പി.എസ്.സി വിവിധ തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിച്ചു, വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (10/04/2023)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

റാങ്ക് പട്ടിക റദ്ദാക്കി

ജില്ലാ സഹകരണ ബാങ്കിൽ ടെലിഫോൺ ഓപ്പറേറ്റർ പാർട്ട് 1 ( കാറ്റഗറി നമ്പർ : 420 / 2015 ) തസ്തികയുടെ 25.09.2018 തിയ്യതിയിൽ നിലവിൽ വന്ന 652/2018/DOD നമ്പർ റാങ്ക് പട്ടിക കാലാവധി പൂർത്തിയായതിനാൽ പൂർവ്വാഹ്നം പ്രാബല്യത്തിൽ റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു

റാങ്ക് പട്ടിക റദ്ദാക്കി

ജില്ലാ സഹകരണ ബാങ്കിൽ ടെലിഫോൺ ഓപ്പറേറ്റർ പാർട്ട് 2 (സൊസൈറ്റി ക്വോട്ട ) ( കാറ്റഗറി നമ്പർ : 421/2015 ) തസ്തികയുടെ 25.09.2018 തിയ്യതിയിൽ നിലവിൽ വന്ന 653/2018/DOD നമ്പർ റാങ്ക് പട്ടിക കാലാവധി പൂർത്തിയായതിനാൽ പൂർവ്വാഹ്നം പ്രാബല്യത്തിൽ റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.

സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ പൊന്നാനി കേന്ദ്രത്തിൽ (ഐ.സി.എസ്.ആർ) 2023-2024 റഗുലർ ബാച്ചിലേക്കുള്ള സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. www.kscsa.org എന്ന വെബ്സൈറ്റ് വഴി ഏപ്രിൽ 28 വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫീസ് 200 രൂപ. പ്രവേശന പരീക്ഷ ഏപ്രിൽ 30 നു 11 മണിമുതൽ ഉച്ചക്ക് 1 മണി വരെ നടക്കും. 50 ശതമാനം സീറ്റുകൾ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 10 ശതമാനം സീറ്റുകൾ എസ്.സി/എസ്.ടി വിഭാഗക്കാർക്കുമായി സംവരണം ചെയ്തിട്ടുണ്ട്. ഇവർക്ക് ട്യൂഷൻ ഫീസ് സൗജന്യമാണ്. ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് : 0494 2665489, 8848346005, 9846715386, 9645988778

അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സർക്കാരിന്റെ പി.എം.എഫ്.എം.ഇ പദ്ധതിയുടെ കൺസൾട്ടന്റുമാരെ നിയമിക്കുന്നതിന് ജില്ലയിൽ താമസിക്കുന്നവരിൽ നിന്നും ജില്ലാ വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ ബയോഡാറ്റ സഹിതം ജില്ലാ വ്യവസായ കേന്ദ്രത്തിൽ നേരിട്ടോ ഇ-മെയിൽ മുഖേനയോ ഏപ്രിൽ 15 നു മുൻപ് സമർപ്പിക്കണം. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് : 0495 2766563,0495 2765770. ഇ-മെയിൽ: [email protected]

വാടകയ്ക്ക് നൽകുന്നു

കോഴിക്കോട് ബ്ലോക്ക്‌ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഇരിങ്ങല്ലൂർ വനിതാ വികസന കേന്ദ്രത്തിലെ താഴെ നിലയിലെ ഒരു മുറി, രണ്ടാം നിലയിലെ ഹാൾ എന്നിവ വാടകയ്ക്ക് നൽകുന്നു. വനിതാ സ്വയം സഹായ സംഘങ്ങൾക്കും, വനിതാ സംരംഭകർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി ഏപ്രിൽ 20. കൂടുതൽ വിവരങ്ങൾക്ക് : 04952430799

