കന്നി വോട്ടര്‍മാരുടെ ശ്രദ്ധയ്ക്ക്, ബൂത്തിനുള്ളില്‍ അബദ്ധം കാണിക്കരുത്; ബീപ് ശബ്ദം കേട്ടില്ലെങ്കില്‍ ശ്രദ്ധിക്കണം! വോട്ട് ചെയ്യുന്നതിനെക്കുറിച്ച് വിശദമായി അറിയാം


വടകര: പോളിങ്ങ് ബൂത്തിലേക്ക് പോവാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ കന്നി വോട്ടര്‍മാര്‍ ആശങ്കയിലാണ്. പറഞ്ഞും അറിഞ്ഞും കേട്ടത് മാത്രം വച്ച് പോയാല്‍ എന്തേലും അബദ്ധം പറ്റുമോ എന്നതാണ് ചിലരുടെ ആശങ്ക. എന്നാല്‍ അത്തരത്തിലുള്ള പേടി നിങ്ങള്‍ക്ക് വേണ്ട. ബൂത്തിനുള്ളിലെ നടപടി ക്രമങ്ങളെക്കുറിച്ച് വിശദമായി മനസിലാക്കാം.

🔹സമ്മതിദായകൻ പോളിങ് ബൂത്തിലെത്തി ക്യൂവിൽ നിൽക്കുന്നു.

🔹വോട്ടറുടെ ഊഴമെത്തുമ്പോൾ പോളിങ് ഓഫീസർ വോട്ടർ പട്ടികയിലെ പേരും വോട്ടർ കാണിക്കുന്ന തിരിച്ചറിയൽ രേഖയും പരിശോധിക്കുന്നു.

🔹ഫസ്റ്റ് പോളിങ് ഓഫീസർ താങ്കളുടെ ഇടതുകൈയിലെ ചൂണ്ടുവിരലിൽ മഷി പുരട്ടുകയും സ്ലിപ് നൽകുകയും ഒപ്പിടുവിക്കുകയും ചെയ്യുന്നു.

🔹 പോളിങ് ഓഫീസർ സ്ലിപ് സ്വീകരിക്കുകയും വോട്ടറുടെ വിരലിലെ മഷി അടയാളം പരിശോധിക്കുകയും ചെയ്യുന്നു.

🔹വോട്ടർ വോട്ടിങ് നടത്തുന്നതിനുള്ള കമ്പാർട്ടുമെന്റിൽ എത്തുന്നു. അപ്പോൾ മൂന്നാം പോളിങ് ഓഫീസർ ബാലറ്റ് യൂണിറ്റ് വോട്ടിങ്ങിന് സജ്ജമാക്കുന്നു. അപ്പോൾ ബാലറ്റ് യൂണിറ്റിലെ റെഡ്‌ ലൈറ്റ് പ്രകാശിക്കുന്നു. ശേഷം വോട്ടർ താൽപര്യമുള്ള സ്ഥാനാർഥിക്ക് നേരെയുള്ള ഇവിഎമ്മിലെ നീല ബട്ടൺ അമർത്തുന്നു. അപ്പോൾ സ്ഥാനാർഥിയുടെ പേരിന് നേരേയുള്ള ചുവന്ന ലൈറ്റ് പ്രകാശിക്കുന്നു. ഉടൻ തന്നെ തിരഞ്ഞെടുത്ത സ്ഥാനാർഥിയുടെ ക്രമനമ്പർ,പേര്, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് സ്ലിപ്പ് വിവിപാറ്റ് യന്ത്രം പ്രിന്റ് ചെയ്യുകയും ഏഴ് സെക്കൻഡ് പ്രദർശിപ്പിക്കുകയും ചെയ്യുന്നു. കൺട്രോൾ യൂണിറ്റിൽ നിന്നുള്ള ബീപ് ശബ്ദം വോട്ട് രേഖപ്പെടുത്തി എന്ന് ഉറപ്പുവരുത്തുന്നു.

🔹വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫീസറെ ബന്ധപ്പെടുക. വോട്ട് ചെയ്ത ശേഷം പ്രിന്റ് ചെയ്ത സ്ലിപ് തുടർന്ന് വിവിപാറ്റ് യന്ത്രത്തിൽ സുരക്ഷിതമായിരിക്കും.

കള്ളവോട്ട്, ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ തടയുന്നതിനായി ജില്ലയിലെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്‌. വോട്ട് ചെയ്യാനെത്തുന്നയാള്‍ ബൂത്തില്‍ പ്രവേശിക്കുന്നതു മുതല്‍ പുറത്തിറങ്ങുന്നതു വരെയുള്ള വോട്ടെടുപ്പിന്റെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവി കാമറ വഴി കണ്‍ട്രോള്‍ റൂമില്‍ നിന്ന് തത്സമയം നിരീക്ഷിക്കും. ഇതിനായി വിപുലമായ സംവിധാനങ്ങള്‍ ജില്ലാ കലക്ടറേറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടാതെ വോട്ടര്‍പട്ടികയില്‍ ചിലയിടങ്ങളില്‍ ഇരട്ടവോട്ടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ തട്ടിപ്പുകള്‍ തടയുന്നതിന് പ്രത്യേകമായി സജ്ജീകരിച്ച എഎസ്ഡി മോണിറ്റര്‍ ആപ്പിന്റെ സേവനവും ബൂത്തുകളില്‍ ഉണ്ടാവും. വോട്ടര്‍പട്ടികയില്‍ ഇരട്ട വോട്ട് ഉള്ളതായി കണ്ടെത്തിയ വ്യക്തികളുടെ പ്രത്യേക പട്ടിക ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. ഇവര്‍ വോട്ട് ചെയ്യാനെത്തിയാല്‍ ഫോട്ടോ എടുത്ത് ആപ്പില്‍ അപ്ലോഡ് ചെയ്യും. വീണ്ടും ഇയാള്‍ വോട്ട് ചെയ്യാനെത്തുകയാണെങ്കില്‍ അത് കണ്ടെത്താന്‍ ആപ്പിന്റെ സഹായത്തോടെ സാധിക്കും. തട്ടിപ്പുകള്‍ കണ്ടെത്തിയാല്‍ അവര്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്‌.