വോട്ടിങ് സുദിനം 2024 ഏപ്രില്‍ 26. മുഹൂര്‍ത്തും പ കല്‍ ഏഴിനും അഞ്ചിനും ഇടയില്‍. വോട്ടിങ് വേദി പോളിങ് സ്‌റ്റേഷന്‍.

തുടര്‍ന്നുള്ള ഭാഗം അല്പം സീരിയസാണ്. ‘ അന്നേദിവസം രാവിലെ മുതല്‍ ഇന്ത്യ രാജ്യത്തെ വീണ്ടെടുക്കാന്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൈപ്പത്തി അടയാളത്തില്‍ വോട്ടുകള്‍ രേഖപ്പെടുത്താന്‍ താങ്കളെ കുടുംബസമേതം പോളിങ് സ്‌റ്റേഷനിലേക്ക് ക്ഷണിക്കുന്നു’ എന്നാണ് കത്തില്‍ പറയുന്നത്. കത്തിന് മുകളിലായി ഷാഫി പറമ്പില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്ന ചിത്രവുമുണ്ട്.