കുട്ടികളെ, സ്കൂൾ ജൂൺ ഒന്നിന് തുറക്കും
കൊയിലാണ്ടി: കുട്ടികളെ, തിരികെ സ്കൂളിലേക്ക്. ജൂൺ ഒന്നിന് സ്കൂളിന്റെ വാതിൽ നിങ്ങൾക്കായി വീണ്ടും തുറക്കും. കോവിഡ് ഭീതിയിൽ വീടിനകത്തളങ്ങളിൽ പഠിച്ച കുട്ടികൾക്ക് രണ്ടു വർഷങ്ങൾക്കിപ്പുറമാണ് വീണ്ടും ജൂണിൽ സ്കൂളിൽ തന്നെ അധ്യയന വർഷം ആരംഭിക്കുന്നത്.
സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങ് തിരുവനന്തപുരത്ത് നടക്കും.
വിപുലമായ പരിപാടികളോടെയായിരിക്കും പ്രവേശനോത്സവം നടത്തുക എന്നാൽ കോവിഡ് കാലത്ത് പുറത്തിറക്കിയ ‘തിരികെ സ്‌കൂളിലേക്ക്’ എന്ന മാർഗരേഖ പാലിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി കുട്ടികളുടെ പാഠപുസ്തക വിതരണം ആരംഭിച്ചു. പുതിയ പാഠപുസ്തകങ്ങളോടൊപ്പം ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് അക്ഷരമാലയും നൽകും.
സ്കൂള്‍ തുറക്കുന്നതിനുള്ള നടപടികള്‍ സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കഴക്കൂട്ടം ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാകും പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക. അതേസമയം, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സ്‌കൂള്‍ കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. അത്തരം സ്‌കൂളുകളുടെ കണക്ക് എടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കോവിഡിനെ തുടർന്ന് രണ്ട് വർഷത്തിലേറെ പൂർണ്ണമായും ഭാഗികമായും മുടങ്ങിയ സ്കൂൾ കാലമാണ് ഇപ്പോൾ തിരികെ വന്നിരിക്കുന്നത്. കോവിഡ് നാലാം തരംഗമുണ്ടാകുമെന്ന മുന്നറിയിപ്പ് വിദഗ്ധർ നൽകുന്നുണ്ടെങ്കിലും മുൻപുണ്ടായ തരംഗങ്ങളുടെ അത്ര രൂക്ഷമാകില്ല എന്നാണ് കരുതപ്പെടുന്നത്.