കോഴിക്കോട് ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ സ്‌കൂളുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കും; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം തുടരും


കോഴിക്കോട്: ജില്ലയില്‍ നിപ വൈറസ് ഭീഷണി കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍ 25 തിങ്കളാഴ്ച മുതല്‍ സ്‌കൂളുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കണ്ടെയ്‌മെന്റ് സോണുകളില്‍ നിലവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും കലക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

വിദ്യാര്‍ഥികള്‍ക്കുള്ള നിര്‍ദേശങ്ങള്‍:

വിദ്യാര്‍ഥികള്‍ പതിവുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിച്ചേരേണ്ടതാണ്.

വിദ്യാര്‍ഥികളും അധ്യാപകരും മറ്റു ജീവനക്കാരും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണം

വിദ്യാലയങ്ങളും പ്രവേശന കവാടത്തിലും ക്ലാസ് റൂമുകളിലും സാനിറ്റൈസര്‍ വെക്കേണ്ടതും എല്ലാവരും ഇത് ഉപയോഗിച്ച് കൈകള്‍ സാനിറ്റൈസ് ചെയ്യേണ്ടതുമാണ്.

കണ്ടെയ്‌മെന്റ് സോണുകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അവിടെ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് വരെ അധ്യയനം ഓണ്‍ലൈന്‍ ആയി തുടരേണ്ടതാണ്.