”ഒന്നുമില്ലാതെ കയറി വന്നവരാണ് ഞങ്ങളില്‍ പലരും; ഇന്ന് എല്ലാ സന്തോഷങ്ങളോടെയും ഞങ്ങള്‍ ജീവിക്കുന്നുണ്ടെങ്കില്‍ അതിനുള്ള ധൈര്യം തന്നത് കുടുംബശ്രീയാണ്” ; കുടുംബശ്രീയ്‌ക്കൊപ്പമുള്ള രണ്ട് പതിറ്റാണ്ട് നീണ്ട അനുഭവം പങ്കുവെച്ച് ആനക്കുളം സ്വദേശി പ്രേമ


” മൂന്ന് സഹോദരന്മാരെയും കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ നിന്ന എനിക്ക് മുന്നോട്ടു ജീവിക്കാനുള്ള ധൈര്യം തന്നത് കുടുംബശ്രീയാണ്” കഴിഞ്ഞ 22 വര്‍ഷമായി കുടുംബശ്രീയുടെ സജീവ പ്രവര്‍ത്തകയായ ആനക്കുളം സ്വദേശി പ്രേമയോട് കുടുംബശ്രീയെക്കുറിച്ച് ചോദിച്ചാല്‍ ആദ്യം പറയുക ഇതാണ്.

‘മൂന്ന് സഹോദരന്മാരുണ്ട് പ്രേമയ്ക്ക്. വീട്ടുജോലി ചെയ്തും ചുമടെടുത്തുമൊക്കെയാണ് അവരെ പഠിപ്പിച്ചത്. അവരെ നല്ല നിലയില്‍ എത്തിച്ചു. അനുജത്തിയെ വിവാഹം കഴിപ്പിച്ചു. ആ ബാധ്യതകളൊക്കെ തീര്‍ത്ത് എനിക്ക് എന്റെ നിലയില്‍ മുന്നോട്ടുപോകാന്‍ സാധിച്ചത് കുടുംബശ്രീയിലേക്ക് വന്നതിനുശേഷമാണ്. ഒരു സഹോദരന്‍ മരണപ്പെട്ടതാണ്. അദ്ദേഹത്തിന്റെ കുടുംബത്തെക്കൂടി സംരക്ഷിക്കാന്‍ ഇന്നെനിക്ക് സാധിക്കുന്നുണ്ട്. ഞാന്‍ വിവാഹം കഴിച്ചിട്ടില്ല. ഈ ജോലിയുള്ളതുകൊണ്ട് മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് എനിക്ക് ഒരു പേടിയുമില്ല.’ പ്രേമ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

കുടുംബശ്രീ എന്നത് അത്രയൊന്നും ശ്രദ്ധ നേടിയിട്ടില്ലാത്ത കാലത്തേ കുടുംബശ്രീയെ വിശ്വസിച്ച് മുന്നോട്ടുവന്നയാളാണ് പ്രേമ. ആ യാത്രയെക്കുറിച്ച് പ്രേമ പറയുന്നു:

”സ്ഥിരമായി ജോലിയൊന്നുമില്ലാതെ, വീട്ടുജോലിയും മറ്റും ചെയ്ത് കിട്ടുന്ന തുച്ഛമായ പണം കൊണ്ട് ജീവിക്കുന്ന കാലത്താണ് മുനിസിപ്പാലിറ്റിയില്‍ കുടുംബശ്രീയെന്ന പരിപാടി തുടങ്ങുന്നുണ്ട് എന്നറിഞ്ഞത്. കൗണ്‍സിലറായിരുന്ന മേപ്പയില്‍ ബാലകൃഷ്ണന്‍ മാസ്റ്ററെ കണ്ട് കാര്യം പറഞ്ഞു. മുന്‍ എം.എല്‍.എ കെ.ദാസന്‍ ആയിരുന്നു അന്നത്തെ കൊയിലാണ്ടി മുനിസിപ്പാലിറ്റി ചെയര്‍മാന്‍. ഒരുദിവസം ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നെയും മറ്റൊരു സ്ത്രീയെയും കൂട്ടി മുനിസിപ്പാലിറ്റിയിലെത്തി. ‘നിങ്ങള്‍ എന്ത് പണിയെടുക്കും’ എന്ന് ചോദിച്ചപ്പോള്‍ എന്ത് പണിയെടുക്കാനും ഞങ്ങള്‍ തയ്യാറാണെന്നു പറഞ്ഞു. ഞങ്ങളെപ്പോലുള്ള 60ഓളം സ്ത്രീകളെയും കൂട്ടി ദാസേട്ടന്‍ വടകര മുനിസിപ്പാലിറ്റിയില്‍ കൊണ്ടുപോയി. അവിടെവെച്ച് 60 ആളുകളെ ആറ് യൂണിറ്റുകളാക്കി.

