”മാപ്രകള്‍ എത്ര നുണക്കോട്ട കെട്ടിയാലും റാഗിങ്ങിനെതിരെ ഒരടി പുറകോട്ട് പോകില്ല”; എസ്.എന്‍.ഡി.പി കോളേജില്‍ മാധ്യമങ്ങള്‍ക്കെതിരെ എസ്.എഫ്.ഐയുടെ ബാനർ


കൊയിലാണ്ടി: കൊല്ലം എസ്.എന്‍.ഡി.പി കോളേജില്‍ മാധ്യമങ്ങള്‍ക്കെതിരെ എസ്.എഫ്.ഐ ബാനര്‍. പ്രവേശ കവാടത്തിന് തൊട്ടുതാഴെയായാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടത്.

”മാപ്രകള്‍ എത്ര നുണക്കോട്ട കെട്ടിയാലും റാഗിങ്ങിനെതിരെ ഒരടി പുറകോട്ട് പോകില്ല” എന്നാണ് ബാനറില്‍ പറയുന്നത്. ആറ് മുഖ്യധാരാ മാധ്യമങ്ങളുടെ ലോഗോ ഉള്‍പ്പെടെ പോസ്റ്ററിലുണ്ട്. എസ്.എന്‍.ഡി.പി കോളേജിലെ എസ്.എഫ്.ഐയുടെ പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന വിദ്യാര്‍ഥിയുടെ ആരോപണത്തില്‍ മാധ്യമ വാര്‍ത്തകള്‍ക്കെതിരെ എസ്.എഫ്.ഐ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. മാതൃഭൂമി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത വ്യാജാമാണെന്നും കേസില്‍ പരാതിക്കാരനായ അമല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ റാഗ് ചെയ്ത സംഭവത്തില്‍ പ്രധാന പ്രതിയാണെന്നുമായിരുന്നു എസ്.എഫ്.ഐയുടെ ആരോപണം.

”എസ്.എന്‍.ഡി.പി കോളേജിലെ ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയായ അനുനാഥ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ക്രൂരമായ റാഗിങ്ങിന് വിധേയമായിരുന്നു. കോളേജില്‍ ആര്‍ട്‌സ് നടക്കുന്ന ദിവസം കോളേജിലൂടെ നടന്നു പോകുന്ന അനുനാഥിനെ ഷെഫാക്ക്, ആദിത്യന്‍, ആദര്‍ശ് തുടങ്ങിയ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ അടുത്തേക്ക് വിളിക്കുകയും അകാരണമായി 13 ഓളം പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. CCTV യുടെ മുന്‍പില്‍ വച്ചാണ് റാഗിംഗ് നടക്കുന്നത്. ഇതിന് ശേഷം അനുനാഥിനെ ഗ്രൗണ്ടിലേക്ക് പിടിച്ച് വലിച്ചു കൊണ്ടുപോയി ഇതേ സംഘം 20 ഓളം പേര്‍ ചേര്‍ന്ന് വടി ഉപയോഗിച്ച് അടിച്ചും നിലത്തിട്ട് ചവിട്ടിയും പരിക്കേല്‍പ്പിച്ചു. മുഖത്തും ദേഹത്തും പരിക്കും വായില്‍ നിന്ന് ചോരയും വന്നതിനെ തുടര്‍ന്ന് അനുനാഥ് കൊയിലാണ്ടി താലൂക് ആശുപത്രിയിലും ഡോക്ടര്‍ പറഞ്ഞ പ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയിരുന്നു”വെന്നായിരുന്നു എസ്.എഫ്.ഐയുടെ വിശദീകരണം.