‘കൊല്ലം കുന്ന്യോറമല നിവാസികളുടെ സുരക്ഷിതത്വവും യാത്രാസൗകര്യവും ഉറപ്പാക്കും, ജൂലൈ 24 ന് വിദഗ്ധ സംഘം സന്ദര്‍ശിക്കും’; മണ്ണിടിച്ചിലുണ്ടായ പ്രദേശം സന്ദര്‍ശിച്ച് ഷാഫി പറമ്പില്‍ എം.പി


കൊല്ലം: കുന്ന്യോറമലയില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളില്‍ വടകര എം.പി ഷാഫി പറമ്പില്‍ സന്ദര്‍ശിച്ചു. പ്രദേശത്ത് കഴിഞ്ഞദിവസം മണ്ണിടിയുകയും സോയില്‍ നെയ്‌ലിങ് നടത്തിയ ഭാഗത്ത് വീടുകളിലും പറമ്പിലും വിള്ളലുണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് എം.പിയുടെ സന്ദര്‍ശനം.

പ്രോജക്ട് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ആളുകളുമായി എം.പി സംസാരിച്ചു. പ്രദേശവാസികള്‍ ശ്രദ്ധയില്‍പ്പെടുത്തിയ വിഷയങ്ങളടക്കം ഇവിടുത്തെ പ്രശ്‌നങ്ങളെല്ലാം പ്രോജക്ട് ഡയറക്ടറെ അറിയിച്ചിട്ടുണ്ടെന്ന് എം.പി വ്യക്തമാക്കി. സോയില്‍ നൈലിങ് സാങ്കേതിക വിദ്യ ഇവിടെ അനുയോജ്യമല്ലയെന്ന് വ്യക്തമായതാണ്. മുക്കാളിയിലുണ്ടായ മണ്ണിടിച്ചില്‍ ഇത് ബോധ്യപ്പെടുത്തുന്നതാണ്. സോയില്‍ നെയ്‌ലിങ് സാങ്കേതിക വിദ്യ രൂപകല്‍പ്പന ചെയ്ത എഞ്ചിനിയര്‍ അടക്കമുള്ളവര്‍ ജൂലൈ 24ന് സ്ഥലം സന്ദര്‍ശിക്കുമെന്നും എം.പി അറിയിച്ചു.

ഈ സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ മേലില്‍ മണ്ണിടിച്ചില്‍ ഇല്ലാതിരിക്കാനും സുരക്ഷിതമായ യാത്രാസൗകര്യമുണ്ടാക്കാനും ആവശ്യമായ പ്രൊപ്പോസല്‍ ആഗസ്റ്റ് ആദ്യവാരം തന്നെ അവര്‍ തയ്യാറാക്കുമെന്നും ജനപ്രതിനിധികളുമായും ഉത്തരവാദിത്തപ്പെട്ട ആളുകളുമായും ഇത് ചര്‍ച്ച ചെയ്യുമെന്നുമുള്ള ഉറപ്പ് ലഭിച്ചിട്ടുണ്ട്. 11 മീറ്ററോളം നീളമുള്ള നെയ്ല്‍ എന്നു വിളിക്കുന്ന ഇരുമ്പ് കമ്പി അടിച്ചുകയറ്റിയത് വീടുകളില്‍ വിള്ളലുണ്ടാക്കിയത് അധികൃതരെ നേരിട്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്. കിണറുകളും കുഴല്‍ കിണറുകളും ഉപയോഗശൂന്യമായ കാര്യവും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. വീടിനകത്തും പുറത്തും വിള്ളലുണ്ടായത് അവരെ നേരിട്ട് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.

ആളുകള്‍ക്ക് സുരക്ഷിതമായി കഴിയാന്‍ പറ്റാത്ത സാഹചര്യത്തില്‍ നേരത്തെ ആളുകളെ മാറ്റിതാമസിപ്പിച്ചതുപോലെ ബാക്കി ആളുകളെക്കൂടി ഇവിടെ നിന്നും മാറ്റും. അവര്‍ക്ക് താല്‍ക്കാലികമായി കഴിയാനുള്ള സഹായം കൂടി പ്രോജക്ടിന്റെ ഭാഗമായി കാണണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഇതിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിയാതെ വരികയോ കാലതാമസമുണ്ടാകുകയോ ചെയ്യുകയാണെങ്കില്‍ ഈ ഭൂമികൂടി പ്രോജക്ടിനുവേണ്ടി ഏറ്റെടുത്ത് ഇവരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പ്രോജക്ട് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

യു.ഡി.എഫ് ചെയര്‍മാന്‍ മഠത്തില്‍ അബ്ദുറഹ്‌മാന്‍, കണ്‍വീനര്‍ മഠത്തില്‍ നാണുമാസ്റ്റര്‍, കോണ്‍ഗ്രസ് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് മുരളി തോറോത്ത് തുടങ്ങിയവര്‍ എം.പിയ്‌ക്കൊപ്പമുണ്ടായിരുന്നു.