ഹോട്ടല്‍, തയ്യല്‍ എന്നിങ്ങനെ ഓരോ കൂട്ടര്‍ ഓരോ യൂണിറ്റ് ഏറ്റെടുത്തു. സോപ്പ് നിര്‍മ്മാണ യൂണിറ്റ് മാത്രം ബാക്കിയായി. ദാസേട്ടന്‍ ആവശ്യപ്പെട്ടതു പ്രകാരം ഞങ്ങള്‍ ആ യൂണിറ്റ് ഏറ്റെടുത്തു. ‘മുന്നോട്ട് പോകാന്‍ പറ്റിയില്ലെങ്കില്‍ പാതി വഴിയില്‍ വെച്ച് നിര്‍ത്തിയെന്ന് പഴി പറയരുത്, ഞങ്ങള്‍ക്ക് അങ്ങോളം കൊണ്ടുപോകാന്‍ പറ്റുന്ന ഒന്നായാല്‍ നന്ന്’ എന്ന് ഞങ്ങള്‍ ആദ്യമേ പറഞ്ഞിരുന്നു. ‘നിങ്ങള് പേടിക്കേണ്ട അടുത്ത കൊല്ലം കൊയിലാണ്ടി ഒരു സര്‍ക്കസ് വരുന്നുണ്ട്, അവിടെ ചെറിയ കടികളും ചായയുമൊക്കെ തുടങ്ങാമെന്ന്’ അദ്ദേഹം ഉറപ്പു നല്‍കിയത് പ്രകാരമാണ് സോപ്പ് യൂണിറ്റ് ഏറ്റെടുത്തത്. അത് ഒരുവര്‍ഷത്തോളമേ നിലനിന്നുള്ളൂ.

2002 ഒക്ടോബര്‍ 27നാണ് കൊയിലാണ്ടി സര്‍ക്കസുകാര്‍ വന്നത്. പിറ്റേദിവസം ഞങ്ങളും ചായക്കട തുടങ്ങി. ചെറിയൊരു ഷെഡ് കെട്ടിയായിരുന്നു പ്രവര്‍ത്തനം. ഒരുമാസം കഴിഞ്ഞപ്പോള്‍ സര്‍ക്കസുകാര്‍പോയി. ഇനി ഞങ്ങള്‍ എങ്ങോട്ടും പോകുന്നില്ല, ഇവിടെ തന്നെ എന്തെങ്കിലും സംവിധാനമുണ്ടാക്കി തരണമെന്ന് ദാസേട്ടനോട് പറഞ്ഞു. ആ ഇടയ്ക്കാണ് പുതിയ ബസ് സ്റ്റാന്റിന്റെ പണി തുടങ്ങിയത്. അവിടെ പണിയെടുക്കുന്നവര്‍ക്ക് ഭക്ഷണമൊരുക്കിയും മറ്റും പിന്നീട് മുന്നോട്ടുപോയി. 2008 വരെ അവിടെ നിന്നു. കുടുംബശ്രീയ്ക്കായി നഗരസഭയുടെ ബില്‍ഡ് ഉണ്ടായിരുന്നു സ്റ്റാന്റില്‍. അവിടെ ഞങ്ങള്‍ക്കൊരു മുറി അനുവദിച്ചു കിട്ടി. 2008 മെയ് ഒമ്പതിന് ഞങ്ങള്‍ അവിടെ കട തുടങ്ങി. അതിനുശേഷം ഒരിക്കല്‍ പോലും പിന്നോട്ടുപോക്കുണ്ടായിട്ടില്ല. ഓരോ ദിവസം കഴിയുന്തോറും ഉയര്‍ച്ചയായിരുന്നു. ഏഴുപേരാണ് ഇവിടെ ജോലി ചെയ്തത്. 2020 മാര്‍ച്ച് മുതല്‍ കമ്മ്യൂണിറ്റി കിച്ചനായി പ്രവര്‍ത്തനം തുടങ്ങി. 2020 മെയ് മാസത്തോടെ ഇത് ജനകീയ ഹോട്ടലായി മാറി. ഇപ്പോള്‍ ഇവിടെ ജോലി ചെയ്യുന്നവരെല്ലാം നല്ല നിലിയില്‍ ജീവിക്കുന്നുണ്ട്.

ഒന്നുമില്ലാതെ കയറി വന്നവരാണ്. ഇപ്പോള്‍ വീടുണ്ട്. മക്കളെ വിവാഹം കഴിപ്പിച്ചയച്ചവരുണ്ട്. സ്ഥലം വാങ്ങിച്ചവരുണ്ട്. ചുരുങ്ങിയത് 22000 രൂപ സര്‍ക്കാറില്‍ നിന്നും ശമ്പളമായി വാങ്ങുന്നുണ്ട്. ഏഴ് പേര്‍ക്കൊപ്പം ഒരു പാചകക്കാരനും അക്കൗണ്ടും കൂടെയുണ്ട്. കച്ചവടം കൂടിയപ്പോള്‍ ഒരാളെക്കൂടി വെച്ചിട്ടുണ്ട്. എഴുന്നൂറിലേറെ ചോറ് പോകും ഒരു ദിവസം.”

അധ്വാനിക്കാന്‍ മനസുള്ള ഏതൊരു സ്ത്രീയ്ക്കും ആരെയും ആശ്രയിക്കാതെ ജീവിക്കാനുള്ള ധൈര്യം നല്‍കും കുടുംബശ്രീ എന്നാണ് പ്രേമ തന്റെ അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് പറയുന്നത്.