കൊയിലാണ്ടിക്കാരൻ രോഹൻ എസ് കുന്നുമ്മലിന്റെ വെടിക്കെട്ട് ബാറ്റിംഗ്; വിജയ് ഹസാരെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അരുണാചല്‍ പ്രദേശിനെ ഒന്‍പത് വിക്കറ്റിന് തകര്‍ത്ത് കേരളം


കൊയിലാണ്ടി: വിജയ് ഹസാരെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയം. അരുണാചല്‍ പ്രദേശിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് കേരളം വിജയമാഘോഷിച്ചു. പുറത്താവാതെ 77 റണ്‍സെടുത്ത രോഹന്‍ എസ് കുന്നുമ്മലും നാല് വിക്കറ്റെടുത്ത എന്‍.പി ബേസിലുമാണ് കേരളത്തിന്റെ വിജയശില്‍പികള്‍. വെറും 28 പന്തുകളിൽ 13 ബൗണ്ടറിയും 3 സിക്സറും സഹിതം 77 റൺസെടുത്ത രോഹൻ നോട്ടൗട്ടാണ്.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച അരുണാചല്‍ പ്രദേശിനെ കേരള ബൗളര്‍മാര്‍ വെറും 102 റണ്‍സിന് പുറത്താക്കി. 29.3 ഓവറില്‍ എല്ലാ ബാറ്റര്‍മാരും കൂടാരം കയറി. ബേസില്‍ 7.3 ഓവറില്‍ ഒരു മെയ്ഡനടക്കം 17 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റെടുത്തു. സിജോമോന്‍ ജോസഫ് മൂന്ന് വിക്കറ്റ് സ്വന്തമാക്കി.

59 റണ്‍സെടുത്ത ഓപ്പണര്‍ രോഹിത് മാത്രമാണ് അരുണാചലിനുവേണ്ടി പിടിച്ചുനിന്നത്.  മറ്റ് ബാറ്റര്‍മാര്‍ക്കാരും രണ്ടക്കം പോലും കാണാനായില്ല. 25 റണ്‍സ് എക്‌സ്ട്രാസിലൂടെ വന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം ട്വന്റി 20 ശൈലിയിലാണ് ബാറ്റ് വീശിയത്. വെറും 10.3 ഓവറില്‍ കേരളം വിജയത്തിലെത്തി. ഓപ്പണര്‍ രോഹന്‍ എസ് കുന്നുമ്മല്‍ തകര്‍ത്തടിച്ചു. മറ്റൊരു ഓപ്പണറായ രാഹുല്‍ 26 റണ്‍സ് നേടി. ആദ്യ വിക്കറ്റില്‍ ഇരുവരും 95 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വീണ ഏകവിക്കറ്റ് ലിമാര്‍ ദാബി നേടി.

Summary: Rohan S Kunnummal’s brilliant batting Kerala beat Arunachal Pradesh by nine wickets in the Vijay Hazare Cricket Tournament