ജോലി അന്വേഷിക്കുകയാണോ? ഉദയം പദ്ധതിയില്‍ ഒഴിവുകളുണ്ട്, പത്താം ക്ലാസ് പാസായവർക്ക് ഉൾപ്പെടെ അവസരം, വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (23/12/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

തീയതി നീട്ടി

ഡി.ടി.പി.സി കോഴിക്കോട് കാപ്പാട് ഏരൂല്‍ ബീച്ച് കഫ്തീരിയ ആന്റ് കംഫര്‍ട്ട് സ്റ്റേഷന്‍ നിലവിലുള്ള സ്ഥിതിയില്‍ മൂന്ന് വര്‍ഷത്തേക്ക് നടത്തുന്നതിനുള്ള ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തിയതി വ്യാഴാഴ്ച (ഡിസംബര്‍ 29) ഉച്ചയ്ക്ക് ഒരുമണിവരെ ദീര്‍ഘിപ്പിച്ചു. അന്നേ ദിവസം മൂന്ന് മണിക്ക് ടെണ്ടര്‍ തുറക്കും.

ടെണ്ടര്‍ ക്ഷണിച്ചു

2022-23 വര്‍ഷത്തില്‍ അങ്കണവാടികള്‍ക്കാവശ്യമായ കണ്ടിന്‍ജന്‍സി സാധനങ്ങള്‍ സപ്ലൈ ചെയ്യുന്നതിന് എസിഡിഎസ് അര്‍ബന്‍ 4 ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഡിസംബര്‍ 29. വിശദവിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0495 2481145.

കിഴങ്ങു വര്‍ഗ വിളകളുടെ മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങളില്‍ പ്രായോഗിക റസിഡന്‍ഷ്യല്‍ പരിശീലനം

അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റൈനബിള്‍ എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായി സംരംഭകന്‍ /സംരംഭക ആവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കിഴങ്ങ് വര്‍ഗങ്ങളുടെ മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങളില്‍ പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം കേന്ദ്ര കിഴങ്ങു വര്‍ഗ ഗവേഷണ കേന്ദ്രത്തില്‍ ജനുവരി 3 മുതല്‍ 11 വരെയാണ് പരിശീലനം. കോഴ്സ് ഫീ, സെര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പെടെ 1,770 രൂപയാണ് 7 ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. താത്പര്യമുള്ളവര്‍ KIED-ന്റെ www.kied.info എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി ഡിസംബര്‍ 27 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. തിരെഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2532890, 2550322, 7012376994 എന്നി നമ്പറുകളില്‍ ബന്ധപ്പെടുക.

കോഴ്‌സുകള്‍ ആരംഭിക്കുന്നു

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ ആഭിമുഖ്യത്തില്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് അയലൂരില്‍ ജനുവരിയില്‍ വിവിധ കോഴ്‌സുകള്‍ ആരംഭിക്കുന്നു. പിജിഡിസിഎ (യോഗ്യത- ഡിഗ്രി), ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (യോഗ്യത- എസ്എസ്എല്‍സി), ഡിസിഎ (യോഗ്യത- പ്ലസ് ടു), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (യോഗ്യത- എസ്എസ്എല്‍സി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (യോഗ്യത- പ്ലസ്ടു), ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് (യോഗ്യത- ഡിഗ്രി / ത്രിവത്സര ഡിപ്ലോമ), പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബെഡ്ഡ്ഡ് സിസ്റ്റം ഡിസൈന്‍ (യോഗ്യത- എംടെക്, ബിടെക്, എം എസ് സി) എന്നിവയാണ് കോഴ്‌സുകള്‍. അപേക്ഷ ഫോറം www.ihrd.ac.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷിക്കുന്നവര്‍ പൂരിപ്പിച്ച അപേക്ഷ ഫോറം, രജിസ്‌ട്രേഷന്‍ ഫീസായ രൂപ 150 /(ജനറല്‍ )രൂപ 100 /(എസ് സി/എസ് ടി) ഡിഡി എന്നിവ സഹിതം ഡിസംബര്‍ 30 വൈകുന്നേരം 4 മണിക്ക് മുന്‍പ് ഓഫീസില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് 8547005029, 9495069307, 9447711279,
0492 3241766.

അറിയിപ്പ്

കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ പ്യൂണ്‍/വാച്ച്മാന്‍ (കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിലെ പാര്‍ട്ട് ടൈം ജീവനക്കാരില്‍ നിന്നും നേരിട്ടുളള നിയമനം) തസ്തികയുടെ (കാറ്റഗറി നമ്പര്‍ 276/2020) തെരഞ്ഞെടുപ്പിന് 04.05.2022ന് നിലവില്‍ വന്ന 224/2022/SSVII നമ്പര്‍ റാങ്ക് ലിസ്റ്റിലുള്ള മുഴുവന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും 05/11/2020 വരെ ലഭിച്ച ഒഴിവില്‍ തന്നെ നിയമന ശിപാര്‍ശ നല്‍കിയതിനാല്‍ റാങ്ക് ലിസ്റ്റ് കാലഹരണപ്പെട്ടതായി പബ്ലിക് സര്‍വീസ് കമ്മീഷന്‍ കോഴിക്കോട് മേഖലാ ഓഫീസര്‍ അറിയിച്ചു.

ഉദയം പദ്ധതിയില്‍ ഒഴിവുകള്‍

സാമൂഹ്യപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരില്‍ നിന്നും സോഷ്യല്‍ വര്‍ക്കര്‍ ഒഴിവുകളിലേക്കും, നഴ്‌സിങ്ങില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ളവരില്‍ നിന്നും നഴ്‌സിംഗ് ഓഫീസറുടെ ഒഴിവിലേക്കും, പത്താം ക്ലാസ് പാസ് ആയവരില്‍ നിന്നും കെയര്‍ ടേക്കര്‍ ഒഴിവിലേക്കും ഉദയം പദ്ധതിയില്‍ നിയമനം നടത്തുന്നു. ബയോഡേറ്റയും അപേക്ഷയും ഡിസംബര്‍ 26നു മുന്‍പ് ചേവായൂര്‍ ത്വക്രോഗാശുപത്രിയിലെ ഉദയം പദ്ധതിയുടെ ഓഫിസില്‍ ലഭിക്കണം. ഫോണ്‍ 9207391138. ഇ മെയില്‍ [email protected]

അറിയിപ്പ്

കോഴിക്കോട് ഗവ:മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൗജന്യ സേവനം ചെയ്യാന്‍ താല്പര്യമുളള നിശ്ചിത യോഗ്യതകളുളള നേഴ്‌സുമാരെയും നഴ്‌സിംഗ് അസിസ്റ്റന്റുമാരെയും 1 വര്‍ഷം കാലയളവിലേക്ക് സൗജന്യ സേവനത്തില്‍ നിയമിക്കുന്നു. ഇവര്‍ക്ക് ഭാവിയില്‍ വിദേശ ജോലിക്കും മറ്റും സഹായകമാവും വിധം പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു നല്‍കുക മാത്രം ചെയ്യും. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികളില്‍ ഡിസംബര്‍ 29 ന് രാവിലെ 11 മണിക്ക് ഗവ:മെഡിക്കല്‍ കോളേജ് എച്ച് ഡി എസ് ഓഫീസില്‍ നടക്കുന്ന നേരിട്ടുളള അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ്. വിവരങ്ങള്‍ക്ക് 0495 2355900.

