താരനും മുടി കൊഴിച്ചിലും നിങ്ങളെ അലട്ടുന്നുണ്ടോ? ഇതിനെ നിസാരമായി കാണല്ലേ, കാരണങ്ങള്‍ ഇതാവാം


മുടികൊഴിച്ചിലും താരനും നിങ്ങളെ അലട്ടുന്നുണ്ടോ? പല പരീക്ഷണങ്ങളും നടത്തി മടുത്തോ? എങ്കില്‍ ഇനി മുടി കൊഴിയുന്നതിന്റെ കാരണം അറിഞ്ഞുവേണം പ്രതിവിധി കണ്ടെത്താന്‍. പല കാരണങ്ങള്‍ കൊണ്ടും മുടികൊഴിച്ചിലുണ്ടാകാം. ശരിയായ മുടി സംരക്ഷണമില്ലാത്തത്, ഭക്ഷണക്രമം, സമ്മര്‍ദ്ദം, ഹോര്‍മോണ്‍ മാറ്റങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ ഘടകങ്ങള്‍ മുടി കൊഴിച്ചിലിന് കാരണമാകും. മുടികൊഴിച്ചിലുണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങളിതാ…

ഭക്ഷണത്തിലെ വിറ്റാമിനുകള്‍, പ്രോട്ടീനുകള്‍, ധാതുക്കള്‍ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ അഭാവം അമിതമായ മുടി കൊഴിച്ചിലിന് കാരണമാകും. ഇതിനെ ചെറുക്കുന്നതിന് പഴങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീനുകള്‍, ധാന്യങ്ങള്‍ എന്നിവ അടങ്ങിയ സമീകൃതാഹാരം ഉറപ്പാക്കുക. ആരോഗ്യമുള്ള മുടി വളര്‍ച്ച നിലനിര്‍ത്താന്‍ ജലാംശം നിലനിര്‍ത്തുക.

സമ്മര്‍ദ്ദം മുടി വളര്‍ച്ചയെ ബാധിക്കാം. ധ്യാനം, യോഗ, പതിവ് വ്യായാമം തുടങ്ങിയവ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഇഷ്ടപ്പെട്ട ഹോബികള്‍ ചെയ്യുക, പ്രിയപ്പെട്ടവരുമായി സംസാരിക്കുക, സമതുലിതമായ ജീവിതശൈലി നിലനിര്‍ത്തുക എന്നിവയും ആരോഗ്യമുള്ള മുടി വളര്‍ച്ചയ്ക്ക് സഹായിക്കും.

കെമിക്കല്‍ ട്രീറ്റ്മെന്റുകള്‍, ഹെയര്‍ ഡൈകള്‍ എന്നിവയുടെ അമിതമായ ഉപയോഗം മുടിയുടെ ആരോഗ്യത്തെ ബാധിക്കാം.

ഗര്‍ഭാവസ്ഥയിലോ ആര്‍ത്തവവിരാമത്തിലോ തൈറോയിഡ് ഗ്രന്ഥിയിലോ അനുഭവപ്പെടുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മുടി കൊഴിച്ചിലിന് കാരണമാകും. ഹോര്‍മോണ്‍ അളവ് സ്ഥിരപ്പെടുത്തുന്നതിനും മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനും മരുന്നുകളോ ജീവിതശൈലി മാറ്റങ്ങളോ വരുത്തുന്നത് ഗുണം ചെയ്യും.

ശുചിത്വം ഇല്ലായ്മ തലയോട്ടിയിലെ അണുബാധകളാലും മുടി കൊഴിച്ചിലിന് കാരണമാകും. മുടി വളര്‍ച്ചയ്ക്ക് ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കാന്‍ നല്ല ശുചിത്വം പാലിക്കുകയും ചെയ്യുക. രക്തയോട്ടം ഉത്തേജിപ്പിക്കാനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും തലയോട്ടിയില്‍ മൃദുവായി മസാജ് ചെയ്യുക.

തലയോട്ടിയിലെ അണുബാധ മുടികൊഴിച്ചിലിനും താരനും കാരണമാകും. അത് കൂടാതെ, ചില മരുന്നുകളുടെ പാര്‍ശ്വഫലം മുടികൊഴിച്ചിലുണ്ടാക്കാം.