ബാലുശ്ശേരി സ്വദേശി വ്ലോഗെർ റിഫ മെഹ്നുവിന്റേത് തൂങ്ങി മരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് അന്വേഷണസംഘത്തിന് കൈമാറി


കോഴിക്കോട്: ബാലുശ്ശേരി സ്വദേശി വ്ലോഗെർ റിഫയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലെ അടയാളം തൂങ്ങിമരണം സ്ഥിരീകരിക്കുന്നതാണെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് കൈമാറി. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം ലഭ്യമായിട്ടില്ല. റിഫയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ ആരോപണത്തിന് പിന്നാലെയാണ് പോസ്റ്റുമാർട്ടം നടത്തിയത്.

ഈ മാസം ഏഴിനാണ് പാവണ്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടക്കം ചെയ്ത റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയത്. കുടുംബാംഗങ്ങളുടെ പരാതിയെ തുടർന്നായിരുന്നു നടപടി. മാർച്ച്‌ ഒന്നിനാണ് ദുബൈയിലെ ഫ്ലാറ്റിൽ റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായില്‍ വെച്ച് റിഫയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയെന്നും ഉടനെ തന്നെ മൃതദേഹം സംസ്കരിക്കണമെന്നും പറഞ്ഞ് ഭർത്താവ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചതായി കുടുംബം ആരോപിച്ചിരുന്നു. ദുബായില്‍വച്ച് റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നില്ല. പിന്നീട് മെഹ്നാസിന്റെ പെരുമാറ്റത്തിൽ അസ്വാഭികത തോന്നിയതിനെ തുടർന്ന് കുടുംബാംഗങ്ങൾക്ക് സംശയം തുടങ്ങിയത്.

റിഫയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മെഹ്നാസിനെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തിരുന്നു. മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിന് കാരണമായതായി കാക്കൂര്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് മെഹ്നാസിനെതിരെ ചുമത്തിയത്. കേസില്‍ മുൻകൂർ ജാമ്യത്തിനായി മെഹ്നാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹ‍ര്‍ജി മെയ് 20 ന് പരിഗണിക്കുമെന്നറിയിച്ച കോടതി പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. മെഹ്‍നാസിനെതിരെ പൊലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി. ഇതിന് പിന്നാലെയാണ് ഇയാൾ കോടതിയെ സമീപിച്ചത്.

കാസര്‍കോട് നീലേശ്വരം സ്വദേശിയാണ് മെഹ്നാസ്. ഇൻസ്റ്റാഗ്രാം വഴിയായിരുന്നു ഇരുവരെയും പരിചയപ്പെട്ടത്. 3 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് 2 വയസ്സുള്ള മകനുണ്ട്.