ഓംബുഡ്‌സ്മാന്‍ സിറ്റിംഗ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് ഡിസംബര്‍ 27 ന് കോഴിക്കോട് ജില്ലാ എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്‌സ്മാന്‍ വി. പി. സുകുമാരന്‍ കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ പ്രത്യേക സിറ്റിംഗ് നടത്തും. രാവിലെ 11 മണി മുതലാണ് സിറ്റിംഗ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്കും പദ്ധതി തൊഴിലാളികള്‍ക്കും നേരിട്ട് ഓംബുഡ്‌സ്മാന് നല്‍കാം.

ടെണ്ടര്‍ ക്ഷണിച്ചു

ഐ.സി.ഡി.എസ് അര്‍ബന്‍ 3 കോഴിക്കോട് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ അങ്കണവാടികള്‍ക്കാവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ സപ്ലൈ ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 30. വിശദ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. വിവരങ്ങള്‍ക്ക് ഫോണ്‍ 0495 2461197.

ഗ്രാഫിക് ഡിസൈനര്‍ നിയമനം

കേരള മീഡിയ അക്കാദമിയില്‍ ഒരു വര്‍ഷത്തേക്ക് വിവിധ ഗ്രാഫിക് ഡിസൈനിംഗ് ജോലികള്‍ നിര്‍വ്വഹിക്കാന്‍ താല്‍പര്യപത്രം ക്ഷണിച്ചു. ഇല്ലസ്ട്രേറ്റര്‍, ഇന്‍ഡിസൈന്‍ സോഫ്റ്റ്‌വെയറുകളിൽ പ്രാവീണ്യം അഭികാമ്യം. മാഗസിന്‍, സോഷ്യല്‍ മീഡിയ പോസ്റ്റര്‍, ബ്രോഷറുകള്‍ എന്നിവ ഡിസൈന്‍ ചെയ്യുന്നതിന് നിരക്കുകള്‍ രേഖപ്പെടുത്തിയ താല്പര്യപത്രം ഡിസംബര്‍ 31ന് വൈകീട്ട് 5നു മുന്‍പായി സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി -30 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷകരില്‍ നിന്ന് അനുയോജ്യരായവരുടെ പാനല്‍ തയ്യാറാക്കും. ഐ&പി.ആര്‍.ഡി. പാനലില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. 0484 2422275, 0471 2726275.

മീഡിയ അക്കാദമി ഫോട്ടോ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് 2023 ജനുവരി ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ സെന്ററിലും 25 സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി www.keralamediaacademy.org എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 2. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2422275, 8281360360 (കൊച്ചി സെന്റര്‍), 0471 2726275, 9447225524 (തിരുവനന്തപുരം സെന്റര്‍)

മലബാറി ആടുകളുടെ വര്‍ഗ്ഗോദ്ധാരണ പദ്ധതി

കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ മലബാറി ആടുകളുടെ വര്‍ഗ്ഗോദ്ധാരണ പദ്ധതിയില്‍ ചേരാന്‍ താല്പര്യമുളള 5 ല്‍ കൂടുതല്‍ ആട് വളര്‍ത്തുന്ന കര്‍ഷകരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. 50% സബ്‌സിഡി നിരക്കില്‍ ആണ്‍ ആടിനെ നല്‍കുന്നത് വഴി മലബാറി ആടുകളുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഗുണഭോക്താക്കള്‍ 7000 രൂപ പദ്ധതി വിഹിതം അടക്കേണ്ടതാണ്. താല്പര്യമുളള കര്‍ഷകര്‍ ഡിസംബര്‍ 31 നകം അടുത്തുളള മൃഗാശുപത്രിയില്‍ അപേക്ഷ സമര്‍പ്പിക്കണം.

ക്രിസ്തുമസ്സ് – പുതുവത്സരം; മയക്കുമരുന്നിനെതിരെ പരിശോധന കർശനമാക്കി വകുപ്പുകള്‍

ക്രിസ്തുമസ്സ് – പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ജില്ലയിലെ മയക്കുമരുന്നിനെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ എക്‌സൈസ്, പോലീസ്, കസ്റ്റംസ്, ഡയറക്‌ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സ് വകുപ്പുകള്‍. പുതുവത്സരത്തോടനുബന്ധിച്ച് വിവിധ ഹോട്ടലുകളില്‍ നടക്കാന്‍ സാധ്യതയുള്ള ഡി.ജെ പാര്‍ട്ടികളില്‍ മയക്കുമരുന്നിനെതിരെ എക്‌സൈസ്, പോലീസ്, ഇന്റലിജന്‍സ് വിങ്ങ് എന്നിവരുടെ പരിശോധന കര്‍ശനമാക്കും. ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കാനെത്തുന്നവരെ കര്‍ശന പരിശോധനയ്ക്കു ശേഷം മാത്രമേ പാര്‍ട്ടി ഹാളുകളിലേക്ക് പ്രവേശിപ്പിക്കുകയുള്ളു.

ആഘോഷ അവസരത്തില്‍ റിസോര്‍ട്ടുകളിലും മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഗ്രൗണ്ടുകളിലും നടത്തുന്ന ഡി ജെ പാര്‍ട്ടികള്‍ എക്‌സൈസിന്റേയും പോലീസിന്റേയും കര്‍ശന നിരീക്ഷണത്തിലാക്കും. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ലഭിക്കുന്ന രഹസ്യ വിവരങ്ങൾക്കനുസരിച്ച് സംയുക്ത പരിശോധനകള്‍ നടത്തും. ഡ്രഗ്ഗ് ഡിറ്റക്ഷന്‍ ക്വിറ്റ് ഉപയോഗിച്ച് സംശയമുള്ള എല്ലാവരേയും പരിശോധന നടത്തും. പരിശോധനാ ഫലം പോസിറ്റീവ് ആയി കാണപ്പെടുകയാണെങ്കില്‍ അവരുടെ പേരില്‍ എന്‍ഡിപിഎസ് കേസെടുക്കുന്നതിനും സംശയമുള്ള സ്ഥലങ്ങളില്‍ ഡോഗ് സ്‌ക്വാഡ് ഉപയോഗിച്ച് പരിശോധന കര്‍ശനമാക്കുന്നതുമാണ്. ജില്ലയിലെ വിവിധ ഹോട്ടലുകളില്‍ താമസിക്കുന്ന വിദേശ പൗരന്മാരെ സംശയമുള്ള പക്ഷം രഹസ്യ നിരീക്ഷണം നടത്തുമെന്നും ഉത്തരമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

ക്രിസ്തുമസ്സ് – പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി മയക്കുമരുന്ന് പ്രതിരോധം ശക്തമാക്കുന്നതിനായി ഉത്തരമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ജി.പ്രദീപിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സൈസ്, പോലീസ്, കസ്റ്റംസ്, ഡയറക്‌ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സ് എന്നിവരുടെ അടിയന്തിര യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.

