പ്രവാചക മാതൃകയിലെ അത്താഴവും നോമ്പുതുറയും | റമദാൻ സന്ദേശം 06 – എം.പി.തഖിയുദ്ധീൻ ഹൈതമി


റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി

വിശ്വാസിയുടെ സ്വഭാവസംസ്കരണത്തിന്റെയും ഹൃദയശുദ്ധീകരണത്തിന്റെയും വസന്തകാലമാണല്ലോ വിശുദ്ധ റമദാൻ.മറ്റു മതവിശ്വാസികളുടെ വ്രതത്തിൽ നിന്നും ഇസ്‌ലാമിലെ വ്രതത്തെ ഏറെ വ്യത്യസ്തമാക്കുന്ന കാര്യമാണ് നോമ്പിനു വേണ്ടി അത്താഴം കഴിക്കുക എന്നത്.മാത്രവുമല്ല ഇത് പ്രവാചകചര്യ കൂടിയാണ്.”നിങ്ങൾ അത്താഴം കഴിക്കുക,അതിൽ അനുഗ്രഹമുണ്ട്” എന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) ഉൾപ്പെടെയുള്ള മുൻകഴിഞ്ഞ പ്രവാചകന്മാരുടെയല്ലാം പതിവായിരുന്നു അത്താഴം കഴിക്കുക എന്നത്. അത്താഴത്തെ പിന്തിക്കലും,മൂന്ന് ഈത്തപ്പഴം കൊണ്ടായിരിക്കലും സുന്നത്താണ്.

അന്നപാനീയങ്ങളിൽ നിന്നും ലൈംഗികതയിൽ നിന്നുമെല്ലാം പ്രഭാതോദയം മുതൽ അസ്തമയം വരെ അകലം പാലിച്ച് ആ ദിവസത്തെ നോമ്പ് അവസാനിപ്പിക്കലാണ് നോമ്പ് തുറക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.അത്താഴത്തിന് ഈത്തപ്പഴം കഴിക്കുക സുന്നത്താണ് എന്നതു പോലെ തന്നെ നോമ്പുതുറക്കുന്നതും മൂന്ന് ഈത്തപ്പഴം കൊണ്ടായിരിക്കൽ സുന്നത്താണ്.

അസ്തമിച്ച ഉടനെ ഈത്തപ്പഴം ലഭ്യമാവാതിരിക്കുകയും വെള്ളം മാത്രമേ അരികിലുള്ളൂ എങ്കിൽ ഈത്തപ്പഴത്തിനു പ്രതീക്ഷിച്ചിരുന്ന് സമയം ദീർഘിപ്പിക്കാതെ അസ്തമയത്തിന്റെ ആദ്യ വേളയിൽ ലഭ്യമായതുകൊണ്ട് നോമ്പ് തുറക്കുകയാണ് വേണ്ടത്.

ഇന്ന് നമ്മുടെ നാടുകളിലെല്ലാം റമദാൻ വ്രതം ആഗതമാകുന്നതിന് മുമ്പ് തന്നെ നോമ്പുതുറക്കും മറ്റുമുള്ള വിഭങ്ങളെല്ലാം വീട്ടിൽ ശേഖരിച്ച് തയ്യാറാക്കുന്ന പതിവാണുള്ളത്.എന്നാൽ പ്രവാചക കാലത്ത് ഇത്തരം തയ്യാറെടുക്കൽ നടത്തിയിരുന്നില്ല എന്ന് ഹുജ്ജത്തൽ ഇസ്ലാം ഇമാം അബൂ ഹാമിദ് അൽ ഗസ്സാലി (റ) തന്റെ ഇഹ്‌യാ ഉലൂമുദ്ധീൻ എന്ന വിഖ്യാത ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അതോടൊപ്പം തന്നെ റമദാൻ ഭക്ഷണരീതി കൊണ്ട് ആരോഗ്യകരമായ നേട്ടം കൈവരിക്കുക എന്ന ലക്ഷ്യമാണുള്ളതെങ്കിൽ ആ വ്രതത്തിന്റെ പ്രതിഫലം പൂർണാർത്ഥത്തിൽ കരഗതമാവുകയില്ല.അതേസമയം ഇത്തരം ഭക്ഷണ രീതികൊണ്ട് ആരോഗ്യകരമായ ഒരുപാട് നേട്ടങ്ങളുണ്ട്.ദേഹത്തെ പുഷ്ടിപ്പെടുത്തുകയല്ല, മറിച്ച് ദേഹിയെ സംസ്കരിച്ചെടുക്കുകയാണ് റമദാൻ വ്രതം കൊണ്ട് വിശ്വാസി ലക്ഷീകരിക്കേണ്ടത്.


റമദാൻ സന്ദേശം മുൻ ഭാഗങ്ങൾ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക…