‘പൗരത്വത്തിന് മതമാണ് മാനദണ്ഡമെങ്കിൽ മാനവികത കൊണ്ട് ഞങ്ങൾ പ്രതിരോധം തീർക്കും’; കൊയിലാണ്ടിയിൽ എസ്എഫ്ഐയുടെ പ്രതിഷേധം


കൊയിലാണ്ടി: പൗരത്വ ഭേദഗതി നിയമം പാസാക്കിക്കൊണ്ട് വിജ്ഞാപനം ഇറക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും നരേന്ദ്രമോദിയുടെ കോലവും കത്തിച്ചു. പൗരത്വത്തിന് മതമാണ് മാനദണ്ഡമെങ്കിൽ മാനവികത കൊണ്ട് ഞങ്ങൾ പ്രതിരോധം തീർക്കും എന്ന മുദ്രാവാക്യമുയർത്തിയാണ് എസ് എഫ് ഐ കൊയിലാണ്ടി ഏരിയ കേന്ദ്രത്തിൽ പരിപാടി സംഘടിപ്പിച്ചത്.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഫർഹാൻ, ഏരിയ സെക്രട്ടറി നവ്തേജ് പ്രസിഡന്റ് അഭിനവ്, ജോയിൻ സെക്രട്ടറിമാർ അശ്വിൻ വെങ്ങളം, അശ്വിൻ സി കെ, വൈസ് പ്രസിഡന്റ് ദേവനന്ദ, ഏരിയ സെക്രട്ടറിയേറ്റ് അംഗം ഹൃദ്യ എന്നിവർ നേതൃത്വം നൽകി.

പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങളാണ് നിലവില്‍ വന്നത്. 2019-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതോടെ നിയമം പ്രാബല്യത്തിലായി. പൗരത്വ നിയമ ഭേദഗതി നിയമം 2024 എന്നാണ് പുതിയ നിയമം അറിയപ്പെടുക. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ആണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

പൗരത്വത്തിനുള്ള അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ സ്വീകരിച്ചുതുടങ്ങും. ഈ നിയമം പ്രകാരം പൗരത്വത്തിനായുള്ള അപേക്ഷ സ്വീകരിക്കുന്നത് ഓൺലൈനിലൂടെ മാത്രമായിരിക്കും. ഇതിനായി പ്രത്യേകം വെബ് പോർട്ടൽ സജ്ജമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.