യോഗത്തില്‍ ഉത്തരമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ജി.പ്രദീപ്, കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ രാജേന്ദ്രന്‍.വി, അസി.എക്‌സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) എം.സുഗുണന്‍, അസി.കമ്മീഷണര്‍ ഓഫ് പോലീസ് നാര്‍ക്കോട്ടിക് സെല്‍ പ്രകാശന്‍ പടന്നയില്‍, കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ശരത്ത് ബാബു, കൊടുവള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രമോഹന്‍, ഡയറക്‌ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, കസ്റ്റംസ് ഉദേ്യാഗസ്ഥര്‍, ഇന്റലിജന്‍സ് വിങ്ങ് ഉദേ്യാഗസ്ഥര്‍, ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രതിനിധികള്‍, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റസ്  അസോസിയേഷന്‍ പ്രതിനിധികള്‍, ജില്ലയിലെ ക്ലബ്ബുകളുടെ പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു. പൊതുജനങ്ങള്‍ക്ക് മയക്കുമരുന്നുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ കൈമാറുന്നതിന് എക്‌സൈസ് കണ്‍ട്രോള്‍ റൂം 0495 2372927, 9447178063 പോലീസ് 9497934752 എന്നി നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്കായി ‘സ്‌മൈല്‍ കേരള’ വായ്പാ പദ്ധതി അപേക്ഷ ക്ഷണിച്ചു

കേരളത്തില്‍ കോവിഡ് 19 ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെയും കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെയും സംയുക്ത സംരംഭമായ ‘സ്‌മൈല്‍ കേരള’ സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ആറ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പരമാവധി 5 ലക്ഷം രൂപ വരെയാണ് വായ്പയായി ലഭിക്കുക. വായ്പാ തുകയുടെ 20% അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപ വരെ സബ്‌സിഡിയും ലഭ്യമാണ്.

വരുമാനാശ്രയമായ വ്യക്തി കോവിഡ് ബാധിച്ച് മരിച്ചാല്‍ അവരുടെ 18 വയസ്സിനും 55 വയസ്സിനുമിടയില്‍ പ്രായമുള്ള വനിതകളായ ആശ്രിതര്‍ക്കാണ് വായ്പ ലഭിക്കുക. ഇവരുടെ കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കവിയരുത്. ഈ പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ വരെയുളള വായ്പ അനുവദിക്കുന്നതിന് കരം അടച്ച രസീത് ജാമ്യമായി സ്വീകരിക്കും.

അപേക്ഷക കേരളത്തില്‍ സ്ഥിര താമസക്കാരി ആയിരിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷയ്ക്കുമായി www.kswdc.org എന്ന വെബ് സൈറ്റിലോ 9496015010, 9447084454,0495 2766454 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

ഗ്രീന്‍ഫീല്‍ഡ് ഹൈവേ: ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് റവന്യൂ മന്ത്രി

ഗ്രീന്‍ഫീല്‍ഡ് ഹൈവേ സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക അകറ്റുന്നത് സംബന്ധിച്ച് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും സാധ്യമായതെല്ലാം ചെയ്യുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചു. ഭൂമിയേറ്റെടുക്കുമ്പോള്‍ നല്‍കുന്ന നഷ്ടപരിഹാരം സംബന്ധിച്ച് എഎല്‍എമാരും, എംപിമാരും ഉന്നയിച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ മാത്രമാണ് 25 ശതമാനം സംസ്ഥാന വിഹിതം കൂടി ചേര്‍ത്ത് ഭൂമി ഏറ്റെടുക്കുന്നതെന്നും മറ്റ് സംസ്ഥാനങ്ങളില്‍ ഭൂമി ഏറ്റെടുക്കലിന് വേണ്ടി വരുന്ന തുകയുടെ 17 ഇരട്ടി തുകയാണ് കേരളത്തില്‍ നല്‍കേണ്ടി വരുന്നതെന്നും മന്ത്രി പറഞ്ഞു.

ഗ്രീന്‍ഫീല്‍ഡ് ഹൈവേക്കായി ഭൂമി ഏറ്റെടുക്കലിന് വിധേയമാകുന്ന സ്ഥലത്തുള്ള നിര്‍മ്മിതികളുടെ മൂല്യ നിര്‍ണ്ണയത്തിന് മൂല്യത്തകര്‍ച്ച ഒഴിവാക്കണമെന്ന അംഗങ്ങളുടെ ആവശ്യം ദേശീയ പാത അതോറിറ്റിയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് മന്ത്രി അറിയിച്ചു. ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട സര്‍വ്വേ നമ്പറുകളില്‍ ഉള്‍പ്പെട്ടവര്‍ അപേക്ഷിച്ചുള്ള പട്ടയങ്ങളുടെ കാര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും പ്രസ്തുത സര്‍വ്വേ നമ്പറുകളില്‍ ഉള്‍പ്പെട്ട നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള തരം മാറ്റ അപേക്ഷകള്‍ മുന്‍ഗണന നല്‍കി തീര്‍പ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വിജ്ഞാപനത്തില്‍ ഉള്‍പ്പെടുന്ന ലക്ഷം വീട് കോളനിക്കാരുടെ പട്ടയം നല്‍കുന്ന വിഷയം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും വിലനിര്‍ണ്ണയം സംബന്ധിച്ച മള്‍ട്ടിപ്പിള്‍ ഫാക്ടര്‍ ദൂരപരിധിക്കനുസരിച്ച് ഇപ്പോള്‍ തന്നെ ഇരട്ടിവരെ ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ എംഎല്‍എമാരായ പി.ടി.എ റഹീം, ടി.വി ഇബ്രാഹീം, കെ.പി അനില്‍കുമാര്‍, പി.കെ ബഷീര്‍, എന്‍. ഷംസുദ്ധീന്‍, യു.എ ലത്തീഫ് എന്നിവരും കോങ്ങാട് എംഎല്‍എ ശാന്തകുമാരിയുടെ പ്രതിനിധികളും പങ്കെടുത്തു.

വൈദ്യുത ഉല്‍പാദന സ്വയംപര്യാപ്തത നേടി ജി.എല്‍.പി സ്‌കൂള്‍ വിളയാട്ടൂര്‍

വിളയാട്ടൂര്‍ ഗവ. എല്‍ പി സ്‌കൂള്‍ ഇനി ഊര്‍ജ്ജ ഉല്പാദന രംഗത്ത് സ്വയം പര്യാപ്തം. സര്‍വ്വശിക്ഷാ കേരളയുടെ പദ്ധതി നിര്‍വഹണത്തില്‍ ഉള്‍പ്പെടുത്തി 2.5 ലക്ഷം രൂപ ചെലവില്‍ സ്‌കൂളില്‍ നിര്‍മ്മിച്ച സോളാര്‍ പാനലുകളുടെ ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു.

എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ച് മേലടി ബി.ആര്‍.സി ആണ് പദ്ധതി നടപ്പാക്കുന്നത്. എസ്.എസ്.കെയില്‍ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് മൂന്ന് കിലോവാട്ട് റൂഫ് ടോപ്പ് സോളാര്‍ പ്ലാന്റാണ് ഒരുക്കിയിട്ടുള്ളത്. ആറ് പാനലുകളാണ് സ്‌കൂളിലുള്ളത്. അനര്‍ട്ടിനാണ് നിര്‍മ്മാണ ചുമതല.

മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എസ്എസ്‌കെ കോഴിക്കോട് ഡിപിഒ കെ.എന്‍ സജീഷ് നാരായണന്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വിനു കുറുവങ്ങാട്, മേലടി ബിപിസി വി.അനുരാജ്, ബി.പി.ഒ എം.കെ രാഹുല്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കെ.കെ ബാബു, വി.പി ശിവദാസ്, രഘു നമ്പിയത്ത്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധകള്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ടി.സുനന്ദ സ്വാഗതവും പിടിഎ പ്രസിഡന്റ് എന്‍ സി ബിജു നന്ദിയും പറഞ്ഞു.

ബേപ്പൂര്‍ ഇന്‍ര്‍നാഷണല്‍ ഫെസ്റ്റ്; കലാസന്ധ്യയുടെ വേദിയാകും

ഡിസംബര്‍ 24 മുതല്‍ 28 വരെ നടക്കുന്ന ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിവലിന്റെ രണ്ടാം സീസണ്‍ സാഹസിക വിനോദങ്ങള്‍ക്ക് പുറമെ കലാ സന്ധ്യയുടെ കൂടെ വേദിയാകും. ഫെസ്റ്റിന്റെ ഉദ്ഘാടന ദിവസം മുതല്‍ സമാപന ദിവസം വരെ വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ പരിപാടികളാണ് ബേപ്പൂരിലെയും ചാലിയത്തെയും അരങ്ങുകളിലെത്തുക. പ്രശസ്ത പിന്നണി ഗായകരും മ്യൂസിക്ക് ബാന്‍ഡും ട്രൂപ്പുകളും സാംസ്‌ക്കാരിക പരിപാടികളുടെ ഭാഗമാകും.

നാളെ (ഡിസംബര്‍ 24) വൈകുന്നേരം 7.30 മുതല്‍ ഗായിക സിത്താര കൃഷ്ണകുമാറും സംഘവും നയിക്കുന്ന മലബാറിക്കസ് മ്യൂസിക്ക് ബാന്‍ഡ് ഉദ്ഘാടന വേദിയായ ബേപ്പൂര്‍ ബീച്ചില്‍ അരങ്ങേറും. 25 ന് വിധുപ്രതാപും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക്ക് ഷോ വൈകുന്നേരം ഏഴു മുതല്‍ ബേപ്പൂര്‍ ബീച്ചിലും പാഗ്ലി ബാന്‍ഡ് അവതരിപ്പിക്കുന്ന മ്യൂസിക്ക് ഷോ വൈകുന്നേരം ഏഴു മുതല്‍ ചാലിയത്തും നടക്കും.

ഡിസംബർ 26 ന് നവ്യ നായര്‍, കെ.കെ നിഷാദ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന സംഗീത നൃത്ത ചുവടുകള്‍ വൈകുന്നേരം ഏഴു മുതല്‍ ബേപ്പൂര്‍ ബീച്ചിലും താമരശ്ശേരി ബാന്‍ഡ് അവതരിപ്പിക്കുന്ന കലാപരിപാടികള്‍ വൈകുന്നേരം ഏഴു മുതല്‍ ചാലിയത്തും നടക്കും. 27 ന് ശിവമണിയും സംഘവും അവതരിപ്പിക്കുന്ന ഫ്യൂഷന്‍ മ്യൂസിക്ക് ഷോ വൈകുന്നേരം ഏഴു മുതല്‍ ബേപ്പൂരിലും, കാവാലം ശ്രീകുമാര്‍, പ്രകാശ് ഉള്ള്യേരി, സൗരവ് കൃഷ്ണ, ഗുല്‍ സക്‌സേന എന്നിവരുടെ കലാപ്രകടനങ്ങള്‍ വൈകുന്നേരം ഏഴു മുതല്‍ ചാലിയത്തെ സ്റ്റേജിലും അരങ്ങേറും. ബേപ്പൂര്‍ ഫെസ്റ്റിന്റെ സമാപന ദിവസം വൈകുന്നേരം ഏഴു മുതല്‍ തൈക്കുടം ബാന്‍ഡും സംഗീത പരിപാടികളുമായി കാണികള്‍ക്ക് മുന്നിലെത്തും.

തൊഴില്‍ സഭ സംഘടിപ്പിച്ചു

ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തില്‍ തൊഴില്‍ സഭ സംഘടിപ്പിച്ചു. കുടുംബശ്രീ-ബാലസഭ കലോത്സവങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ സംരംഭകരും കുടുംബശ്രീ സംസ്ഥാനത്ത് നടത്തിയ എന്റെ തൊഴില്‍ എന്റെ അഭിമാനം സര്‍വേയില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളും തൊഴില്‍ സഭയില്‍ പങ്കെടുത്തു. ടിപി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് ഇഎംഎസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ അധ്യക്ഷത വഹിച്ചു. ജനകീയ ആസൂത്രണം ജില്ലാ ഫെസിലിറ്റേറ്റര്‍ പ്രമോദ് കുമാര്‍ പി.ജി,ഡയാന പി എന്നിവര്‍ ക്ലാസെടുത്തു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ സികെ ശശി, ബിന്ദു വത്സന്‍, ഇ.എം ശ്രീജിത്ത് പഞ്ചായത്തംഗങ്ങളായ എം.എം പ്രദീപന്‍, ബിന്ദു സജി, ബിനിഷ ദിനേശന്‍, വിനീത മനോജ് എന്നിവരും സംസാരിച്ചു.

2023 ല്‍ റവന്യൂ വകുപ്പ് സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ വകുപ്പാകും : റവന്യൂ മന്ത്രി കെ രാജന്‍

റവന്യൂ വകുപ്പിന്റെ മുഴുവന്‍ ഓഫീസുകളെയും കൂട്ടിച്ചേര്‍ത്ത് 2023ല്‍ റവന്യൂ വകുപ്പ് സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ വകുപ്പായി മാറുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. എസ്.കെ പൊറ്റക്കാട് ഹാളില്‍ നടന്ന കോഴിക്കോട് മേഖല റവന്യൂ വകുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വില്ലേജില്‍ നല്‍കുന്ന ഒരു പരാതി അതിവേഗം സെക്രട്ടറിയേറ്റില്‍ എത്തും വിധം സമ്പൂര്‍ണ്ണമായ ഡിജിറ്റലൈസേഷനാണ് ലക്ഷ്യം വെക്കുന്നത്. സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ആരംഭിച്ച് അതിന്റെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.

റവന്യൂ വകുപ്പ് അടുത്ത വര്‍ഷത്തോടെ ഇ-സാക്ഷരതയിലേക്ക് മാറും. സാധാരണക്കാര്‍ക്ക് സാങ്കേതിക പരിജ്ഞാനം ലഭ്യമാക്കുന്നതിനായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ ഒരു വീട്ടില്‍ ഒരാളെയെങ്കിലും സാങ്കേതിക സാക്ഷരത പഠിപ്പിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തും. ഉപഭോക്തൃ സൗഹൃദ ആപ്പുകളും ഇതിനായി ഉപയോഗിക്കും. നാലുവര്‍ഷക്കാലം കൊണ്ട് കേരളത്തിലെ മുഴുവന്‍ വില്ലേജുകളും സമ്പൂര്‍ണ്ണമായി ഡിജിറ്റലാക്കുന്നതിന്റെ നടപടിക്രമങ്ങളും വേഗത്തിലാക്കും.

