തവക്കുൽ: വിശ്വാസിക്ക് നൽകുന്ന കരുത്ത് | റമദാൻ സന്ദേശം 22 – എം.പി.തഖിയുദ്ധീൻ ഹൈതമി


റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി

നന്മ തിന്മകളുടെ ആത്യന്തികമായ നിർണയം അല്ലാഹുവിൽ നിന്നു മാത്രമാണെന്ന് വിശ്വസിക്കുന്ന ഏതൊരാൾക്കും നന്മ നേടാനും തിന്മ തടയാനും അല്ലാഹുവിനോടല്ലാതെ തേടാൻ സാധിക്കുകയില്ല. നന്മകൾ കരഗതമാക്കുവാനും തിന്മകളിൽ നിന്നും അകലം പാലിക്കുവാനും നമ്മളാൽ സാധ്യമായ കാര്യങ്ങൾ ചെയ്ത ശേഷം അല്ലാഹുവിൽ ഭരമേൽപ്പിക്കണം(തവക്കുൽ).സർവ്വവും അല്ലാഹുവിൽ സമർപ്പിച്ചുള്ള ജീവിതം വിശ്വാസിയുടെ ഗുണമായിട്ടാണ് വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത്.

അല്ലാഹു പറയുന്നു:” അല്ലാഹുവിൽ ഭരമേൽപ്പിച്ചാൽ അവന് അല്ലാഹു തന്നെ മതിയാകുന്നു.” അല്ലാഹു അവന്റെ സൃഷ്ടിയായിട്ടുള്ള മനുഷ്യനെ ഏതെങ്കിലും വിധത്തിലുള്ള പ്രതിസന്ധി നൽകി പരീക്ഷിക്കുകയാണെങ്കിൽ അത് തടയാനോ, അതല്ലെങ്കിൽ അല്ലാഹു ഒരു മനുഷ്യന് നൽകുന്ന അനുഗ്രഹം തടയാനോ സൃഷ്ടികളിൽ ഒരാൾക്കും തന്നെ സാധ്യമല്ല.അതുകൊണ്ട് തന്നെ നമ്മുടെ എല്ലാ കാര്യങ്ങളിലും അല്ലാഹു മാത്രം മതി, അവന്റ ആസൂത്രണങ്ങൾക്കും തീരുമാനങ്ങൾക്കും മാത്രമേ ശക്തിയുള്ളൂ എന്ന ചിന്ത വിശ്വാസിയായ ഒരു മനുഷ്യന്റെ ഹൃദയത്തിന്റെ വെളിച്ചമായിരിക്കണം.

അതിന്റെ നേർസാക്ഷ്യമായിരുന്നു ബദ്ർ രണഭൂമികയിൽ നാം ദർശിച്ചത്.വിശുദ്ധ റമദാൻ വ്രതം നിർബന്ധമാക്കിയ അതേ വർഷമാണ് ബദ്ർ സംഘട്ടനം സംഭവിക്കുന്നത്.മുമ്പൊന്നും നോമ്പെടുത്ത് പരിചയമില്ലാത്ത ബദ്‌രീങ്ങൾ നോമ്പനുഷ്ടിച്ചു കൊണ്ട്,ചുട്ടുപൊള്ളുന്ന ചൂടിൽ നിന്നും അവരുടെ പാദങ്ങൾക്ക് രക്ഷയേകാൻ പാദരക്ഷകൾ പോലുമില്ലാതെ, പൊട്ടിയ വാളും പരിചയുമായി യുദ്ധക്കളത്തിലേക്ക് പുറപ്പെടുമ്പോൾ അവരുടെ ഹൃദയത്തിന് വെണ്മയേകിയത് ഞങ്ങൾക്ക് അല്ലാഹു മാത്രം മതി,അവന്റെ സഹായമുണ്ടാകുമെന്ന അപാരമായ തവക്കുലിന്റെ ശക്തിയായിരുന്നു.

എന്നാൽ മനുഷ്യന് സാധ്യമായ അധ്വാനങ്ങളും പരിശ്രമങ്ങളും നടത്താതെ എല്ലാം അല്ലാഹു നിറവേറ്റിത്തരുമെന്ന് ആശ്വസിച്ചിരിക്കണമെന്ന് ഇതിന് അർത്ഥമില്ല.അതിനാവശ്യമായ തയ്യാറെടുപ്പുകൾ വിശ്വാസി തന്നെ നടത്തണം.
സന്തോഷകരമായ ഒരു കാര്യം സംഭവിച്ചാൽ അതിന് അല്ലാഹുവിനോടു നന്ദി രേഖപ്പെടുത്തുകയും സങ്കടകരമായ വല്ലതും സംഭവിച്ചാൽ അതിൽ ക്ഷമിക്കുകയുമാണ് സത്യവിശ്വാസി ചെയ്യേണ്ടത്.എത്ര വലിയ പ്രതിസന്ധിയിലും അല്ലാഹുവിൽ തവക്കുൽ ചെയ്തു മുന്നോട്ടുപോകാൻ നമുക്ക് സാധിക്കണം.അല്ലാഹു അനുഗ്രഹിക്കട്ടെ-ആമീൻ.


കൊയിലാണ്ടി ന്യൂസ് ഡോട് കോമിൽ മുൻപ് പ്രസിദ്ധീകരിച്ച റമദാൻ സന്ദേശങ്ങൾ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…