ഊരള്ളൂര്‍ കുഴിവയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രാജീവന്റെ മൃതദേഹം സംസ്‌കരിച്ചു


അരിക്കുളം: ഊരള്ളൂര്‍ കുഴിവയലില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ ചെത്തില്‍ രാജീവന്റെ മൃതദേഹം സംസ്‌കരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു.

ഇന്നലെ രാവിലെ ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ കുഴിവയല്‍ താഴെ പുതിയെടുത്ത് വീടിന് സമീപം വയലരികിലായാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. വയലില്‍ നിന്നും കത്തിക്കരിഞ്ഞ നിലയില്‍ കാലുകളാണ് ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് സമീപത്ത് കത്തിച്ചതിന്റെ പാടുകളും കണ്ടു. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹത്തിന്റെ മറ്റുഭാഗങ്ങള്‍ കണ്ടെത്തിയത്.

രാജീവന്റെ വസ്ത്രത്തിന്റെ ചെറിയ ഭാഗങ്ങളില്‍ നിന്നുമാണ് മൃതദേഹം ആരുടെതാണെന്ന് തിരിച്ചറിഞ്ഞത്. കൂടാതെ ഭാര്യ മൃതദേഹം രാജീവന്റേതാണെന്ന് സ്ഥിരീകരിച്ചിരുന്നു.