ഇന്ത്യയില്‍ ആദ്യമായി യുണീക്ക് തണ്ടപ്പേര്‍ നല്‍കുന്ന സംസ്ഥാനമായി കേരളം മാറും. തണ്ടപ്പേരും ആധാറും കൂട്ടിയോജിപ്പിക്കുന്ന പ്രക്രിയ നടന്നുകൊണ്ടിരിക്കയാണ്. കേരളത്തെ നാലു മേഖലകളാക്കി തിരിച്ച് താലൂക്ക് ലാന്റ് ബോര്‍ഡുകളുടെ ചുമതല ഡെപ്യൂട്ടി കലക്ടര്‍മാരെ ഏല്‍പ്പിക്കുന്നതും 1977 ന് മുമ്പ് കുടിയേറിയവര്‍ക്ക് വനഭൂമിയുടെ ലഭ്യമായ അവകാശം വെച്ച് നല്‍കുവാനുള്ള ആലോചനയുമുണ്ടെന്ന് മന്ത്രി പറഞ്ഞു.

റവന്യൂ വകുപ്പിന്റെ മേഖല യോഗത്തില്‍ ഭൂമി സംബന്ധിച്ച പ്രശ്‌നങ്ങളും പട്ടയം സംബന്ധിച്ച പ്രശ്‌നങ്ങളും, നികുതി അടയ്ക്കാത്ത ഭൂമിയുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍, ഭൂമിയുടെ തരംമാറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, വയനാട് ജില്ലയിലെ ഡബ്യൂസിസിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ദേശീയപാത ഉള്‍പ്പടെ ഭൂമി ഏറ്റെടുക്കല്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്തു. ലാന്റ് റവന്യൂ കമ്മീഷണര്‍, ജോയന്റ് ലാന്റ് കമ്മീഷണര്‍ , കാസര്‍ക്കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ കലക്ടര്‍മാര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് രണ്ടാം സീസണിന് നാളെ (ഡിസംബര്‍ 24) തിരിതെളിയും

സാഹസിക ജല കായിക മത്സരങ്ങളുടെ ഭൂപടത്തില്‍ ഇടം നേടിയ ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് രണ്ടാം സീസണിന് നാളെ (ഡിസംബര്‍ 24) തിരിതെളിയും. വൈകിട്ട് 6.30 ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ബേപ്പൂര്‍ ബീച്ചില്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 28 വരെ നീണ്ടു നില്‍ക്കുന്ന ബേപ്പൂര്‍ വാട്ടര്‍ഫെസ്റ്റ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സാഹസിക ജല കായിക മത്സരങ്ങളുടെ വേദിയാണ്.

ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ബേപ്പൂര്‍ ഫിഷ് മാര്‍ക്കറ്റ് റോഡില്‍ വൈകിട്ട് നാല് മുതല്‍ ആറ് മണി വരെ ഘോഷയാത്ര നടക്കും. രാവിലെ ഏഴ് മുതല്‍ ഒന്‍പത് മണി വരെ സൈക്കിള്‍ റൈഡ് നടക്കും. പാരിസണ്‍സ് കോമ്പൗണ്ടില്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെ ഫുഡ് ആന്‍ഡ് ഫ്‌ളീ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കും. ടൂറിസം കാര്‍ണിവല്‍ ഒരുക്കിയിരിക്കുന്നത് ചാലിയത്താണ്. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് കാര്‍ണിവല്‍.

വൈകുന്നേരം 4.30 മുതല്‍ അഞ്ച് വരെ കോസ്റ്റ് ഗാര്‍ഡിന്റെ ഡോര്‍നിയര്‍ ഫ്‌ലൈ പാസ്റ്റ് ബേപ്പൂര്‍ ബീച്ചില്‍ നടക്കും. അഞ്ച് മുതല്‍ ആറ് വരെ ചാലിയത്ത് കാണികളില്‍ ആവേശം നിറക്കുന്ന പാരമോട്ടറിങ് ഉണ്ടായിരിക്കും. ഇതേ സമയത്ത് ബേപ്പൂര്‍ ബീച്ചില്‍ നേവല്‍ ബാന്റിന്റെ സംഗീത പരിപാടി നടക്കും. ആറ് മുതല്‍ ഏഴ് വരെ ഫ്‌ലൈ ബോര്‍ഡ് ഡെമോയും കാണികള്‍ക്ക് മുന്നിലെത്തും. രാവിലെ 10 മുതല്‍ വൈകുന്നേരം ആറ് മണി വരെ റീക്രിയേഷണല്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് ചാലിയത്ത് നടക്കും.

അക്ഷരോപഹാരം: ആദ്യ പുസ്തകം എം ടി യിൽ നിന്ന് മന്ത്രി കെ.രാജൻ ഏറ്റുവാങ്ങി

ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിശിഷ്ടാതിഥികളെ അക്ഷരോപഹാരം നൽകി സ്വീകരിക്കുന്നതിന്റെ ഭാഗമായി ആദ്യ പുസ്തകം എം ടി വാസുദേവൻ നായരിൽ നിന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഏറ്റുവാങ്ങി.

എം ടി ഒപ്പിട്ട പുസ്തകം അതിഥികൾക്ക് കൊടുക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് രണ്ടാംമൂഴം പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് മന്ത്രി പറഞ്ഞു. രണ്ടാംമൂഴമടക്കം ആറ് പുസ്തകങ്ങൾ അക്ഷരോപഹാരമായി എം ടി നൽകി. പ്രിയ എഴുത്തുകാരന് പുതുവത്സാരാശംസകൾ നേർന്നാണ് മന്ത്രി മടങ്ങിയത്.

61ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന – സമാപന സമ്മേളന ചടങ്ങുകളിൽ പങ്കെടുക്കുന്ന വിശിഷ്ട അതിഥികൾക്ക് കോഴിക്കോട്ടെ 61 സാഹിത്യകാരൻമാർ കയ്യൊപ്പിട്ട് നൽകുന്ന പുസ്തകങ്ങൾ ഉപഹാരമായി നൽകും. എഴുത്തുകാരുടെ വീടുകളിൽ എത്തി ജനപ്രതിനിധികളും കലോത്സവ കമ്മിറ്റി ഭാരവാഹികളും പുസ്തകങ്ങൾ ഏറ്റുവാങ്ങും.

എം.ടി വാസുദേവൻ നായരുടെ വസതിയിൽ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ പി.ഗവാസ്, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മനോജ്‌, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. ദീപ,റിസപ്ഷൻ കമ്മിറ്റി കൺവീനർ ഭാരതി,തുടങ്ങിയവർ സന്നിഹിതരായിരുന്നു.

സംസ്ഥാന സ്‌കൂള്‍ കലോത്സവം: പ്രൊമോ വീഡിയോ പുറത്തിറക്കി

ജനുവരി 3 മുതല്‍ 7 വരെ കോഴിക്കോട് നടക്കുന്ന അറുപത്തി ഒന്നാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പ്രൊമോ വീഡിയോ ലോഞ്ചിംഗ് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിർവഹിച്ചു.

ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സ്കൂൾ കലോത്സവ കമ്മിറ്റി ചെയർമാൻ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയായിരുന്നു.

