‘വര്‍ഗീയതയ്ക്കെതിരെ ഒരുമയുടെ പ്രതിരോധം’; ടീം സെക്കുലര്‍ പുളിയഞ്ചേരിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സെക്കുലര്‍ ഫെസ്റ്റ് ശ്രദ്ധേയമായി


കൊയിലാണ്ടി: മനുഷ്യമനസുകളിലേക്ക് മതചിന്തയുടെ കനലുകള്‍ തീര്‍ത്ത് വിഭജനത്തെ സ്വപ്‌നം കാണുന്ന വര്‍ഗീയശക്തികള്‍ക്കെതിരെ ഒരുമയുടെ പ്രതിരോധം തീര്‍ത്ത് പുളിയഞ്ചേരിയില്‍ സെക്കുലര്‍ ഫെസ്റ്റ്. ടീം സെക്കുലര്‍ പുളിയഞ്ചേരിയുടെ ആഭിമുഖ്യത്തില്‍ പുളിയഞ്ചേരി കുളത്തിന് സമീപമാണ് പരിപാടി നടത്തിയത്.

സാംസ്‌കാരിക സദസ്സ് കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരന്‍ സോമന്‍ കടലൂര്‍ മുഖ്യാതിഥിയായി.

മുന്‍ എം.എല്‍.എ കെ.ദാസന്‍, സി.പി.എം കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി.കെ.ചന്ദ്രന്‍ മാസ്റ്റര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് വി.പി.ഇബ്രാഹിം കുട്ടി എന്നിവര്‍ പങ്കെടുത്തു.

സാംസ്‌കാരിക സദസ്സിന് ശേഷം പ്രാദേശിക കലാസമിതികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ അരങ്ങേറി. തുടര്‍ന്ന് കേരളത്തിലെ പ്രശസ്ത ഗായകരെ അണിനിരത്തി മാക്‌സ് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേളയും നടന്നു.