തിയ്യതി നീട്ടി

മത്സ്യഫെഡ് ദി ന്യൂ ഇന്ത്യ അഷൂറൻസ് കമ്പനിയുമായി ചേർന്ന് മത്സ്യത്തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് 2023 – 24 പദ്ധതിയിൽ അംഗമായി ചേരുന്നതിനുള്ള അവസാന തിയ്യതി ഏപ്രിൽ 28 വരെ നീട്ടി. മാർച്ച് 31നു ശേഷം ഏപ്രിൽ 28 വരെ അംഗമാകുന്നവർക്ക് ഏപ്രിൽ 29 മുതൽ മാത്രമേ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയുള്ളൂ. എല്ലാ ജില്ലാ മാനേജർമാരും ഏപ്രിൽ 28 വരെ ഈ പദ്ധതിയിൽ അംഗമായി ചേർന്നവരുടെ എണ്ണം അന്നേദിവസം വൈകിട്ട് 3 മണിക്കകം മത്സ്യഫെഡ് കേന്ദ്ര ഓഫീസിൽ അറിയിക്കണം. ഇ-മെയിൽ: [email protected] .കൂടുതൽ വിവരങ്ങൾക്ക്: 0495 2380344

അപേക്ഷ ക്ഷണിച്ചു

ചേളന്നൂർ ബ്ലോക്കിലെ എസ് വി ഇ പി പദ്ധതിയിൽ മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതകൾ: പ്ലസ് ടു പാസായ ചേളന്നൂർ ബ്ലോക്കിൽ സ്ഥിരതാമസക്കാരായ 25-45 വയസ്സുള്ള കുടുംബശ്രീ അംഗങ്ങളായ/കുടുംബാംഗങ്ങളായ/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായിരിക്കണം. അപേക്ഷകൾ ഏപ്രിൽ 20ന് 5 മണിക്ക് മുമ്പായി കുടുംബശ്രീ, ജില്ലാമിഷൻ സിവിൽ സ്റ്റേഷൻ, കോഴിക്കോട് 673020 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495-2373678

പി.എസ്.സി വിവിധ തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിച്ചു

പി.എസ്.സി വിവിധ തസ്തികകളിൽ ലഘുവിജ്ഞാപനം പുറപ്പെടുവിച്ചു. ജനറൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം: അസിസ്റ്റൻറ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി, ജൂനിയർ അസ്സേ മാസ്റ്റർ, പമ്പ് ഓപ്പറേറ്റർ, മെക്കാനിക്ക് ഗ്രേഡ് ll

ജില്ലാതലം: എൽപി സ്കൂൾ ടീച്ചർ (തമിഴ്), ഡ്രൈവർ കം മെക്കാനിക്ക്.

സ്പെഷ്യൽ റിക്രൂട്ട്മെൻറ് ( പട്ടികവർഗ്ഗക്കാർക്ക് മാത്രം) -സംസ്ഥാനതലം : ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് ll , ജൂനിയർ അസിസ്റ്റൻറ്.

ജില്ലാതലം: (പട്ടികജാതി/ പട്ടികവർഗ്ഗക്കാർക്ക് മാത്രം)- ലബോറട്ടറി അസിസ്റ്റൻറ്.

എൻ സി എ റിക്രൂട്ട്മെൻറ്: സംസ്ഥാനതലം: നാലാം എൻ സി എ വിജ്ഞാപനം അസിസ്റ്റൻറ് പ്രൊഫസർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് (എസ് സി), അസിസ്റ്റൻറ് പ്രൊഫസർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് (എസ് റ്റി), പതിനൊന്നാം എൻ സി എ വിജ്ഞാപനം ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ ജൂനിയർ (അറബിക്), അഞ്ചാം എൻ സി എ വിജ്ഞാപനം കെയർടേക്കർ (വനിത)
ജില്ലാതലം: പത്താം എൻ സി എ വിജ്ഞാപനം ഹൈസ്കൂൾ ടീച്ചർ (അറബിക്), രണ്ടാം എൻ സി എ വിജ്ഞാപനം ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉറുദു), ഒന്നാം എൻസിഎ വിജ്ഞാപനം ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് ll , ഒന്നാം എൻസിഎ വിജ്ഞാപനം ഫാർമസിസ്റ്റ് ഗ്രേഡ് ll (ആയുർവേദം), എട്ടാം എൻസിഎ വിജ്ഞാപനം പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (ഉറുദു), ഒന്നാം എൻസിഎ വിജ്ഞാപനം ലാസ്റ്റ് ഗ്രേഡ് സെർവെന്റ്സ് (വിമുക്തഭടന്മാർ മാത്രം).