സ്കൂൾ കലോത്സവ പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ അഡ്വ.സച്ചിൻ ദേവ് എംഎൽഎ, ഐ ആൻഡ് പി ആർ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ടി ശേഖർ, ജില്ല ഇൻഫർമേഷൻ ഓഫീസർ കെ ദീപ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ പി.എ മുഹമ്മദലി,ജോയിന്റ് കൺവീനർമാരായ പി കെ എ ഹിബത്തുള്ള, എൻ.പി അസീസ്, ജനപ്രതിനിധികൾ, വിവിധ കമ്മിറ്റി അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു.

സിദ്ധ ദിനാചരണം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു

ആറാമത് സിദ്ധ ദിനാചാരണത്തോടനുബന്ധിച്ച് നാഷണല്‍ ആയുഷ് മിഷനും സിദ്ധാ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി ശാന്തിഗിരി ആയുര്‍വ്വേദ സിദ്ധ വൈദ്യശാലയുടെ സഹകരണത്തോടെ സിദ്ധ മെഗാ മെഡിക്കല്‍ ക്യാമ്പ്, ബോധവത്കരണ ക്ലാസ്, എക്സ്പോ എന്നിവ സംഘടിപ്പിച്ചു. ടാഗോര്‍ ഹാളില്‍ നടന്ന പരിപാടി തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സിദ്ധ ചികിത്സാ സ്ഥാപനങ്ങള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് നടപ്പാക്കിവരുന്നതെന്നും സിദ്ധ ചികിത്സയില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

മേയര്‍ ഡോ. ബീനാ ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐഎസ്എം ഡിഎംഒ ഡോ. മന്‍സൂര്‍ കെ.എം സിദ്ധ ദിന സന്ദേശം നല്‍കി. സിദ്ധ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ആരോഗ്യ പുഷ്പം ന്യൂസ് ലെറ്ററിന്റെ പ്രകാശനം മന്ത്രി നിര്‍വ്വഹിച്ചു. ആദ്യം രജിസ്റ്റര്‍ ചെയ്ത 100 പേര്‍ക്ക് സൗജന്യ രക്ത പരിശോധന, പാചക മത്സരം, സ്‌പെഷ്യാലിറ്റി ഒ.പികള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.

കൗണ്‍സിലര്‍ അബൂബക്കര്‍, ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അനീന പി ത്യാഗരാജ്, ഹോമിയോ ഡി.എം.ഒ കവിത പുരുഷോത്തമന്‍, ഐഎസ്എം സീനിയര്‍ സൂപ്രണ്ട് രഞ്ജിനി, സിദ്ധ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന ട്രഷറര്‍ ഡോ. സംഗമിത്ര എസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. മിഥുന്‍ സി, എസ്.ഐ.എം.എ.ഐ സെക്രട്ടറി ഡോ. ഗോപിക തുയ്യത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ‘ആരോഗ്യ പൂര്‍ണ്ണമായ ജീവിതത്തിന് സിദ്ധ ഭക്ഷണരീതിയും പോഷകാഹാരങ്ങളും’എന്ന വിഷയത്തില്‍ ഡോ.മിഥുന്‍ സി ക്ലാസെടുത്തു.

മൂഴാപാലം നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്നു

ചാത്തമംഗലം, മാവൂര്‍ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് ചൂലൂര്‍ തോടിന് കുറുകെ നിര്‍മ്മിക്കുന്ന മൂഴാപാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്നു. കാലപ്പഴക്കം കാരണം തകര്‍ച്ച നേരിട്ടിരുന്ന പാലം പുനര്‍ നിര്‍മ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമാവുന്നത്. പുതുതായി നിര്‍മ്മിക്കുന്ന പാലത്തിന് 17.5 മീറ്ററാണ് നീളമുള്ളത്. ഒരു വശത്ത് 1.2 മീറ്റര്‍ വീതിയില്‍ ഫുട്പാത്തും 6.5 മീറ്റര്‍ വീതിയില്‍ കാരേജ് വേയും ഉള്‍പ്പെടെ 8.45 മീറ്റര്‍ വീതിയിലാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. പാലത്തിന്റെ ഇരുവശങ്ങളിലായി നിലവിലുള്ള റോഡ് നവീകരിക്കുന്നതിനുള്ള പ്രവൃത്തിയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 1.64 കോടി രൂപ ചിലവിലാണ് പാലം നിര്‍മ്മിക്കുന്നത്. പി.ടി.എ റഹീം എം.എല്‍.എ പാലത്തിന്റെ പ്രവൃത്തി സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതി നിരീക്ഷിച്ചു.

കൂണ്‍ കൃഷി, തേനീച്ച വളര്‍ത്തല്‍: അത്തോളി ഗ്രാമപഞ്ചായത്ത് കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി

അത്തോളി പഞ്ചായത്ത് സാഗി പദ്ധതിയുടെയും ആത്മ പദ്ധതിയുടെയും ഭാഗമായി കൂണ്‍ കൃഷി, തേനീച്ച വളര്‍ത്തല്‍ എന്നിവയില്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി. അത്തോളി പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ പരിശീലന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സന്ദീപ് നാലുപുരക്കല്‍ അധ്യക്ഷത വഹിച്ചു. കൂണ്‍ കൃഷിയില്‍ കൂടരഞ്ഞി കൃഷി അസിസ്റ്റന്റ് അബ്ദുല്‍ സത്താറും, തേനീച്ച വളര്‍ത്തലില്‍ കൂരാച്ചുണ്ടിലെ കര്‍ഷകനായ റോണി മാത്യുവും കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി.

ജനകീയാസൂത്രണം തേന്‍ ഗ്രാമം പദ്ധതിയില്‍ കര്‍ഷകര്‍ക്ക് തേനീച്ചയും പെട്ടിയും വിതരണം ചെയ്തു. പരിപാടിയില്‍ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു രാജന്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനീഷ് നടുവിലയില്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സരിത, വാര്‍ഡ് മെമ്പര്‍മാരായ വാസവന്‍, ശകുന്തള, റിജേഷ്, രമ, പഞ്ചായത്ത് സെക്രട്ടറി ഹരിഹരന്‍, കൃഷി ഓഫീസര്‍ സുവര്‍ണ ശ്യാം, കൃഷി അസിസ്റ്റന്റ് ബിനി, വിനീത എന്നിവര്‍ പങ്കെടുത്തു.

ബേപ്പൂരിന്റെ ഉത്സവനാളുകള്‍ക്ക് മാറ്റുകൂട്ടാന്‍ കാര്‍ണിവലും

രണ്ടാമത് ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഉത്സവനാളുകള്‍ക്ക് മാറ്റ് കൂട്ടാന്‍ ചാലിയം തീരത്ത് കാര്‍ണിവലും. ചാലിയം പുലിമുട്ട് തീരത്ത് നാളെ (ഡിസംബര്‍ 24) മുതല്‍ ജനുവരി 1 വരെയാണ് കാര്‍ണിവല്‍ നടക്കുക. കുട്ടികള്‍ക്കും അമ്മമാര്‍ക്കും വിനോദത്തിന് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിനോട് അനുബന്ധിച്ച് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്.

വിവിധതരം ഗെയിമുകള്‍ക്ക് പുറമെ സംഗീത പ്രകടനങ്ങള്‍, സെല്‍ഫി ബൂത്ത്, കുട്ടികള്‍ക്ക് കളിക്കാന്‍ പാര്‍ക്ക്, ഷോപ്പിംഗ് സംവിധാനം, ഭക്ഷണം, 1980 കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്ന സംഭവങ്ങള്‍, പഴയ കാല സിനിമ പ്രദര്‍ശനം എന്നിവ കാര്‍ണിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 60 രൂപയാണ് ടിക്കറ്റ് നിരക്ക്. 10വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഉച്ചക്ക് 3 മുതല്‍ രാത്രി 10 വരെയാണ് കാര്‍ണിവല്‍ സമയം. വെഡ്‌കോം ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ നേതൃത്വത്തിലാണ് കാര്‍ണിവല്‍ നടക്കുന്നത്.

കബഡി… കബഡി… : ആവേശത്തോടെ ബേപ്പൂർ

അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച കബഡി മത്സരത്തിൽ വനിത വിഭാഗത്തിൽ അഞ്ചു ടീമുകളും പുരുഷ വിഭാഗത്തിൽ നാലു ടീമുകളും പങ്കെടുത്തു.

ബേപ്പൂർ പുളിമുട്ട് ബീച്ചിലാണ് മത്സരം നടന്നത്. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മത്സരം വീക്ഷിക്കാനെത്തിയിരുന്നു. വാർഡ് കൗൺസിലർമാരായ കെ രാജീവ്, ടി കെ ഷമീന എന്നിവർ ചേർന്ന് മത്സരാർത്ഥികൾക്ക് ആശംസ അറിയിച്ചു. വാശിയേറിയ മത്സരത്തിനൊടുവിൽ വനിത വിഭാഗത്തിൽ ഗജമുഖ കണ്ണഞ്ചേരി വിന്നേഴ്സും മാസ്റ്റേഴ്സ് കൊയിലാണ്ടി റണ്ണേഴ്സ് അപ്പും നേടി. വാർഡ് കൗൺസിലർ എം ഗിരിജ ടീച്ചർ, സംഘാടക സമിതി അംഗം കെ പി ഹുസൈൻ എന്നിവർ വിജയികൾക്ക് ഉപഹാരങ്ങൾ നൽകി. വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായാണ് ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

കലോത്സവം ഉഷാറാക്കാൻ മാധ്യമ പ്രവർത്തകർക്ക് വിപുലമായ സൗകര്യമൊരുക്കുന്നു

അറുപത്തി ഒന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം ഉഷാറാക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മാധ്യമ പ്രവർത്തകർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നു. 1500 ലധികം മാധ്യമപ്രവർത്തകരെയാണ് കലോത്സവത്തിന് പ്രതീക്ഷിക്കുന്നത്. ഇവർക്കായി വിപുലമായ സൗകര്യങ്ങളാണ് സംഘാടക സമിതിയും മീഡിയ കമ്മിറ്റിയും ഒരുക്കുന്നത്. പ്രധാന വേദിയായ വിക്രം മൈതാനിയിൽ മാധ്യമങ്ങൾക്കായി സ്റ്റാളും നൂറിലേറെ പേർക്കിരിക്കാവുന്ന മീഡിയ സെന്ററും ഉണ്ടാകും. പാർക്കിങ്ങിനും സംവിധാനം ഒരുക്കും.

കലോത്സവവുമായി ബന്ധപ്പെട്ട് മാധ്യമ സ്ഥാപനങ്ങളിലെ ബ്യൂറോ ചീഫുമാരുടെ യോഗം കലോത്സവ കമ്മിറ്റി ചെയർമാൻ കൂടിയായ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കോഴിക്കോടിൻ്റെ ഉത്സവമാക്കി കുറ്റമറ്റ രീതിയിൽ കലോത്സവം നടത്താൻ മുഴുവൻ മാധ്യമപ്രവർത്തകരും സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു.

മീഡിയ കമ്മിറ്റിയുടെ വിവിധ ആവശ്യങ്ങളും നിർദ്ദേശങ്ങളും പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. കലോത്സവത്തെ ജനകീയമാക്കും. എല്ലാവരെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള കലോത്സവമാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ മീഡിയ കമ്മിറ്റി ചെയർമാൻ എം ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു. മീഡിയ കമ്മിറ്റിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ട് കമ്മിറ്റി കൺവീനർ റിയാസ് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം അഡ്വ പി.ഗവാസ്, ഡിഡിസി എം.എസ് മാധവികുട്ടി, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മനോജ്‌, ഐ ആൻഡ് പി ആർ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ടി ശേഖർ, ജില്ല ഇൻഫർമേഷൻ ഓഫീസർ കെ ദീപ, മീഡിയ കമ്മിറ്റി അംഗങ്ങൾ, പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

കൊയിലാണ്ടി നഗരസഭ ജീവതാളം റിസോഴ്‌സ് പേഴ്‌സണ്‍ പരിശീലനം നടത്തി

കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തില്‍ ജീവിത ശൈലി രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജീവതാളം പദ്ധതിയുടെ റിസോഴ്‌സ് പേഴ്‌സണ്‍ പരിശീലനം സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ ഭരണകൂടം, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ ആരോഗ്യകരമായ ജീവിതരീതിയിലേക്കുള്ള സാമൂഹ്യമാറ്റവും രോഗപ്രതിരോധവും നേരത്തെയുള്ള രോഗ നിര്‍ണ്ണയവും നിയന്ത്രണവും ലക്ഷ്യമാക്കി രൂപകല്‍പ്പന ചെയ്ത പദ്ധതിയാണ് ജീവതാളം. പരിശീലന പരിപാടി കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ഇന്ദിര ടീച്ചര്‍, ഷിജു മാസ്റ്റര്‍, അജിത്ത് മാസ്റ്റര്‍, കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വിനോദ്.വി തുടങ്ങിയവര്‍ സംസാരിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നുള്ള ഡോ. ഷീല ഗോപാലകൃഷ്ണന്‍, ഡോ. ഉല്ലാസ്, മേലടി സി.എച്ച്.സി യിലെ ഡോ. മംഗള, ഡയറ്റിഷ്യന്‍ ജ്യോതി ജെയിംസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി രാജേഷ് എന്നിവര്‍ ജീവതാളം പദ്ധതി സംബന്ധിച്ച് ക്ലാസ്സുകള്‍ എടുത്തു.

നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി പ്രജില സ്വാഗതവും, കൊയിലാണ്ടി സെക്ഷന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിന്ദുകല നന്ദിയും രേഖപ്പെടുത്തി. പരിപാടിയില്‍ നഗരസഭ കൗണ്‍സിലര്‍മാര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, വാര്‍ഡ്കളില്‍ നിന്നുള്ള റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

കേരള സ്കൂൾ കലോത്സവം: ഊട്ടുപുരയിലേക്ക് കലവറ വണ്ടികളെത്തി

ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിനായി ജില്ലയിലെ സ്കൂളുകളിൽ നിന്ന് ശേഖരിച്ച ഭക്ഷ്യ വസ്തുക്കളുമായി കലവറ വണ്ടികൾ ഊട്ടുപുരയിലെത്തി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ പ്രവർത്തിക്കുന്ന ഊട്ടുപുരയിലേക്കെത്തിയ കലവറ വണ്ടികളിലുള്ള സാധനങ്ങൾ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഏറ്റു വാങ്ങി. മത്തങ്ങ, ചേന, നാളികേരം, കടല, പയർ തുടങ്ങിയ ഭക്ഷ്യ ഇനങ്ങളാണ് കലവറയിലേക്കെത്തിയത്.

