കൊല്ലം പിഷാരികാവില്‍ കോമത്ത് പോക്ക് നിര്‍വഹിച്ചിരുന്ന രാഘവന്‍നായര്‍ക്ക് ആദരം


കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രകാളിയാട്ട മഹോത്സവത്തിന്റെ ഏറെ പ്രധാനപ്പെട്ട ചടങ്ങായ ‘കോമത്ത് പോക്ക് ‘ കഴിഞ്ഞ 22 വര്‍ഷം തുടര്‍ച്ചയായി നിര്‍വ്വഹിച്ചു വന്ന എം.രാഘവന്‍ നായരെ ശ്രീ പിഷാരികാവ് ക്ഷേത്ര ക്ഷേമ സമതിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു.

എം.രാഘവന്‍ നായർ

പിഷാരികാവ് ക്ഷേത്രോത്പത്തിയുമായി ബന്ധപ്പെട്ട ചരിത്രത്തില്‍ ദേവീ ചൈതന്യം ആവാഹിക്കപ്പെട്ട നാന്ദകം വാള്‍ പ്രതിഷ്ഠിക്കുവാന്‍ സ്ഥലവും സൗകര്യങ്ങളും അനുവദിച്ച അന്നത്തെ നാടുവാഴിയായ തെക്കേടത്ത് നായരെ നേരിട്ട് ക്ഷണിക്കുന്നതിനായി കാവിലമ്മയുടെ പ്രതിനിധിയായി പോകുന്ന ചടങ്ങിനെയാണ് കോമത്ത് പോക്ക് എന്ന് വിശേഷിപ്പിച്ചു വരുന്നത്. ഈ നിയോഗം നിറഞ്ഞ ഭക്തിയോടെയും, സമര്‍പ്പിത മനസ്സോടെയും നിര്‍വ്വഹിച്ചുവന്ന രാഘവന്‍ നായര്‍ വാര്‍ദ്ധക്യ സഹജമായ കാരണങ്ങളാല്‍ തൊട്ടടുത്ത മുതിര്‍ന്ന അംഗത്തിന് ചുമതല കൈമാറിയിരിക്കുകയാണ്.

ക്ഷേത്രം തന്ത്രി കുടുംബത്തിന്റെ പ്രതിനിധി ബ്രഹ്‌മശ്രീ. പേരൂര് ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരി രാഘവന്‍ നായരെ പെന്നാടയണിയിക്കുകയും, ഉപഹാരം സമര്‍പ്പിക്കുകയും ചെയ്തു.

സമിതി പ്രസിഡണ്ട് വി.വി. ബാലന്‍ അദ്ധ്യക്ഷം വഹിച്ചു. ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ കെ.ബാലന്‍ നായര്‍, എക്‌സി. ഓഫീസര്‍ കെ.വേണു, ഇളയിടത്ത് വേണുഗോപാല്‍, പ്രമോദ് തുന്നോത്ത്, ഇ.എസ്. രാജന്‍, ടി.കെ.രാധാകൃഷ്ണന്‍, എം.എം.രാജന്‍, എന്‍.വി. വത്സന്‍, വി.വി.സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.