പ്രായം 01.01.2023 അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്നതാണ്. വിജ്ഞാപനം 15.03.2023 ലെ അസാധാരണ ഗസറ്റിലും കമ്മീഷന്റെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷവും നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലൂടെയും ഓൺലൈനായി കമ്മീഷന്റെ വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ഏപ്രിൽ 19 ന് അർധരാത്രി 12 മണി വരെ. വെബ്സൈറ്റ്: www.keralapsc.gov.in

നെൽകൃഷി വിളവെടുപ്പ് നടത്തി

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തും തലക്കളത്തൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി പട്ടർ പാലം തുറക്കൂർ വയലിൽ കൃഷി ചെയ്ത നെല്ലിന്റെ വിളവെടുപ്പ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് തരിശുരഹിതമാക്കുന്നതിന്റെ ഭാഗമായാണ് നെൽകൃഷി നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനിൽകുമാർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാന രാരപ്പക്കണ്ടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവാനന്ദൻ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഹരിദാസൻ ഈച്ചരോത്ത്, സീന സുരേഷ്, ഐ പി ഗീത രാമചന്ദ്രൻ, പഞ്ചായത്ത് മെമ്പർമാർ, അഗ്രികൾച്ചർ ബ്ലോക്ക് അസിസ്റ്റന്റ് നിഷ തുടങ്ങിയവർ പങ്കെടുത്തു.

നവീകരിച്ച ചുഴലി ഹെൽത്ത് ആന്റ് വെൽനസ് സെന്റർ ഉദ്ഘാടനം ചെയ്തു.

നവീകരിച്ച ചുഴലി ഹെൽത്ത് ആന്റ് വെൽനസ് സെന്റർ ഉദ്ഘാടനം ചെയ്തു. നാഷണൽ ഹെൽത്ത് മിഷന്റെ ഏഴ് ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നവീകരിച്ചത്. ചുഴലിയിൽ നടന്ന ചടങ്ങിൽ വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി. പ്രദീഷ് ഉദ്ഘാടനം നിർവ്വഹിച്ചു.

സെന്ററിൽ മൂന്ന് ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭ്യമാവും. ജീവത ശൈലി രോഗങ്ങൾ, വിവിധ ഇനം ടെസ്റ്റുകൾ, രോഗീപരിചരണം മുതലായ സേവനങ്ങൾ സെന്ററിൽ ലഭിക്കും. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം കെ അശോകൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.പി. അംബുജം,വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.വിനോദൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എം. സുമതി, വി.പി. ശശിധരൻ, എ. കെ. രവീന്ദ്രൻ, കെ. പി. ഗോപാലൻ, കെ.കെ. വിജീഷ്, മെഡിക്കൽ ഓഫീസർ റോഷൻ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

റോഡ് ഉദ്‌ഘാടനം ചെയ്തു

വളയം ഗ്രാമപഞ്ചായത്തിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പണി പൂർത്തിയാക്കിയ വടക്കയിൽ മുക്ക് മൗവ്വഞ്ചേരി റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.പി പ്രദീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷ കെ കെ ഇന്ദിര അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം ദേവി, പി പി അനിൽ, രാജീവൻ തിരുവനേമ്മൽ എന്നിവർ സംസാരിച്ചു.

ഏറാമല പഞ്ചായത്ത് പ്ലാസ്റ്റിക് തരം തിരിക്കല്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