ഡിസംബർ 21, 22 തിയ്യതികളിലാണ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് ഭക്ഷ്യ ഇനങ്ങൾ ശേഖരിച്ചത്. തുടർന്ന് ഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലവറ വണ്ടികളെത്തി സ്കൂളുകളിൽ നിന്ന് സാധനങ്ങൾ സമാഹരിക്കുകയായിരുന്നു.

തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ആർഡിഡി ഡോ.അനിൽകുമാർ, വിദ്യാഭ്യാസ ഉപ ഡയറക്ടർ സി.മനോജ് കുമാർ, എഇഒ എം ജയകൃഷ്ണൻ, ഭക്ഷണ കമ്മിറ്റി കൺവീനർ വി.പി രാജീവൻ, കോളേജ് പ്രിൻസിപ്പൽ ഡോ. സച്ചിൻ ജെയിംസ്, പ്രധാന അധ്യാപകൻ മുരളി ഡെന്നീസ്, പിടിഎ പ്രസിഡന്റ് രഞ്ജിത്ത്, ഹൈസ്കൂൾ പ്രഥമാധ്യാപകൻ മുരളി ഡെന്നിസ, കോളജ് മാനേജർ പാവമണി മേരി ഗ്ലാഡിസ് , കമ്മറ്റിയുടെ വൈസ് ചെയർമാൻ ഇ പ്രേംകുമാർ, ഭക്ഷണ കമ്മിറ്റി അംഗങ്ങളായ വി.പി മനോജ്, ആർ.എം രാജൻ, സന്തോഷ് കുമാർ, നൂറുദ്ദീൻ മുഹമ്മദ്, സജീഷ് നാരായണൻ, പി.പ്രമോദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

‘കേളികൊട്ട് @61’ സച്ചിന്‍ ദേവ് എംഎല്‍എ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും കലോത്സവ വരവ് അറിയിച്ചുകൊണ്ട് സംഘടിപ്പിച്ച ‘കേളികൊട്ട് @61’ കെ എം സച്ചിന്‍ ദേവ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കച്ചേരിക്കുന്ന് ഗവ എല്‍ പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കലോത്സവ ചരിത്ര വീഡിയോയുടെ ഉദ്ഘാടനവും കലോത്സവ പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ എംഎല്‍എ നിര്‍വ്വഹിച്ചു. തുടര്‍ന്ന് കുട്ടികളുടെയും അമ്മമാരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.

വാര്‍ഡ് കൗണ്‍സിലര്‍ ഓമന മധു അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഈസ അഹമ്മദ്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ മുഹമ്മദലി, ഒഡീസിയ ചെയര്‍മാന്‍ അഖിലേഷ്, പി ടി എ പ്രസിഡന്റ് കെ സുധേഷ്, എസ് എം സി ചെയര്‍മാന്‍ എന്‍ പ്രസാദ്, എംപിടിഎ പ്രസിഡന്റ് ഫലീല റഫീഖ് എന്നിവര്‍ ആശംസ അറിയിച്ചു. ടി കെ എ ഹിബത്തുള്ള മാസ്റ്റര്‍ സ്വാഗതവും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ കെ സൈനുദ്ദീന്‍ നന്ദിയും പറഞ്ഞു.

നാദാപുരം ഗ്രാമ പഞ്ചായത്ത് കര്‍ഷകര്‍ക്ക് ജൈവ വളം വിതരണം ചെയ്തു

ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാദാപുരം ഗ്രാമ പഞ്ചായത്ത് കര്‍ഷകര്‍ക്ക് ജൈവ വളം വിതരണം ചെയ്തു. ജനകീയാസൂത്രണ പദ്ധതി പ്രകാരം 12 ലക്ഷം രൂപ വകയിരുത്തിയാണ് കര്‍ഷകര്‍ക്ക് വളം വിതരണം നടത്തിയത്. ഗുണമേന്മയുള്ള വേപ്പിന്‍ പിണ്ണാക്കാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. കേരഗ്രാമം പദ്ധതി പ്രകാരം വളം വാങ്ങിയവര്‍ക്ക് തടം തുറക്കാനും ഫണ്ട് നല്‍കും.

വളം വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി പുതിയാണ്ടി ഇബ്രാഹിം ഹാജിക്ക് നല്‍കി നിര്‍വ്വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി കെ നാസര്‍ അധ്യക്ഷത വഹിച്ചു. മെമ്പര്‍ വാസു പുതിയ പറമ്പത്ത്, മുഹമ്മദലി കേളോത്ത്, കല്ലുള്ളതില്‍ അശോകന്‍ മാസ്റ്റര്‍, കോറോത്ത് റഫീഖ്, സി വി പോക്കര്‍ എന്നിവര്‍ സംസാരിച്ചു.

ബേപ്പൂർ വാട്ടർ ഫെസ്റ്റ് : മീഡിയ സെന്റർ ഒരുങ്ങി

ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിന്റെ ഭാഗമായൊരുക്കിയ മീഡിയ സെന്ററിന്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ രാജൻ നിർവ്വഹിച്ചു. കൂട്ടായ്മയുടെ ഉത്സവങ്ങളും ആഘോഷങ്ങളും ഇന്നത്തെ കാലത്ത് അനിവാര്യമാണെന്നും ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് ലോകത്തിലെ സാംസ്കാരിക ഭൂപടത്തിൽ ഇടം പിടിക്കുമെന്നും മന്ത്രി പറഞ്ഞു.

ബേപ്പൂർ ഹാർബർ എൻജിനീയർ ഓഫീസിൽ പ്രവർത്തിക്കുന്ന സംഘാടക സമിതി ഓഫീസിനോട് ചേർന്നാണ് മീഡിയ സെന്റർ ഒരുക്കിയിരിക്കുന്നത്. നാളെ (ഡിസംബർ 24 )മുതൽ 28 വരെയാണ് വാട്ടർ ഫെസ്റ്റ്.

ജില്ലാ വികസന കമ്മീഷണർ എം.എസ് മാധവിക്കുട്ടി വിശിഷ്ടാതിഥിയായി. മീഡിയ സബ് കമ്മിറ്റി ചെയർമാൻ കെ ബദറുദ്ദീൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ രജനി തോട്ടുങ്ങൽ, കെ രാജീവ്‌, കൊല്ലരത്ത് സുരേശൻ, വാടിയിൽ നവാസ്, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ടി ജി അഭിലാഷ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ എസ് ഷൈൻ, ഡി ടി പി സി സെക്രട്ടറി പി നിഖിൽ ദാസ്, ജില്ലാ ഇൻഫർമേഷൻ ഓഫിസർ കെ ദീപ തുടങ്ങിയവർ പങ്കെടുത്തു. മീഡിയ കമ്മിറ്റി കൺവീനർ മനാഫ് താഴത്ത് സ്വാഗതവും മീഡിയ സബ് കമ്മിറ്റി വൈസ് ചെയർമാൻ സനോജ് കുമാർ നന്ദിയും പറഞ്ഞു.