കോഴിക്കോട് സിനിമാ പ്രമോഷന്‍ ചടങ്ങിനെത്തിയ യുവനടിമാര്‍ക്കെതിരായ ലൈംഗികാക്രമണം; മാളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കസ്റ്റഡിയിലെടുത്ത് പൊലീസ്, ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനം



കോഴിക്കോട്: സിനിമാ പ്രമോഷന്‍ ചടങ്ങിനെത്തിയ യുവനടിമാര്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. അന്വേഷണത്തിന്റെ ഭാഗമായി സംഭവം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇത് ഉടന്‍ ശാസ്ത്രീയ പരിശോധനക്കായി അയക്കും.

പരിപാടി നടന്ന ഇടം, നടവഴി എന്നിവിടങ്ങളിലെ ദൃശ്യങ്ങളാണ് പൊലീസ് ഇപ്പോള്‍ ശേഖരിച്ചത്. കൂടുതല്‍ വ്യക്തതക്ക് വേണ്ടി സമീപത്തെ കൂടുതല്‍ ദൃശ്യങ്ങള്‍ കൂടി ശേഖരിക്കണമെന്ന് പൊലീസ് പറഞ്ഞു. വിദൂര ദൃശ്യങ്ങളായതിനാല്‍ കൂടുതല്‍ സാങ്കേതിക സൗകര്യങ്ങളുടെ സഹായത്തോടെ വിശകലനം ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്.

അതിക്രമത്തിനെതിരെ ഒരു നടി പ്രതികരിക്കുന്ന ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. ഇതിലുളളയാള്‍ കോഴിക്കോട്ടുകാരനെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാള്‍ തന്നെയാണോ അതിക്രമം നടത്തിയതെന്ന് ഇപ്പോള്‍ ഉറപ്പിച്ചു പറയാനാവില്ലെന്നാണ് പൊലീസ് പറയുന്നത്. കൂടുതല്‍ വ്യക്തതക്ക് വേണ്ടി പരിപാടിയുടെ മുഴുവന്‍ ദൃശ്യങ്ങളും കൈമാറാന്‍ സംഘാടകരോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ചൊവ്വാഴ്ച വൈകുന്നേരം കോഴിക്കോട് ഹൈലറ്റ് മാളില്‍ നടന്ന പ്രമോഷന്‍ ചടങ്ങ് കഴിഞ്ഞിറങ്ങവെയാണ് നടിമാര്‍ക്കെതിരെ അതിക്രമമുണ്ടായത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെ പന്തീരാങ്കാവ് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. രണ്ട് നടിമാരുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്. അതിക്രമം നടത്തിയവരെ കണ്ടാല്‍ തിരിച്ചറിയുമെന്ന് ഇരുവരും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.