മഴക്കാലത്തും വേനലിലും ഹരിത സേനാംഗങ്ങള്‍ക്ക് പ്ലാസ്റ്റിക് ശേഖരിക്കാനും തരം തിരിക്കാനുമുള്ള സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി ഏറാമലയില്‍ നിര്‍മ്മിച്ച ആധുനിക പ്ലാസ്റ്റിക് തരംതിരിക്കല്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഓഫീസിന് സമീപം താത്കാലികമായുള്ള ഷെഡിലായിരുന്നു ഇതുവരെ മാലിന്യ സംസ്‌ക്കരണ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത്. 25 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പ്ലാസ്റ്റിക് തരം തിരിക്കല്‍ യൂണിറ്റിന്റെ ഉദ്ഘാടനം ഏറാമല പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി നിർവഹിച്ചു. ആധുനിക രീതിയില്‍ നിര്‍മിച്ച യൂണിറ്റിൽ അഗ്നിസുരക്ഷ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ. ദീപുരാജ് അധ്യക്ഷത വഹിച്ചു. എം.പി പ്രസീത, പറമ്പത്ത് പ്രഭാകരന്‍, ഷുഹൈബ് കുന്നത്ത്, സെക്രട്ടറി ഇ.ജി സജീവന്‍, മെമ്പര്‍മാരായ കെ.പി ബിന്ദു, ടി.കെ രാമകൃഷ്ണന്‍, ടി.എന്‍ റഫീഖ്, ടി.പി മിനിക, രമ്യ കണ്ടിയില്‍, സീമ തൊണ്ടായി, പ്രഭാവതി വരയാലില്‍, വി.കെ ജസീല, കെ. ലെതിന എന്നിവര്‍ സംസാരിച്ചു.

സുസ്ഥിര മാലിന്യ സംസ്കരണ ശില്പശാല സംഘടിപ്പിച്ചു.

വളയം ഗ്രാമപഞ്ചായത്തിൽ സുസ്ഥിര മാലിന്യ സംസ്കരണ ശില്പശാല സംഘടിപ്പിച്ചു. നവ കേരളം- വൃത്തിയുള്ള കേരളം, വലിച്ചെറിയൽ മുക്ത കേരള, ക്യാമ്പയിന്റെയും ആരോഗ്യ ജാഗ്രത 2023 – മഴക്കാലപൂർവ്വ ശുചീകരണ പ്രവൃത്തികളുടെയും ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. ശില്പശാലയുടെ ഭാഗമായി പഞ്ചായത്തിലെ 14 വാർഡുകളിലും പ്രത്യേക യോഗം ചേർന്ന് അൻപത് വീടുകൾക്ക് ഒന്ന് എന്ന നിലയിൽ ക്ലസ്റ്ററുകൾ രൂപീകരിച്ചു.

പൊതു ഇടങ്ങളിലും ജലാശയങ്ങളിലും മാലിന്യ നിക്ഷേപമില്ലെന്നു ഉറപ്പുവരുത്തും. എല്ലാ വാർഡുകളിലും ആരോഗ്യ ശുചിത്വ സമിതിയും ആരോഗ്യജാഗ്രത സമിതിയും രൂപീകരിക്കും. സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്തും. ക്ലസ്റ്ററടിസ്ഥാനത്തിൽ വാർഡിൽ നടത്തുന്ന പ്രവർത്തനങ്ങൾ അതാത് ദിവസം ജില്ലാ വാർ റൂമിൽ റിപ്പോർട്ട് ചെയ്യാനും ശില്പശാലയിൽ തീരുമാനിച്ചു.

പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ജൈവമാലിന്യം ഉറവിടത്തിൽ സംസ്കരിക്കണം. അജൈവ മാലിന്യം വൃത്തിയാക്കി തരം തിരിച്ച് ഹരിത കർമ്മ സേനക്ക് കൈമാറുന്നുവെന്ന് ഉറപ്പു വരുത്തും. ഹരിത കർമ്മ സേനക്ക് മാലിന്യം കൈമാറാത്തവർക്കെതിരെ നോട്ടീസ് നൽകുകയും പിഴ ഇടാക്കുകയും ചെയ്യും. പിഴ അടക്കാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.

പദ്ധതിയുടെ ഭാഗമായി വളയം ടൗൺ, കല്ലുനിര, ചുഴലി എന്നിവിടങ്ങളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി. ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, ക്ലബ്ബ് പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, വ്യാപാരികൾ, ഹരിതസേന അംഗങ്ങൾ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.

