ഉള്ളിയേരി ഈസ്റ്റ് മുക്കില്‍ കക്കൂസ് മാലിന്യം തോട്ടിലൊഴുക്കിയ സംഭവം: ടാങ്കര്‍ ലോറി പിടിച്ചെടുത്ത് അത്തോളി പൊലീസ്


ഉള്ളിയേരി: ഉള്ളിയേരി ഈസ്റ്റ് മുക്കില്‍ തോട്ടില്‍ കക്കൂസ് മാലിന്യം ഒഴുക്കിയ സംഭവത്തില്‍ വാഹനം പിടിച്ചെടുത്തു. കക്കൂസ് മാലിന്യം കയറ്റി കൊണ്ടുപോയ ടാങ്കര്‍ ലോറിയാണ് അത്തോളി പൊലീസ് പിടിച്ചെടുത്തത്. പൊതുപ്രവര്‍ത്തകനായ ഷമീര്‍ നളന്ദ ജില്ലാ പൊലീസ് മേധാവിയ്ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

നൈറ്റ് പട്രോളിങ്ങിനിടെയാണ് പൊലീസ് ലോറി പിടികൂടിയത്. നൂറുതിരിച്ചെടുക്കാന്‍ ഇടവക കെ.എല്‍ 33 ഡി 2423 എന്ന നമ്പറിലുള്ള ലോറിയാണ് കസ്റ്റഡിയിലെടുത്തത്. മണ്ണാര്‍ക്കാട് സ്വദേശി അബ്ദുള്‍ റഹീം അഹമ്മദിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി.

ഇക്കഴിഞ്ഞ ജനുവരിയിലാണ് സംഭവം ഉണ്ടായത്. തോട്ടില്‍ കക്കൂസ് മാലിന്യം ഒഴുക്കിയ സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഷമീര്‍ നളന്ദ ഉള്ളിയേരി പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ പൊലീസ് മേധാവിയ്ക്കും പരാതി നല്‍കിയിരുന്നു.

പരാതി അത്തോളി പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് ലോറി കണ്ടെത്തിയത്. പ്രദേശത്തെ സി.സി.ടി.വി ക്യാമറകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് അന്വേഷണം നടത്തിയത്. കസ്റ്റഡിയിലെടുത്ത ലോറി പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി.