ഡോര്‍നിയര്‍ ഫ്ലൈ പാസ്റ്റ്, പാരമോട്ടറിങ്, ടൂറിസം കാര്‍ണിവല്‍ തുടങ്ങിയ പരിപാടികളുമായി ജലത്തിലെ പൂരം; രണ്ടാം അന്താരാഷ്ട്ര ജലമേളയ്ക്ക് ഇന്ന് ബേപ്പൂരില്‍ തുടക്കം


ബേപ്പൂര്‍: സാഹസിക ജല കായിക മത്സരങ്ങളുടെ ഭൂപടത്തില്‍ ഇടം നേടിയ ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് രണ്ടാം സീസണിന് ഇന്ന് (ഡിസംബര്‍ 24) തിരിതെളിയും. വൈകിട്ട് 6.30 ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ബേപ്പൂര്‍ ബീച്ചില്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 28 വരെ നീണ്ടു നില്‍ക്കുന്ന ബേപ്പൂര്‍ വാട്ടര്‍ഫെസ്റ്റ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സാഹസിക ജല കായിക മത്സരങ്ങളുടെ വേദിയാണ്.

ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ബേപ്പൂര്‍ ഫിഷ് മാര്‍ക്കറ്റ് റോഡില്‍ വൈകിട്ട് നാല് മുതല്‍ ആറ് മണി വരെ ഘോഷയാത്ര നടക്കും. രാവിലെ ഏഴ് മുതല്‍ ഒന്‍പത് മണി വരെ സൈക്കിള്‍ റൈഡ് നടക്കും. പാരിസണ്‍സ് കോമ്പൗണ്ടില്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെ ഫുഡ് ആന്‍ഡ് ഫ്ളീ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കും. ടൂറിസം കാര്‍ണിവല്‍ ഒരുക്കിയിരിക്കുന്നത് ചാലിയത്താണ്. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് കാര്‍ണിവല്‍.

വൈകുന്നേരം 4.30 മുതല്‍ അഞ്ച് വരെ കോസ്റ്റ് ഗാര്‍ഡിന്റെ ഡോര്‍നിയര്‍ ഫ്ലൈ പാസ്റ്റ് ബേപ്പൂര്‍ ബീച്ചില്‍ നടക്കും. അഞ്ച് മുതല്‍ ആറ് വരെ ചാലിയത്ത് കാണികളില്‍ ആവേശം നിറക്കുന്ന പാരമോട്ടറിങ് ഉണ്ടായിരിക്കും. ഇതേ സമയത്ത് ബേപ്പൂര്‍ ബീച്ചില്‍ നേവല്‍ ബാന്റിന്റെ സംഗീത പരിപാടി നടക്കും. ആറ് മുതല്‍ ഏഴ് വരെ ഫ്ലൈ ബോര്‍ഡ് ഡെമോയും കാണികള്‍ക്ക് മുന്നിലെത്തും. രാവിലെ 10 മുതല്‍ വൈകുന്നേരം ആറ് മണി വരെ റീക്രിയേഷണല്‍ വാട്ടര്‍ സ്പോര്‍ട്സ് ചാലിയത്ത് നടക്കും.