വായിച്ച് അറിവ് നേടാം: സ്കൂളുകൾക്കും ഗ്രന്ഥശാലകൾക്കും പുസ്തകങ്ങൾ വിതരണം ചെയ്തു

സ്കൂളുകൾക്കും ഗ്രന്ഥശാലകൾക്കും അനുവദിച്ച പുസ്തകങ്ങൾ വിതരണം ചെയ്തു. വിതരണത്തിന്റെ ഉദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എം. എൽ. എ നിർവഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എ ചന്ദ്രൻ മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങി. കേരള നിയമസഭയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നിന്നും എംഎൽഎയുടെ പ്രാദേശിക വികസന നിധി ഉപയോഗിച്ചാണ് പുസ്തകങ്ങൾ വാങ്ങിയത്.

കോഴിക്കോട് നോർത്ത് നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട 13 ഗ്രന്ഥശാലകൾക്കും, അഞ്ച് ഹയർ സെക്കണ്ടറി സ്കൂളുകൾക്കുമാണ് പുസ്തകം വിതരണം ചെയ്തത്. 2,10000 രൂപയാണ് ഇതിനായി അനുവദിച്ചത്.

നടക്കാവ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ കോഴിക്കോട് കോർപ്പറേഷൻ വിദ്യാഭ്യാസ -കായിക സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ രേഖ സി അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എ.പ്രദീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. സുരേഷ് ബാബു, നോർത്ത് മണ്ഡലം സെക്രട്ടറി പി നിഖിൽ, നടക്കാവ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ബാബു തുടങ്ങിയവർ സംസാരിച്ചു. ഗ്രന്ഥശാലാ പ്രതിനിധികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

പുഷ്പഗിരി സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്‌ പുഷ്പഗിരിയിൽ പുതുതായി നിർമിച്ച ആധുനിക സംവിധാനങ്ങളോടു കൂടിയ സ്മാർട്ട്‌ അങ്കണവാടിയുടെ ഉദ്ഘാടനം ലിന്റോ ജോസഫ് എം എൽ എ നിർവഹിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡൻ്റ് ശ്രീമതി മേരി തങ്കച്ചൻ, ഗ്രാമപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ് മാവറ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എസ് രവീന്ദ്രൻ, വാർഡ് മെമ്പർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു. കെ വി ജോസ് മാസ്റ്റർ സ്വാഗതഹവും ഐ സി ഡി എസ് സൂപ്പർവൈസർ ഫസ്‌ലി പി കെ നന്ദിയും പറഞ്ഞു.

‘എന്റെ കേരളം’ പ്രദർശന വിപണന മേള: ഒരുക്കങ്ങൾ പുരോ​ഗമിക്കുന്നു

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിൽ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ‘യുവതയുടെ കേരളം, കേരളം ഒന്നാമത്’ എന്ന വിഷയത്തിൽ മെയ് 12 മുതൽ 18 വരെ കോഴിക്കോട് ബീച്ചിലാണ് മേള സംഘടിപ്പിക്കുന്നത്.

മേളയുടെ സുഗമമായ നടത്തിപ്പിനായി 16 സബ് കമ്മിറ്റികൾ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. എം.എൽ.എമാരുടെ അധ്യക്ഷതയിൽ വിവിധ സബ്കമ്മിറ്റികൾ യോ​ഗം ചേർന്ന് പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.

സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമ നേട്ടങ്ങൾ, വിവിധ മേഖലകളിൽ നേടിയ മുൻനിര അംഗീകാരങ്ങൾ, ക്ഷേമ വികസന സംരംഭങ്ങൾ എന്നിവ പ്രമേയമാക്കിയുള്ള പ്രദർശനങ്ങളും വിവിധ വകുപ്പുകളുടെ സേവനങ്ങൾ, പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ ലഭ്യമാക്കുന്ന സ്റ്റാളുകളും മേളയിൽ ഉണ്ടാകും. കൂടാതെ, വാണിജ്യ സ്റ്റാളുകളും മേളയുടെ ഭാഗമാകും.

ഐടി മേഖലയിൽ സംസ്ഥാനം നേടിയ വളർച്ച വ്യക്തമാക്കുന്ന ഐടി അധിഷ്ഠിത പ്രദർശനം, ടൂറിസം, കൃഷി, വ്യവസായം, വിദ്യാഭ്യാസം മേഖലയിലെ പുരോഗതി വ്യക്തമാക്കുന്ന പ്രത്യേക പവിലിയൻ എന്നിവ മേളയുടെ ആകർഷണമാകും. സഹകരണ വകുപ്പും മേളയിൽ അണിനിരക്കും. ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയ പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികളും സാംസ്‌കാരിക പരിപാടികളും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്.

കരുതലും കൈത്താങ്ങും: താലൂക്ക് അദാലത്തിൽ ഏപ്രിൽ 15 വരെ പരാതി സമർപ്പിക്കാം

പരാതികൾ പൂർണമായി സൗജന്യമായി നൽകാം

പരാതികളും അപേക്ഷകളും സ്വീകരിക്കാൻ താലൂക്ക് അദാലത്ത് സെന്ററിലും വെബ്‌സൈറ്റിലും സൗകര്യം

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കരുതലും കൈത്താങ്ങും എന്ന പേരിൽ നടത്തുന്ന പരാതി പരിഹാര അദാലത്തിൽ പൊതുജനങ്ങൾക്ക് പരാതി സമർപ്പിക്കുവാനുള്ള സമയപരിധി ഏപ്രിൽ 15 വരെ ദീർഘിപ്പിച്ചു. പരാതികൾ പൂർണമായും സൗജന്യമായി സമർപ്പിക്കാം. ഏപ്രിൽ, മെയ് മാസങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിലാണ് അദാലത്തുകൾ നടക്കുക.

പരാതികൾ നേരിട്ട് താലൂക്ക് അദാലത്ത് സെല്ലുകൾ വഴിയും www.karuthal.kerala.gov.in എന്ന പോർട്ടൽ മുഖാന്തരവും സമർപ്പിക്കുന്നതിനു സൗകര്യം ഏർപ്പെുടത്തിയിട്ടുണ്ട്. ഇതു പൂർണമായും സൗജന്യമാണ്. അക്ഷയ കേന്ദ്രങ്ങൾ വഴി പരാതി സമർപ്പിക്കുമ്പോൾ 20 രൂപ സർവീസ് ചാർജ് ഇടാക്കും. പൊതുജനങ്ങളിൽനിന്നു പരാതികൾ നേരിട്ടു സ്വീകരിക്കുന്നതിനായി താലൂക്ക് തലത്തിൽ താലൂക്ക് അദാലത്ത് സെല്ലും ലഭിക്കുന്ന പരാതികൾ പരിശോധിക്കുന്നതിനായി വകുപ്പുതലത്തിൽ ജില്ലാ അദാലത്ത് സെല്ലും പരാതിയിന്മേലുള്ള നടപടി നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ തല അദാലത്ത് മോണിറ്ററിംഗ് സെല്ലുകളും പ്രവർത്തിക്കും.

ഭൂമി സംബന്ധമായ വിഷയങ്ങൾ (അതിർത്തി നിർണ്ണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം), സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം നിരസിക്കൽ, തണ്ണീർത്തട സംരക്ഷണം, ക്ഷേമ പദ്ധതികൾ ( വിവാഹ/പഠന ധനസഹായം ക്ഷേമ പെൻഷൻ മുതലായവ), പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, സാമൂഹ്യ സുരക്ഷ പെൻഷൻ കുടിശ്ശിക ലഭിക്കുക, പെൻഷൻ അനുവദിക്കുക, പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌ക്കരണം, തെരുവ് നായ സംരക്ഷണം/ശല്യം, അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്, തെരുവുവിളക്കുകൾ, അതിർത്തി തർക്കങ്ങളും, വഴിതടസ്സപ്പെടുത്തലും, വയോജന സംരക്ഷണം, കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി), പൊതുജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷൻ കാർഡ് (എപിഎൽ/ബിപിഎൽ)ചികിത്സാ ആവശ്യങ്ങൾക്ക്, വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം, വിവിധ സ്‌കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികളും നിവേദനങ്ങളും അദാലത്തിൽ നൽകാം.

വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം, കൃഷിനാശത്തിനുള്ള സഹായങ്ങൾ, കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ, മത്സ്യ ബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക, ബുദ്ധി, മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ, എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളും അദാലത്തിൽ പരിഗണിക്കും.